Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

മണ്ണിര


ഇഴഞ്ഞിഴഞ്ഞാണെങ്കിലും
ചൂണ്ടമുനയിൽ ഒടുങ്ങാനുള്ളതെങ്കിലും
ഇരയെന്നെന്നെ വിളിക്കരുത്
ഇര
എന്റെ പേരല്ല
ജാതിപ്പേരുമല്ല
വിളിപ്പേരു പോലുമല്ല
ആയിരത്താണ്ടുകൾ മടുക്കാതെ
വളഞ്ഞിഴഞ്ഞെന്നെ പിന്തുടരുന്ന
ഒരു നേരാണ്

ഞാനെങ്ങനെ ഉറങ്ങാനാണ്!


മുറ്റത്ത് മുത്തങ്ങകളും തുളസിക്കാടും
പടർന്നിട്ടുണ്ടാവും

പത്രക്കാരനെയും പോസ്റ്റുമാനെയും
കാത്തുകാത്തിരുന്ന്
ചരൽ വിരിച്ച ഊടുവഴിയ്ക്ക്
മടുത്തിട്ടുണ്ടാവണം

ടീപ്പോയിൽ ഒരുത്സവക്കടലാസിന്മേൽ
വിശ്രമിക്കുന്ന ചില്ലു കണ്ണടയ്ക്ക്
വായിച്ചു വായിച്ചു ചെടിച്ചിരിയ്ക്കും

"ഒന്നു തുറക്കൂ, ഒരിറ്റു ശ്വാസം വലിച്ചോട്ടെ,
മുറുകി മരവിച്ച ഞങ്ങളുടെ പേശികൾ
ഒന്നു നിവർത്തി നിന്നോട്ടെ" എന്ന്
മച്ചും വാതിലുകളും അലമാരകളും
കരയുന്നുമുണ്ടാവണം.

"ഇതെന്തൊരു പുഴുക്കമാണ്!"
ഉറക്കത്തിലാരോ പിറുപിറുക്കുന്നുണ്ട്.

"ഇതെന്തൊരു മുഷിച്ചിലാണ്!"
അങ്ങേ ലോകത്തു നിന്ന് മറ്റാരോ

ഞാനെങ്ങനെ ഉറങ്ങാനാണ്!

ഈ ചങ്ങാടം പണി തീർത്തെടുക്കണം
ഇരുട്ടു മാറാത്ത ഓർമ്മത്തുരുത്തിൽ നിന്നും
ഏതോ വൻകരയിലേക്ക് തുഴഞ്ഞു പോണം
ആരെയൊക്കെയോ പരിചയമാവണം
ഇത്രനാളും രുചിച്ചിട്ടേയില്ലാത്ത
ആഹാരം കഴിച്ച് വിശപ്പടക്കണം
തിരിച്ചറിവില്ലാത്ത ഒരു മണൽപ്പുറത്ത്
മലർന്നു കിടക്കണം.
പരിചിതമല്ലാത്ത വാക്കുകളുടെ, നോക്കുകളുടെ
വെള്ളക്കമ്പിളി പുതച്ച് മറന്നുറങ്ങണം.

അതു വരെ ഞാനെങ്ങനെ ഉറങ്ങാനാണ്!

വെയിൽ

ഉറക്കത്തിൽ, ഉണർവ്വിൽ, ഉന്മാദത്തിൽ,
ദിവസേന പറഞ്ഞു തീർക്കാതെ അവസാനിപ്പിച്ച
സ്വപ്നക്കഥകളിൽ,അവയുടെ ഇടവേളകളിൽ,
വായനയ്ക്കും നെടുവീർപ്പിനുമിടയിൽ,
കുട്ടികളോടൊപ്പമുള്ള പൊട്ടിച്ചിരിയുടെ വക്കിൽ,
മുന്നറിയിപ്പുകളില്ലാതെ
ഓലക്കീറുകൾക്കിടയിലൂടെ
അച്ഛന്റെ വെളിച്ചം
പുരയ്ക്ക്ക്കുള്ളിലേക്കു അരിച്ചിറങ്ങാറുണ്ട്.

ഞാനിപ്പോഴും ഉമ്മറപ്പടിയിൽ കാത്തിരിക്കുകയാണ്,
വെയിലു കായാൻ മോഹിച്ച്.

അച്ഛൻ ഇപ്പോഴും

മേഘ ങ്ങ ൾക്കിടയിലൂടെ
സഞ്ചരിക്കുകയാവണം.

സ്വാതന്ത്ര്യത്തിന്റെ പര്യായപദങ്ങൾ

“സ്വാതന്ത്ര്യത്തിന് രണ്ടു പര്യായങ്ങൾ പറയമ്മേ”
ഹോംവർക്കിനിടയിലെ രണ്ടാം തരക്കാരിയുടെ ആവശ്യമാണ്.

അടുപ്പിൽ തിളയ്ക്കുന്ന സാമ്പാറിലേക്കും
ഒക്കത്തെ മോൾടെ കണ്ണിലെ നനവിലേക്കും
സുനാമിയായി വിഴുങ്ങാൻ പുറത്ത്
വിജ്രുംഭിച്ചു നിൽക്കുന്ന ഇരുട്ടിലേക്കും നോക്കി

ഒരു പതർച്ച.

