Showing posts with label കഥ. Show all posts
Showing posts with label കഥ. Show all posts

ഗ്രാവിറ്റി

ഗ്രാമത്തിലെ ആളൊഴിഞ്ഞ അമ്പലപ്പറമ്പിനടുത്ത് ചുവന്നു തുടുത്ത ആപ്പിളുകളുമേന്തി മഹാവൃക്ഷം നിന്നു. വൃക്ഷച്ചുവട്ടില്‍ ധ്യാനനിരതനായി ന്യൂട്ടണും. ന്യൂട്ടണെ നോക്കി അശ്ലീലത്തമാശകള്‍ പറഞ്ഞും പൊട്ടിച്ചിരിച്ചും ആപ്പിളുകള്‍ സമയം പോക്കുന്നതിനിടയില്‍ കൂട്ടത്തിലൊരാപ്പിളിന് ഒരു തമാശതോന്നി. ആയത്തില്‍ താഴേക്ക്, ന്യൂട്ടന്റെ തലയ്ക്കു മുകളിലേക്ക് അതെടുത്തു ചാടി, പിന്നെ കൈ കൊട്ടിയാര്‍ത്തു. പക്ഷെ, ന്യൂട്ടന്റെ ധ്യാനം കൂടുതല്‍ മുറുകിയതേയുള്ളു.

ധ്യാനത്തിന്റെ പരിസമാപ്തിയില്‍ ബോധോദയത്തിന്റെ ഉഷ്ണത്തില്‍ ന്യൂട്ടണ്‍ മൂര്‍ച്ഛിച്ചു. കാറ്റാഞ്ഞടിക്കുകയും ലതാദികള്‍ ഉന്മാദത്തില്‍ വിജൃംഭിക്കുകയും ചെയ്തു. ഉണര്‍ന്നപ്പോള്‍ മുകളില്‍ നിന്നും തന്നെ കരുണയോടെ നോക്കി നില്‍‌ക്കുന്ന ആപ്പിളുകളെ അദ്ദേഹം കണ്ടു. കാല്‍ക്കല്‍ കുറ്റബോധത്തോടെ തലകുനിച്ചു നില്‍ക്കുന്ന തെമ്മാടിയാപ്പിളിനെയും. അവരെ നോക്കി അദ്ദേഹം പുഞ്ചിരിച്ചു. ന്യൂട്ടണ്‍ പാപങ്ങളൊക്കെ പൊറുക്കുന്ന ഒരു മഹാപ്രവാചകനായി. പിന്നെ തൂവലെടുത്ത് മഷിയില്‍ മുക്കി ആപ്പിളുകളെ സംബന്ധിക്കുന്ന ചില സനാതന നിയമങ്ങള്‍ എഴുതിയുണ്ടാക്കി.

മുകളില്‍ ആകാംക്ഷയോടെ നിന്ന നിരക്ഷരരായ ആപ്പിളുകളോട് ന്യൂട്ടണ്‍ അരുളിച്ചെയ്തു:

“പാപികളെ,
നിങ്ങളില്‍ ഞാന്‍ പ്രീതനാണ്.
താഴേക്ക്, എന്റെ കാല്‍ക്കലേക്ക് വീഴുക
ഇത് പ്രകൃതിയുടെ അചഞ്ചലനിയമമാണ്.
എന്റെ കാല്‍ച്ചുവട്ടിലാണ് കുഞ്ഞാടുകളെ
നിങ്ങളുടെ മോക്ഷം.“

ആപ്പിളുകള്‍ പരസ്പരം നോക്കി, ചിലരില്‍ സംശയം നാമ്പു നീട്ടി. മറ്റു ചിലരാകട്ടെ ഉടനെതന്നെ ഭക്തലഹരിയിലാണ്ട പോലെ കാണപ്പെട്ടു.

“കുഞ്ഞുങ്ങളേ!
സംശയം
സാത്താന്റെ സന്തതിയാണ്.
വരൂ, എന്നിലേക്ക്”

ന്യൂട്ടന്റെ ദൈവികശബ്ദം കനത്തു.

