റേഡിയോ പാടുന്നുണ്ട്.
കാമുകനെ പിരിഞ്ഞവളുടെ
വിരഹം, തേങ്ങല്‍.
ജെന്നിഫര്‍ ലോപ്പെസ്, അലെയ്ഷാ കീയ്സ്,
സെലീന്‍ ഡിയോണ്‍.. ആരോ!
ആര്‍ക്കറിയാം!
എയര്‍കണ്ടീഷണറുടെ മൂളല്‍
അലോസരപ്പെടുത്തുന്നുണ്ട്.
ഇടയ്ക്ക് അവതാരകന്‍ വരുന്നു.
വാര്‍ത്തകളും കാലാവസ്ഥയും
പങ്കു വയ്ക്കുന്നു,
തമാശകള്‍ ആവര്‍ത്തിക്കുന്നു, മടങ്ങുന്നു.
ഇനി രണ്ടു മിനിട്ട് പരസ്യങ്ങള്‍
മുന്നിലുള്ള കാറുകളിലൊന്നില്‍ നിന്ന്
ആരോ എത്തിയെത്തി നോക്കുന്നു.
ചാനല്‍ മാറ്റുന്നതാണ് നല്ലത്.
ക്ലാസിക്കല്‍ സ്റ്റേഷനായിക്കോട്ടെ.
ഒരു ഫയര്‍ എന്‍ജിന്‍
വടക്കോട്ട് അലച്ചു പാഞ്ഞു.
കാറിനോ ബസിനോ
അതല്ലെങ്കില്‍ ഏതോ വീടിനോ
തീ പിടിച്ചു കാണണം.
ഈയിടെയായി മുടിഞ്ഞ ട്രാഫിക്കാണ്!
ബെത്തോവന്‍റെ
"ഒമ്പതാം സിംഫണി" കഴിഞ്ഞു.
അവതാരകന്‍
സംഗീതത്തിന്‍റെ ചരിത്രം വിവരിക്കുന്നു.
ഇടിമുഴക്കം വന്ന് അടക്കം പറയുന്ന പോലെ.
ഇനി "ഗോള്‍ഡ്ബെര്‍ഗ് വേരിയേഷനു"കളാണ്.
കുറെയേറെ മുന്നിലുള്ള
ചില കാറുകളില്‍ നിന്ന്
ആരൊക്കെയോ എവിടേയ്ക്കോ
ഇറങ്ങി ഓടുന്നുണ്ട്.
എന്താണാവോ!
അമേരിക്കയിലെ സ്റ്റേഷനുകളില്‍
ക്രിക്കറ്റ് വാര്‍ത്തകളുണ്ടായിരുന്നെങ്കില്‍!
അന്ന് കോളേജിനടുത്ത് കട്ടാങ്കലില്‍
കളിക്കാന്‍ പോയത്
ഓര്‍മ്മ വരുന്നുണ്ട്.
ശശാങ്കന്‍ മാഷ് മരിച്ച ദിവസം.
ബസ്സ് കയറി. ചതഞ്ഞ്.
ഭാഗ്യത്തിന് കളി മുടങ്ങിയില്ല.
അന്നാണ് ടൂര്‍ണമെന്‍റ് നേടാനായത്.
ബോസിന്‍റെ അഭിപ്രായം
ക്രിക്കറ്റ് ഒരു മണ്ടന്‍ കളിയാണെന്നാണ്.
സായിപ്പല്ലേ!
ഒന്നു കളിച്ചു നോക്കാന്‍
വെല്ലുവിളിക്കാനാണ് തോന്നിയത്.
എന്തിനാ വെറുതേ...
ഓഫീസില്‍ ഇന്നും വൈകിയേക്കും.
തെക്കോട്ട് ഒരാംബുലന്‍സ്
ഓരിയിട്ടു പാഞ്ഞു.
പിന്നാലെ മറ്റൊന്ന്,
പിന്നെ മറ്റൊന്ന്, മറ്റൊന്ന് ...
ശവമടക്കിന്
മഞ്ചത്തിനു പിന്നാലെ
ആര്‍ത്തലച്ചു കരഞ്ഞു
പിന്തുടര്‍ന്നോടുന്ന
പെണ്ണുങ്ങളെ പോലെ!
ട്രാഫിക് നിരങ്ങി നീങ്ങിത്തുടങ്ങി.
നന്നായി.
സ്റ്റേഷന്‍ മാറ്റി നോക്കാം
ബ്ലൂംബെര്‍ഗ് വാര്‍ത്തകളായിക്കോട്ടെ.
ഓഹരി വിപണി തുറക്കാന്‍
ഇനി അധിക നേരമില്ല.
4 comments:
നഗര ബിംബങ്ങൾ...
ഓഹരി വിപണി തുറക്കാന്‍
ഇനി അധിക നേരമില്ല.
:)
It is a funny poem. Can relate to a hundred such days on NJTP :).
@boni: Do you still miss NJTP traffic jams? :)
Post a Comment