സ്വാതന്ത്ര്യത്തിന്റ്റെ പൊരുൾ തേടി
ഈ രാത്രി എവിടേയ്ക്കു പോകാനാണ്?

വായിച്ചു മറന്ന കവിതകളിൽ
കേട്ടു മരവിച്ച ക്ലീഷേകളിൽ
വിഷപ്പുക വിഴുങ്ങി മരിച്ചവരുടെ സ്വപ്നങ്ങളിൽ
ചരിത്രത്തിന്റെ കുഴിമാടങ്ങളിൽ
പഴയ നോട്ടുപുസ്തകങ്ങളിൽ കുറിച്ചിട്ട മഹദ്വചനങ്ങളിൽ
വരികൾക്കിടയിൽ ഫോസിലുകളാക്കപ്പെട്ട നാനാർഥങ്ങളിൽ
എവിടെയാണ് ചികയേണ്ടത്?

ഉഷ്ണജീവിതത്തോട് കലഹിച്ച്
കുടുംബം വെടിഞ്ഞ ഗൗതമന്റെ പുഞ്ചിരിയ്ക്ക്
സ്വാതന്ത്ര്യത്തിന്റെ മുഖഛായയാണ്.
"അമ്മ കണ്ടിട്ടുണ്ടോ ഈ ഗൗതമനെ?
അല്ലെങ്കിൽ മുത്തശ്ശനെങ്കിലും ...."
അതിനെന്താണ് ഉത്തരം പറയുക?
വേണ്ട.

വിശക്കുന്നവന് അപ്പവും
തണുത്തു വിറയ്ക്കുന്നവന്
പുതപ്പും സ്വാതന്ത്ര്യത്തിന്റെ
പര്യായങ്ങളാണ് എന്നൊക്കെ പറഞ്ഞ് തടി തപ്പിയാലോ!
അതവൾക്കു മനസിലാവുമോ!

വിരൽവേരുകൾ വളർന്നിറങ്ങി
ഭിത്തി വിണ്ടു കീറിയ മൂത്രപ്പുരയിൽ നിന്നും
ചങ്ക് കീറി കുതറി പൊങ്ങിയ
ഒരു നിലവിളിയാണ് സ്വാതന്ത്ര്യം എന്ന് പറഞ്ഞാലോ!
വേണ്ട - വെറും കുഞ്ഞാണവൾ.

ചോരയും വിയർപ്പും കയ്പ്പുനീരും വെറുപ്പും കലരാത്ത
പര്യായങ്ങളൊന്നും ഇല്ലെന്നാണോ?
കുട്ടിക്കഥകളുടെ നൈർമല്യമുള്ള ഒരെണ്ണം.
മരുന്നിന്?

“അമ്മേ! പര്യായം!!”
മകൾ കാണാതെ
നഗ്നമായ മനസിനു മുകളിൽ
പുഞ്ചിരിപ്പുതപ്പിട്ടു.

“ഇല്ല മോളേ, സ്വാതന്ത്ര്യത്തിന് പര്യായ പദങ്ങളില്ല.”

മൂന്നു മുലച്ചി

വീട്ടിലെ ഘോഷം കണ്ടാൽ
പുത്തൻ പെണ്ണു വന്നതാണെന്നേ തോന്നൂ.
ടാക്സി കാറിൽ അന്തസ്സോടെ.
നാലാൾക്കാരുടെ അകമ്പടിയോടെ.

അമ്മ ആവേശത്തിൽ
അടുക്കള സ്ലാബു തുടയ്ക്കുന്നു.
നാരങ്ങാവെള്ളം വിളമ്പുന്നു
അഛൻ അഭിമാനത്തോടെ
നിർദ്ദേശ്ശങ്ങൾ കൊടുക്കുന്നു.

അകമ്പടിക്കാരിൽ ഒരുവൻ
പെട്ടിയിൽ നിന്നുയർത്തി
ഉയരത്തിൽ ഇരുത്തുന്നു.

പ്ലാസ്റ്റിക്ക് പുതപ്പ്,
പുതുമയുടെ മിനുപ്പ്‌,
പളപളപ്പ്.

“പളപളപ്പിനു പിന്നിൽ
പാരിസ്ഥിതിക പ്രശ്നങ്ങളുമുണ്ടാവാ”മെന്ന്
പരിഷത്തിലെ ബാബുവണ്ണൻ
ഓർമ്മിപ്പിക്കുന്നു.

“പക്ഷേ പണിയെടുക്കുന്നതു പെണ്ണുങ്ങളല്ലേ!
അവർക്കിതന്നെ നല്ലത്”
അമ്മ തർക്കുത്തരം തൊടുക്കുന്നു.
ബാബുവണ്ണൻ ഇനി മിണ്ടില്ല.

ആള്‍ക്കാര്‍ എത്തും മുന്നേ
മൂന്നുമുലച്ചിയെ
ചായ്പ്പിലേക്കയച്ചിരുന്നു.
നാണക്കേട്!

തിണ്ണയിൽനിന്നും
അവളുടെ കരിമൂടിയ മുഖം
അടുക്കളയിലേക്ക്
എത്തി നോക്കുന്നുണ്ടോ?

“ഇന്നു ഞാൻ നാളെ നീ”
എന്നാരും കേൾക്കാതെ
പിറുപിറുക്കുന്നുണ്ടോ?