ഇതിനകം ഒന്നു രണ്ടാപ്പിളുകള്‍ ഭക്തിയുടെ പാരമ്യതയിലെത്തിയിരുന്നു. പഞ്ചേന്ദ്രിയങ്ങളടക്കി, കുടുംബബന്ധങ്ങള്‍ അറുത്തുമാറ്റി ഭക്തിയുടെ ഗുരുത്വാകര്‍ഷണത്താല്‍ അവര്‍ ന്യൂട്ടന്റെ കാല്‍ക്കലേക്ക് കുതിച്ചു വീണു. ചില ദുര്‍ബല ഹൃദയര്‍ക്ക് വീഴ്ചയില്‍ അല്പം ചതവു പറ്റി. വീഴ്ച ആപേക്ഷികമാണെന്നും തലതിരിഞ്ഞു നോക്കിയാല്‍ വീഴ്ചയല്ല ഉയര്‍ച്ചയാണവര്‍ക്ക് ഉണ്ടായതെന്നും അദ്ദേഹം അവരെ മനസിലാക്കി കൊടുത്തു. സം‌പ്രീതനായി അവരിലേവര്‍ക്കും അനുഗ്രഹം വര്‍ഷിച്ചു. ഇതെ തുടര്‍ന്ന് കൂടുതല്‍ കൂടുതല്‍ ആപ്പിളുകള്‍ മോക്ഷത്തിനായി കൊതിച്ച്, ആത്മീയതയുടെ സാന്ത്വനങ്ങള്‍ മാത്രം ഇച്ഛിച്ചു കൊണ്ട് ന്യൂട്ടന്റെ കാല്‍ക്കലേക്ക് വീഴാനാരംഭിച്ചു. ശരണം വിളികളാല്‍ അന്തരീക്ഷം മുഖരിതമായി. മഹാവൃക്ഷവും പരിസരപ്രദേശങ്ങളും ഭക്തിസാന്ദ്രമായ ഒരാശ്രമം പോലെ കാണപ്പെട്ടു.

പെട്ടെന്ന് മുകളില്‍ നിന്ന് ഒരു കരച്ചില്‍ :

“അരുത്, കൂട്ടരേ, അരുത്.
നമ്മുടെ മോക്ഷം സന്തതിപരമ്പരകളിലൂടെ
മഹാവൃക്ഷങ്ങള്‍ക്ക് ജന്മം കൊടുക്കലാണ്.
അതാണ് പ്രകൃതിയുടെ സനാതന നിയമം.
ഇക്കാണുന്നവന്‍ കള്ളനാണയമാണ് സഖാക്കളേ”

ശബ്ദം കേട്ട് മറ്റാപ്പിളുകള്‍ തിരിഞ്ഞു നോക്കി. ചിലര്‍ക്ക് സംശയം. മറ്റു ചിലര്‍ക്കോ പുച്ഛം. മറ്റുള്ളവര്‍ ഒന്നും കേട്ടില്ലെന്ന മട്ടില്‍ തല വെട്ടിച്ചു. അതു വരെ കേട്ടിട്ടില്ലാത്ത ആ ആക്രോശം കേട്ട് അവിടെയാകെ അല്‍ഭുതം കലര്‍ന്ന ഒരാരവം ഉയര്‍ന്നു. ന്യൂട്ടണ്‍ അവരെ നോക്കി മാസ്മരികമായി പുഞ്ചിരിച്ചു. തുടര്‍ന്ന് ആപ്പിളുകള്‍ ഒന്നൊന്നായി സംശയലേശമേന്യെ ആ കാല്‍ക്കല്‍ വീണ് നമസ്കരിച്ചു.

ഒന്നൊഴികെ.

പടിഞ്ഞാട്ടു നിന്നു വന്ന കാറ്റില്‍ നഗ്നയായി നിന്ന മരത്തോടൊപ്പം ആ ഒറ്റയാപ്പിളും ആടിയുലഞ്ഞു. കൂട്ടുകാരെയോര്‍ത്ത് അവന്‍ തപിച്ചു. ദുഃഖത്തിന്റെ നിസ്സഹായതയുടെ പുഴുക്കുത്തുകള്‍ അവനെ മഥിച്ചു.

“വരൂ മകനേ”

ന്യൂട്ടണ്‍ സ്നേഹത്തോടെ, വാത്സല്യത്തോടെ അവസാനത്തെ ആപ്പിളിനെയും ക്ഷണിച്ചു. ഒറ്റയാന്‍ ആപ്പിള്‍ മുകളില്‍ നിന്ന് താഴേക്ക്, ന്യൂട്ടന്റെ കരുണ നിറഞ്ഞ മുഖത്തേയ്ക്ക് കാര്‍ക്കിച്ചു തുപ്പി. പിന്നെ ഒതുക്കി വച്ചിരുന്ന ഇളം ചിറകുകള്‍ വിരിച്ച് ദൂരേയ്ക്കെവിടെയോ പറന്നു നീങ്ങി.
എഴുതപ്പെടാത്ത സനാതനനിയമങ്ങളുടെ ഒറ്റപ്രവാചകനായി.