അവൾക്ക് നാളെ മുതൽ
ചൂടു വെള്ളവും
കട്ടനും കരിങ്ങാലിയും
അനത്തലാണ് പണി.
രാത്രിക്കു കൂട്ടിരിക്കാൻ
ചൂട്ടും കൊതുമ്പും
സാംബ്രാണിയുടെ കുഴലും.

വിണ്ടുകീറിയ മുഖം
കനലു കെട്ടുപോയ നെഞ്ചിലേക്ക് ആഴ്ത്തി
ചായ്പ്പിലിരുന്നു കരയുന്നുണ്ടാവും.

കരയട്ടെ.
കണ്ണീരിൽ മുഖത്തെ
കരിയൽ‌പ്പം കഴുകിപ്പോകട്ടെ.

ചുണയില്ലാത്തോളെ,
ചന്തം കെട്ടവളെ,

ഇവിടാർക്കു വേണം?

മറവി

വാന്‍ സെമിത്തേരി മുക്കില്‍ എത്തിയപ്പോഴാണ് ഓര്മ വന്നത്
കണ്ണീരായി അണിയാന്‍ മുത്തു മണികള്‍ എടുത്തു വയ്ക്കാമായിരുന്നു
എന്ത് ചെയ്യാം !
തിരിച്ചു പോകാന്‍ ഒരു ശരീരം ഇല്ലാതായിപ്പോയി!

പ്രണയ പാഠങ്ങള്‍

വീടു വിട്ടു പോകും മുമ്പ്
പ്രണയത്തിന്‍റെ
പ്രഥമ പാഠങ്ങള്‍
പഠിപ്പിച്ചു തരാം.

കരച്ചില്‍ പൊട്ടിയാലും
കരളു പൊട്ടിയാലും വേണ്ടില്ല,
കാതു കൂര്‍പ്പിച്ചു കേള്‍ക്കണം.

പ്രണയം ഒരു സമുദ്രമാണെന്ന്
ഞാന്‍ മുമ്പ് പറഞ്ഞിരുന്നല്ലോ

അതിലെ ആവേശത്തിന്‍റെ
തിരമാല  മുറിച്ചു വരുന്നവര്‍ക്ക്
ചുംബിക്കാന്‍ ഒരു ചുണ്ടു മാത്രം
കൊടുക്കണം

അടപ്പൂരി കൈയിലൊളിപ്പിച്ചിട്ട്
പേന കടം കൊടുക്കുന്ന പോലെ.

മറുചുണ്ടിനായി അവര്‍
വീണ്ടും വീണ്ടും വരണം.

രതിയുടെ പക്കമേളത്തിന്
കിതപ്പു കൂട്ട്.

കിനാവുകള്‍ ഭദ്രമായി
കിടപ്പു മുറിയില്‍
പൂട്ടി വയ്ക്കണം.

അത് പോലെ
നീലക്കണ്ണുകളില്‍ ആഴത്തില്‍ നോക്കി
പുഞ്ചിരിച്ചു നില്‍ക്കുമ്പോള്‍
കണ്ണുകള്‍ ചിമ്മിയിരിക്കാനും
ചുണ്ടുകള്‍ മുകളിലേയ്ക്ക് വിടര്‍ന്നു നില്‍ക്കാനും
പ്രത്യേകം പറയണ്ടല്ലോ.

പിരിയുമ്പോള്‍ ഓര്‍മ്മിക്കാന്‍
ഹൃദയത്തിന്‍റെ ഒരു പകര്‍പ്പ്.
മിടിപ്പും തുടിപ്പും
ഒരു കാരണവശാലും
പകര്‍ത്തരുത്.

ഇത്രയൊക്കെയേ ഉള്ളൂ,
അറിയാനും പകരാനും.

ചെക്ക്ബുക്കിനു പകരം
ചെവി മുറിച്ചു കൊടുത്തെന്ന
പഴി കേള്‍പ്പിക്കാന്‍
ഇട വരുത്തരുത്.

മടക്കത്തില്‍ ദക്ഷിണ മറക്കണ്ട.

നിനക്കറിയാലോ,
എനിക്ക് ഹോബിയാണ്,
നെടുവീര്‍പ്പുകള്‍
ശേഖരിക്കുന്നതെന്ന്.

ബെര്‍ത്ത് സര്‍ട്ടിഫിക്കറ്റ്

പിഞ്ഞിത്തുടങ്ങിയ
ഈ കടലാസിലേക്ക്
ഒന്നു സൂക്ഷിച്ചു നോക്കണം സാര്‍

തഹസീല്‍ദാറിന്‍റെ
റബ്ബര്‍സീലിന്‍റെ അടയാളം
നെഞ്ചിന്‍കൂടിന്‍റെ രൂപത്തില്‍
ഇപ്പോഴും ഉയര്‍ന്നു നില്‍ക്കുന്നുണ്ട്.

വില്ലേജാപ്പീസറുടെ
കൈയൊപ്പ് ദാ, കാല്‍ഞരമ്പു പോലെ
വളഞ്ഞുപുളഞ്ഞിട്ട്.

അച്ഛനമ്മമാരുടെ പേരുകള്‍ ഇതാ ഇവിടെ.
പരേതാത്മാക്കളായിട്ട്,
ചിലയിടങ്ങളില്‍ തെളിഞ്ഞിട്ട്,
അങ്ങിങ്ങു മങ്ങിയിട്ടും.

നിറം മങ്ങി മടങ്ങിയ ഈ കടലാസിലെ
പൂപ്പലിനു പോലും
ചരിത്രത്തിന്‍റെ നേരിയ ചുവയുണ്ട്.

അതില്‍ ക്വിറ്റ് ഇന്ത്യയുടെ,
കാവുമ്പായിയുടെ,
അടിയന്തിരാവസ്ഥയുടെ ഒക്കെ
ഇരമ്പലുകളുടെ ഓര്‍മ്മകളാണ്

ഒഴിഞ്ഞ കടല്‍ ശംഖുകള്‍
തിരയടികള്‍ അയവിറക്കാറുണ്ടല്ലോ,
അതു പോലെ.

സാര്‍ ഇവിടേയ്ക്ക് ഈയിടെ
സ്ഥലം മാറി വന്നതാണെന്നു തോന്നുന്നു.

ആ കാണുന്ന പൊടി മൂടിയ
ബിഗോണിയ ചെടികളോടും
ആള്‍ക്കാര്‍ തിങ്ങിയൊതുങ്ങി കാത്തിരിക്കുന്ന
ഓഫീസ് ബഞ്ചുകളോടും
ഓടിത്തളര്‍ന്നിട്ടും പരാതി ഭാവിക്കാതെ
വേനല്‍ച്ചൂടിനോട് സമരം ചെയ്യുന്ന
ഖൈത്താന്‍ പങ്കകളോടും
ഒന്നു ചോദിച്ചു നോക്കണം സാര്‍.

അവര്‍ക്കൊക്കെ എന്നെ
നല്ല പരിചയമാണ്.

സിഗററ്റു കുറ്റികളും മുറുക്കാന്‍ കറയും വീണ
ഈ മൊസൈക്കു തറയാകട്ടെ
പൊട്ടിത്തുടങ്ങിയിട്ടു പോലും
എന്‍റെ കാലൊച്ച കേട്ടാലുടനെ
ശബ്ദം താഴ്ത്തി കുശലം ചോദിക്കും.

കാലവും തഴമ്പുകളും
മായ്ക്കാന്‍ മറന്ന
എന്‍റെ വിരല്‍പ്പാടുകള്‍
എവിടെ വേണമെങ്കിലും
പതിപ്പിച്ചു തരാമെന്ന്
ഞാന്‍ ആണയിട്ടു പറഞ്ഞിരുന്നല്ലോ.

എന്നിട്ടും എന്തിനാണു സാര്‍
എന്‍റെ ജനനത്തിന്
യാതൊരു തെളിവുമില്ല
എന്നു പിന്നെയും പറയുന്നത്?

ട്രാഫിക് ജാം

 ഒരു കവിത. ഇതാരുടെയും തനിപ്പകര്‍പ്പല്ല. ഒരു പക്ഷെ  ഞാനടക്കം നമ്മില്‍ ഒരുപാട് പേരുടെ ശരാശരി എടുത്താല്‍ ഇതിലെ കഥാപാത്രത്തെ കണ്ടെത്താന്‍ ആയേക്കും. ഇന്‍ഫര്‍മേഷന്‍ ഉണ്ടായിരിക്കുകയും എന്നാല്‍ തനിക്ക് "ഉപകാരം"  ഇല്ലാത്തതിനെ കണ്ടില്ലെന്ന്‍ നടിക്കുകയും ചെയ്യുന്ന, ഇന്‍ഫര്‍മേഷന്‍ ഏജിലെ ഒരു ഇടത്തരക്കാരന്‍. ഇത് കവിതയാണോ അതോ കഥയാണോ അല്ല രണ്ടും  കെട്ട  നപുംസകമാണോ എന്നൊന്നും നിശ്ചയം ഇല്ല. 



റേഡിയോ പാടുന്നുണ്ട്.



കാമുകനെ പിരിഞ്ഞവളുടെ
വിരഹം, തേങ്ങല്‍.
ജെന്നിഫര്‍ ലോപ്പെസ്, അലെയ്ഷാ കീയ്സ്, 
സെലീന്‍ ഡിയോണ്‍.. ആരോ!
ആര്‍ക്കറിയാം!


എയര്‍കണ്ടീഷണറുടെ മൂളല്‍
അലോസരപ്പെടുത്തുന്നുണ്ട്.
ഇടയ്ക്ക് അവതാരകന്‍ വരുന്നു.
വാര്‍ത്തകളും കാലാവസ്ഥയും
പങ്കു വയ്ക്കുന്നു,
തമാശകള്‍ ആവര്‍ത്തിക്കുന്നു, മടങ്ങുന്നു.


ഇനി രണ്ടു മിനിട്ട് പരസ്യങ്ങള്‍


മുന്നിലുള്ള കാറുകളിലൊന്നില്‍ നിന്ന്
ആരോ എത്തിയെത്തി നോക്കുന്നു.


ചാനല്‍ മാറ്റുന്നതാണ് നല്ലത്.
ക്ലാസിക്കല്‍ സ്റ്റേഷനായിക്കോട്ടെ.


ഒരു ഫയര്‍ എന്‍ജിന്‍
വടക്കോട്ട് അലച്ചു പാഞ്ഞു.
കാറിനോ ബസിനോ
അതല്ലെങ്കില്‍ ഏതോ വീടിനോ
തീ പിടിച്ചു കാണണം.