കണ്ണുകള്‍ പാതിയടഞ്ഞ് പുഞ്ചിരി തൂകി നിന്ന ന്യൂട്ടന്റെ പാദങ്ങളില്‍ ഒരായിരം ആപ്പിളുകള്‍ സീല്‍ക്കാരത്തോടെ ചുംബനം തുടര്‍ന്നു.

അഭയാര്‍ത്ഥി

എയര്‍പോര്‍ട്ടില്‍ പ്രതീക്ഷിച്ച പോലെ ശര്‍മ്മാജി കാത്തു നില്പുണ്ടായിരുന്നു. ഇളംവെയിലും ശര്‍മ്മാജിയുടെ പരിചിതമായ ചിരിയും പരിഭ്രാന്തിയില്ലാത്ത തിരക്കും സുഖകരമായി തോന്നി.

“താന്‍ പോയതില്‍ പിന്നെ സ്റ്റാഫിനെന്നും തന്നെപ്പറ്റിയേ സംസാരിക്കാനുള്ളു. എല്ലാരും നന്നെ പേടിച്ചിരുന്നു”

അപ്പോഴും വിട്ടു മാറാത്ത പേടി മറക്കാനെന്നോണം ചിരിച്ചു. ശര്‍മ്മാജി തുടര്‍ന്നു:

“നാട്ടില്‍ നിന്ന് പല തവണ നിന്റെ അമ്മ വിളിച്ചു ചോദിച്ചിരുന്നു. പാവം ….”

“എംബസിക്കാര്‍ വീട്ടിലേക്കു വിളിക്കാന്‍ ഏര്‍പ്പാടാക്കിയിരുന്നു. അമ്മ ഒരേ കരച്ചിലായിരുന്നു, ശര്‍മ്മാജീ. നാളെയോ മറ്റോ നാട്ടിലേക്കു പോണം ഒരു മൂന്നാലു ദിവസത്തിന്.”

ഫ്ലാറ്റിലേക്ക് ശര്‍മ്മാജിയുടെ കാറിലിരുന്നു പോകുമ്പോള്‍ , പതിവു കാഴ്ചകള്‍ വളരെ വ്യത്യസ്തമാണെന്നു തോന്നി. ഓട്ടോറിക്ഷകള്‍ക്കും ബൈക്കുകള്‍ക്കുമിടയിലൂടെ ശര്‍മ്മാജി നൂണ്ടു നീങ്ങിക്കൊണ്ടിരുന്നു.

“നിന്റെ അനുഭവങ്ങള്‍ തീവ്രമായി എഴുതിത്തരണം ഇന്നു തന്നെ. ലേറ്റ് എഡിഷനിലെങ്കിലും കൊടുക്കണമെന്നാണ് മിശ്ര സര്‍ പറഞ്ഞത്.“

മറുപടി പറഞ്ഞില്ല. അനുഭവങ്ങളുടെ തീവ്രത ഉലയില്‍ ചുവന്നു തിളങ്ങി നിന്നിരുന്നു. വാക്കുകളിലേക്കു രൂപാന്തരം പ്രാപിക്കാന്‍ വിസ്സമ്മതിച്ചു കൊണ്ട്. മറക്കണം, എങ്കിലേ ഓര്‍മ്മിക്കാനാകൂ. എഴുതാനുമാകൂ.

സൈറണ്‍ മുഴക്കി കൊണ്ട് ഒരാംബുലന്‍സ് സൈഡിലൂടെ കടന്നു പോയി. മനസ്സ് പിടച്ചു. അറിയാതെ കാറിനകത്തേക്ക് ചുരുങ്ങാനും തല താഴ്ത്താനും ശ്രമിച്ചു. ശര്‍മ്മാജി ഒന്നും കാണാത്ത മട്ടില്‍ ഡ്രൈവിങ്ങില്‍ ശ്രദ്ധിച്ചു.