ഈയിടെയായി മുടിഞ്ഞ ട്രാഫിക്കാണ്!


ബെത്തോവന്‍റെ
"ഒമ്പതാം സിംഫണി" കഴിഞ്ഞു.
അവതാരകന്‍
സംഗീതത്തിന്‍റെ ചരിത്രം വിവരിക്കുന്നു.
ഇടിമുഴക്കം വന്ന് അടക്കം പറയുന്ന പോലെ.


ഇനി "ഗോള്‍ഡ്ബെര്‍ഗ് വേരിയേഷനു"കളാണ്.


കുറെയേറെ മുന്നിലുള്ള
ചില കാറുകളില്‍ നിന്ന്
ആരൊക്കെയോ എവിടേയ്ക്കോ
ഇറങ്ങി ഓടുന്നുണ്ട്.


എന്താണാവോ!


അമേരിക്കയിലെ സ്റ്റേഷനുകളില്‍
ക്രിക്കറ്റ് വാര്‍ത്തകളുണ്ടായിരുന്നെങ്കില്‍!
അന്ന് കോളേജിനടുത്ത് കട്ടാങ്കലില്‍
കളിക്കാന്‍ പോയത്
ഓര്‍മ്മ വരുന്നുണ്ട്.


ശശാങ്കന്‍ മാഷ് മരിച്ച ദിവസം‍.
ബസ്സ് കയറി. ചതഞ്ഞ്.
ഭാഗ്യത്തിന് കളി മുടങ്ങിയില്ല.
അന്നാണ് ടൂര്‍ണമെന്‍റ് നേടാനായത്.


ബോസിന്‍റെ അഭിപ്രായം
ക്രിക്കറ്റ് ഒരു മണ്ടന്‍ കളിയാണെന്നാണ്.
സായിപ്പല്ലേ!
ഒന്നു കളിച്ചു നോക്കാന്‍ 
വെല്ലുവിളിക്കാനാണ് തോന്നിയത്.
എന്തിനാ വെറുതേ...


ഓഫീസില്‍ ഇന്നും വൈകിയേക്കും.


തെക്കോട്ട് ഒരാംബുലന്‍സ്
ഓരിയിട്ടു പാഞ്ഞു.
പിന്നാലെ മറ്റൊന്ന്,
പിന്നെ മറ്റൊന്ന്, മറ്റൊന്ന് ...


ശവമടക്കിന്
മഞ്ചത്തിനു പിന്നാലെ
ആര്‍ത്തലച്ചു കരഞ്ഞു
പിന്തുടര്‍ന്നോടുന്ന
പെണ്ണുങ്ങളെ പോലെ!


ട്രാഫിക് നിരങ്ങി നീങ്ങിത്തുടങ്ങി.
നന്നായി.
സ്റ്റേഷന്‍ മാറ്റി നോക്കാം
ബ്ലൂംബെര്‍ഗ് വാര്‍ത്തകളായിക്കോട്ടെ.


ഓഹരി വിപണി തുറക്കാന്‍
ഇനി അധിക നേരമില്ല.

മേല്‍മീശ

അന്ന് സീനിയര്‍ "ഭീമന്‍" സുനിലിന്‍റെ മുന്നില്‍
മേല്‍മീശ വടിച്ച്, തല കുനിച്ച്,
ഓച്ഛാനിച്ചു നില്‍ക്കുമ്പോള്‍
എന്തൊരു നാണക്കേടായിരുന്നു!

ഇപ്പോ മാനേജര്‍ സായിപ്പിന്‍റെ മീറ്റിങ്ങിന്
കൂടെക്കൂടെ തലകുലുക്കിയിരിക്കുമ്പോള്‍
മീശയില്ലാത്ത എനിക്ക്
എന്തെന്നില്ലാത്ത അഭിമാനം തോന്നുന്നു.

കാലത്തിന്‍റെ ഓരോരോ തമാശകളേ!



  • കോണ്‍ടെക്സ്റ്റ്: മാര്‍ച്ച് 15, 2010 - ന് ഓഫീസിലിരുന്ന് എഴുതേണ്ടി വന്നത്
  • ഡിസ്ക്ലെയിമര്‍: ഇതിലെ നായകന്‍ ഞാനല്ല, എനിക്കു നല്ല വീരപ്പന്‍ മീശയുണ്ട്.
  • ഇന്‍സ്പിറേഷന്‍: "ബസ്" യാത്രയ്ക്കിടയില്‍ ആരോ മീശയെപ്പറ്റി പറയുന്നത് കേട്ടു.

പെണ്ണ്

ഞാന്‍ അബലയായിരുന്നില്ലല്ലോ

എന്‍റെ പേശികളില്‍ നിന്ന് ചോരയും
നെഞ്ചില്‍ നിന്ന് മുലപ്പാലും
വറ്റിപ്പോകുമ്പോള്‍

നീയല്ലേ ചപലയെന്നും
അബലയെന്നും
എനിക്കായി
കവിതയെഴുതിയത്?

നിലവിളക്കെന്ന് വിളിച്ച്
അകത്തളത്തില്‍
യക്ഷികള്‍ക്കൊപ്പം
കുടിയിരുത്തിയത്?

അമ്മേ എന്ന് വിളിച്ച
നാവുകള്‍ കൊണ്ട്
വയറു തുളച്ചു വന്നവരുടെ
അമ്മയാണ് ഞാന്‍

പഴികള്‍ തിന്നിരിക്കുന്ന
ചിലന്തിപ്പെണ്ണ്!

എനിക്ക് വേണ്ടത്
പൂജാദ്രവ്യങ്ങളോ പൂക്കളോ
വീതിച്ചു നല്‍കപ്പെട്ട
വോട്ടുകളോ ആയിരുന്നില്ല.

മുലപ്പാലിന്‍റെ നന്ദി.
കരി മൂടിയ തഴമ്പുകള്‍ക്ക് തലോടല്‍
തലയുയര്‍ത്തി നില്‍ക്കുമ്പോള്‍
ഒരു കൈത്താങ്ങ്.

ഞാന്‍ മൈഥിലിയല്ല.
വേണമെങ്കില്‍
കണ്ണകിയെന്ന് വിളിച്ചോളൂ.
എന്‍റെ കണ്ണീരിലെ ചോരപ്പാട്
തിരിച്ചറിഞ്ഞ കണ്ണന്റെ കൂട്ടുകാരി.

ചിരിക്കണ്ട, ഞാന്‍ സാവിത്രിയല്ല
വെറും പെണ്ണ്.

ഭൂമി പിളര്‍ന്ന് മറഞ്ഞ
ഗതികെട്ടവള്‍ക്കു മുന്നില്‍
പുഞ്ചിരിയൊതുക്കി
നില്‍ക്കുന്നവന്‍റെ
പേക്കിനാവ്.

പെണ്ണിന് ചിതകൂട്ടി
പെരുമയാളിക്കത്തിച്ച
മഹാത്മാക്കള്‍ക്കുള്ള
ശാപാസ്ത്രം.

മുഖക്കണ്ണാടി

ക്രൂരനായ ഒരു സുഹൃത്താണ്
മുഖക്കണ്ണാടി

ചിലപ്പോള്‍ മുഖക്കുരു കാട്ടിത്തന്ന്
അതെന്നെ പരിഹസിക്കുന്നു

പിന്നൊരിക്കല്‍ എന്‍റെ മുഖകാന്തിയെപറ്റി
വാനോളം പ്രശംസിക്കുന്നു.

മറ്റൊരിക്കല്‍ എന്‍റെ ജരയും നരയും കാട്ടി
സഹതപിക്കുന്നു.

എന്നിട്ടും ഒരു കാമുകിയോടെന്ന പോലെ
ഞാനെന്നും കണ്ണാടിയുടെ മുന്നിലെത്തുന്നു,
ആവേശത്തോടെ സല്ലപിക്കുന്നു.

എനിക്കറിയാഞ്ഞിട്ടല്ല,
മുഖക്കണ്ണാടി ക്രൂരനായ
സുഹൃത്താണെന്ന്.

എന്റെ ചുണ്ടുകളാല്‍ മിണ്ടുവതാര്?

ഒരു വിവര്‍ത്തനം. സൂഫി മഹാ കവിയായ ജലാല്‍ അദ്ദീന്‍ റൂമിയുടെ ഉജ്ജ്വലമായ ഒരു കവിതയുടെ സ്വതന്ത്ര വിവര്‍ത്തനം. അനംഗാരിയെ അനുകരിച്ച് ഒരു ആലാപനവും ഒപ്പമുണ്ട്. തെറ്റുകള്‍ ചൂണ്ടിക്കാട്ടുവാന്‍ അഭ്യര്‍ഥന.

ആലാപനം കേള്‍ക്കാന്‍ ഇവിടെ:

powered by ODEO

എന്റെ ചുണ്ടുകളാല്‍ മിണ്ടുവതാര്?

പകലാകെ ചിന്തയിലുരുകുന്നു ഞാന്‍
രാവിലീ ചോദ്യങ്ങള്‍ ചോദിക്കുവാന്‍
എങ്ങു നിന്നെത്തി ഞാന്‍ ?
എന്തിതെന്‍ ദീപ്തമാം ആത്മ പ്രകാശം
അറിവില്ലൊരുത്തരം

എങ്കിലും അറിയുന്നതിത്രമാത്രം
ആത്മാവ് എങ്ങോ നിന്നെന്നില്‍ കുടിയേറിയെന്നും
അവിടേയ്ക്ക് ഒരിയ്ക്കല്‍ ഞാന്‍ മടങ്ങുമെന്നും

മറ്റേതോ
മദ്യശാലയില്‍ നിന്നു കടം കൊണ്ടതാമീ
മത്തും മദിരയും; തുണയായെത്തും ബോധം
മടക്കയാത്രയ്‌ക്കൊപ്പം
അത്രനാള്‍ ഇച്ചെറു കൂട്ടിരിക്കുന്ന
ദേശാടനം ചെയ്ത പക്ഷിയാകുന്നു ഞാന്‍
എങ്കിലും
വരുകയായ് ചിറകടിച്ചുയരേണ്ട നാളുകള്‍

ആരിതെന്‍ ചെവിയിലൂടെന്‍ മൊഴി കേള്‍ക്കുന്നൂ?
ആരിതെന്‍ ചുണ്ടാല്‍ കടംകഥ പാടുന്നൂ?

ഇന്നിനി ചോദ്യം തൊടുക്കാതെ വയ്യ:
എന്റെ കണ്ണുകളിലൂടെ നോക്കുവതാര്?
എന്താണെന്നിലെ തുടിയ്ക്കുമാത്മാവ്?
ഒരു കവിളുത്തരം നുണയുവാനായെങ്കില്‍
മദ്യത്തിന്‍ തടവറ തച്ചുതകര്‍ക്കുവാന്‍ .

വേണമെന്നാശിച്ചു വന്നതല്ല ഞാന്‍
ആവില്ല തോന്നുമാറിന്നു മടങ്ങുവാന്‍
ആരുടെ കൈപിടിച്ചെത്തിയതിവിടെ ഞാന്‍
പോകുമെന്‍ വീട്ടിലൊരിയ്ക്കല്‍ അവനൊപ്പം


പിന്നെയീ കവിത:
എന്തു കുറിക്കുമെന്നറിയാതെ, മുന്‍
നിശ്ചയമില്ലാതെയുതിരുന്ന വാക്കുകള്‍
വരികള്‍ക്കുമപ്പുറം മൌനി ഞാന്‍
അന്തര്‍മുഖന്‍

നമ്മുടേതല്ലേ വലിയൊരീ വീഞ്ഞു പാത്രം
കോരിക്കുടിക്കാന്‍ കപ്പുകളില്ലെന്നാലും
ഇല്ലതിന്‍ വേദനയല്‍പ്പവും നമ്മളില്‍

ഇല്ലതിന്‍ വേദനയല്‍പ്പവും. നമ്മളില്‍
പുലരികള്‍ , പിന്നെയീ സായന്തനങ്ങളും
പ്രഭ ചുരത്തുന്നൂ; ദ്യുതി പടര്‍ത്തുന്നൂ

നല്ല നാളൊരിക്കലും ഇല്ല വരില്ലെന്നവര്‍
ചൊല്ലുന്നതൊക്കെയും എത്രയോ സത്യം
എങ്കിലും
ഇല്ലതില്‍ വേദന തെല്ലും നമുക്കിനി
ഇല്ലതിന്‍ വല്ലായ്മ തെല്ലും നമുക്കിനി.

-- ജമാല്‍ അദ്ദീന്‍ റൂമി

പുനര്‍ജനി

അരുതിനിച്ചോദ്യങ്ങളെറിയേണ്ട നീ സഖേ
പാടുമോ വീണ്ടുമെന്‍ നൊമ്പരക്കമ്പികള്‍?
ചോദിക്കയില്ല നിന്‍ പുഞ്ചിരി;വിസ്മൃതി-
ത്താഴിട്ടു; മൌനം പുതച്ചിരിക്കുന്നു ഞാന്‍

ജനലിനുമപ്പുറം നീ കിതയ്ക്കുന്നൂ
ചൂടുനിശ്വാസമീത്തീതെളിയ്ക്കുന്നൂ
കരിവിഷജ്ജ്വാലയില്‍ ഉയിരു ഞെരിയുന്നൂ.

ധമനികളിലഗ്നിയും പേമാരിയും പെയ്ത
ഗതകാലമൊക്കെയുമൊന്നാകെയോര്‍മ്മയില്‍
വരികള്‍ തെറ്റാതിന്നു ചുവടു വയ്ക്കുന്നൂ.

കുന്നിന്റെ ചരിവിലേയ്ക്കന്തി വഴുതുന്നൂ,
ഇരുളിന്റെ തേരേറിയാരോ വരുന്നൂ,
കരളിലൊരു മിന്നല്‍ക്കതിരു വിടരുന്നൂ,
കാലമൊരു കാറ്റായൊഴുകി നിറയുന്നൂ.

ഒരു ചുംബനത്തിലെന്‍ പ്രാണന്റെ നിര്‍ഝരി
കവരും കുലീനയെന്നരികത്തിരിപ്പൂ
കുതറിയൊന്നോടുവാന്‍ പിടയുമെന്നാത്മാവില്‍
ഒരു മണ്‍ചെരാതിന്റെ തെളിമ നിറയുന്നൂ
അപ്രകാശത്തിന്റെ ചേലയില്‍ തൂങ്ങി ഞാന്‍
ഉണ്ണിയായ് വിണ്ണില്‍ പുനര്‍ജനിക്കുന്നൂ

വിഭാഗം: കവിത

യുണൈറ്റഡ് ഫ്രൂട്ട് കമ്പനി

“മാറുന്ന കാലഘട്ടത്തില്‍ എന്തായിരിക്കണം ഇടതുപക്ഷത്തിന്റെ പ്രവര്‍ത്തനമേഖല“ എന്നുള്ള സംവാദത്തില്‍ നിന്നും സംഭരിച്ച ഊര്‍ജ്ജമെടുത്ത് ഒരു തര്‍ജുമ ചെയ്തതാണ്. ബെന്നിയുടെ ബ്ലോഗിലെ ആ സംവാദം ഇവിടെ. പാബ്ലോ നെരൂദയുടെ ‘യുണൈറ്റഡ് ഫ്രൂട്ട് കമ്പനി’ എന്ന കവിതയുടെ ഒരു അരയ്ക്കാല്‍ വിവര്‍ത്തനം.

നെരൂദയും ബ്രഹതും ഒക്കെ അതി സുന്ദരമായി സച്ചിദാനന്ദന്‍ നമ്മെ പരിചയപ്പെടുത്തിയിട്ടുള്ളതാണ്. പക്ഷേ അത്തരത്തിലുള്ള പരിഭാഷ എന്റെ വശം ഇല്ലാത്തതിനാല്‍ സ്വന്തമായി ഒരു കശാപ്പങ്ങു നിര്‍വഹിച്ചു. നെരൂദയുടെ കവിത വിരൂപമാക്കിയെങ്കില്‍ മാപ്പു ചോദിച്ചു കൊണ്ട്…

മൂല കൃതി സ്പാനിഷിലാണ്. (സ്പാനിഷ് എനിക്ക് അശേഷം വശമില്ല) ജോണ്‍ ഫെല്‍‌സ്റ്റിനര്‍ ( John Felstiner) അതിന്റെ ഇംഗ്ലീഷ് വിവര്‍ത്തനം ചെയ്തതാണ് ഞാന്‍ വീണ്ടും മലയാളത്തിലാക്കിയത്. (The Essential Neruda, Selected Poems, Edited by Mark Eisner, Published by City Lights). ഓരോ മൊഴിമാറ്റത്തിലും ചോരുന്നത് കവിതമാത്രമെന്ന് അറിയാഞ്ഞിട്ടല്ല.

തെറ്റുകള്‍ പൊറുക്കുക, ചൂണ്ടിക്കാട്ടുക.

യുണൈറ്റഡ് ഫ്രൂട്ട് കമ്പനി – പാബ്ലോ നെരൂദ
ശംഖുനാദം മുഴങ്ങിയപ്പോള്‍
ഭൂമിയില്‍ എല്ലാം ഒരുക്കിയിരുന്നു.
പിന്നെ, യഹോവ ലോകത്തെ
കൊക്കൊക്കോള, ആനകോണ്ട, ഫോര്‍ഡ് …
കമ്പനികള്‍ക്കായി പകുത്തു കൊടുത്തു.
യുണൈറ്റഡ് ഫ്രൂട്ട് കമ്പനിയ്ക്ക്
അതിലേറ്റം ഇനിപ്പേറിയത്:
എന്റെ ലോകത്തിലെ മധ്യദേശത്തെ തീരം,
അമേരിക്കയുടെ തുടുത്ത അരക്കെട്ട്.

അവരീ ദേശങ്ങളെ -
വെറും വെള്ളരിക്കാപ്പട്ടണങ്ങള്‍ -
ഉറക്കമായ ജഡങ്ങള്‍ക്കു മുകളിലൂടെ,
ചങ്ങല പൊട്ടിച്ച് കലാപം നടത്തിയ
മഹാ ധീരന്മാര്‍ക്കു മുകളിലൂടെ,
വീണ്ടും മാമോദീസ മുക്കിയെടുത്തു.
പുതിയ പാവക്കൂത്തുകള്‍ സ്ഥാപിച്ചു.
ഹൃദയത്തിന്റെ സ്വാതന്ത്ര്യം നിരോധിച്ചു.
പരമാധികാരത്തിന്റെ
കിരീടങ്ങള്‍ വിതരണം ചെയ്തു.
അസൂയയെ അഭിനന്ദിച്ചു.
ഈച്ചകളുടെ ഏകാധിപത്യത്തെ
ക്ഷണിച്ചിരുത്തി:
സഹനത്താല്‍ തലകുനിഞ്ഞ രക്തവും
പഴച്ചാറുമൊട്ടുന്ന ഈച്ചകള്‍ ,
ചുടലമാടങ്ങളിലൂടെ മൂളിപ്പറക്കുന്ന
കുടിച്ചുന്മത്തരായ ഈച്ചകള്‍ ,
അഭ്യാസികളും കൌശലക്കാരുമായവ,
ഏകാധിപത്യത്തിനു പുകള്‍പെറ്റവ.

ചോരക്കൊതിയന്മാരായ ഈച്ചകളുമായി
വന്നൂ ഫ്രൂട്ട് കമ്പനി.
പാതിമുങ്ങിയ ഞങ്ങളുടെ പറമ്പുകളില്‍ നിന്ന്
തട്ടത്തിലേക്ക് നിധി കൂനകൂട്ടിയിടുമ്പോലെ
കടലില്‍ നങ്കൂരമിട്ട കപ്പലുകളിലേക്ക്
കാപ്പിയും പഴങ്ങളും വാരിക്കൂട്ടി

എപ്പൊഴോ
ഹാര്‍ബറുകളിലെ മധുരവെള്ളം നിറഞ്ഞ
ചതിക്കുഴികളില്‍ വീണുപോയ
ആദിവാസികളൊന്നാകെ
പുലര്‍ലമഞ്ഞില്‍ അടക്കം ചെയ്യപ്പെട്ടു.

ഒരു ദേഹമുരുളുന്നു.
പേരില്ലാത്ത ഒരു ജഡം.
ഉപയോഗിച്ചുപേക്ഷിച്ച ഒരക്കം.
ചവറ്റുകുട്ടയിലേക്കെറിഞ്ഞ
അഴുകിയ ഒരു പഴക്കുല

വിഭാഗം: വിവര്‍ത്തനങ്ങള്‍


ഇരുട്ടത്ത് കാതോര്‍ത്ത്...