“അപ്പോള്‍ നീ ഒന്നു കുളിച്ച് വിശ്രമിക്ക്. വൈകിട്ട് എം.ജി. റോഡിലേക്കിറങ്ങാന്‍ നോക്ക്. ഞാന്‍ വൈകിട്ടു ഫോണ്‍ ചെയ്യാം”

“ശരി. ശര്‍മ്മാജീ…”

ശര്‍മ്മാജി വളവു തിരിഞ്ഞ് മറയും മുന്‍പ് ഓര്‍മ്മകളുടെ ബോംബുകള്‍ അയാള്‍ക്കു ചുറ്റും വീഴാന്‍ തുടങ്ങി.
* * * * * * * * * * * *
കുളിയും ഉറക്കവും കഴിഞ്ഞ് വൈകുന്നേരം വീണ്ടും ശര്‍മ്മാജിയെ കണ്ടപ്പോഴും ക്ഷീണം വിട്ടു മാറിയിരുന്നില്ല. പോകേണ്ട സ്ഥലത്തെ പറ്റി രണ്ടാള്‍ക്കും സംശയമുണ്ടായില്ല. സ്ഥിരം ബാറിലേക്ക്. അന്നെന്തോ പതിവിലേറെ തിരക്കുണ്ടായിരുന്നു.
മദ്യക്കുപ്പിയുടെ രണ്ടറ്റത്തുമിരുന്ന് ബോറടിച്ചപ്പോള്‍ ശര്‍മ്മാജി തിരക്കി:

“നീ വല്ലതും എഴുതിയോ, നാളത്തെ എഡിഷനു വേണ്ടി?”

ശര്‍മ്മാജിക്ക് കാഷ്വല്‍ വസ്ത്രങ്ങളില്‍ കൂടുതല്‍ വയസ്സു തോന്നിച്ചു.

“ഇല്ല, ശര്‍മ്മാജി. ഇന്നു രാത്രി എഴുതി നാളെയേല്പിക്കാം. ഒപ്പം മിശ്ര സാറിനോട് ലീവിന്റെ കാര്യവും സംസാരിക്കണം.“

“ഓ തരാന്‍ മറന്നു, ഡമാസ്കസിലെ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്നു വാങ്ങിയതാ. പുരാതന സംസ്കൃതിയുടെ ഒരോര്‍മ്മയ്ക്ക്.”

“നന്ദി. യുദ്ധ ഭൂമിയില്‍ നിന്ന് പ്രാണനും കൊണ്ടോടുമ്പോഴും നിന്നെയേല്‍പ്പിച്ചതൊന്നും നീ മറക്കുന്നില്ല”

ശര്‍മ്മാജി ചിരിച്ചു. പിന്നെ രണ്ടു പേരും മിണ്ടാതിരുന്നു. ഇപ്പോള്‍ ബാറിനുള്ളിലെ തണുത്തു മങ്ങിയ ലൈറ്റുകള്‍ അയാള്‍ക്ക് കൂടുതല്‍ ആശ്വാസകരമായി തോന്നി. ഫ്രൈ ചെയ്ത മാംസാഹാരവുമായി വെയിറ്റര്‍ കടന്നു വന്നു. മണവും ചൂടെണ്ണയുടെ സീല്ക്കാര ശബ്ദവും കേട്ട് അടുത്ത ടേബിളിലെ ആള്‍ക്കാര്‍ തിരിഞ്ഞു നോക്കി. മാംസത്തിന്റെ ഗന്ധം പെട്ടെന്ന് ഓക്കാനം തോന്നിച്ചു. ഓര്‍മ്മകള്‍ തികട്ടി.

മദ്യം വീണ്ടും നിറച്ച് സോഡ ചേര്‍ക്കാതെ അകത്താക്കി കണ്ണുകള്‍ പൂട്ടി. ഓര്‍മ്മകള്‍ വെറും ഓര്‍മ്മക്കുറിപ്പുകള്‍ പോലെ നിര്‍ജ്ജീവമാകട്ടെ. മറവിയുടെ മേഘങ്ങള്‍ പഞ്ഞിക്കെട്ടുകള്‍ പോലെ നീലാകാശം കീഴടക്കട്ടെ.

ധ്യാനത്തിന്റെ ഒടുവില്‍ മനസ് പ്രളയത്തിലെ ആലില പോലെ വെറുതെ ഒഴുകാന്‍ തുടങ്ങി.

“നിനക്കെന്താ പ്രാന്തായോ” ശര്‍മ്മാജിയുടെ ശബ്ദം ബാറിലെ കലപിലയ്ക്കും മുകളിലായിരുന്നു.

കണ്ണു തുറന്ന് ശര്‍മ്മാജിയെ നോക്കി വെളുക്കനെ ചിരിച്ചു. പിന്നെ കുഴയുന്ന കൈ കൊണ്ട് ഫോര്‍ക്കെടുത്ത് മാംസക്കഷണങ്ങള്‍ കുത്തിയെടുത്ത് ചവയ്ക്കുമ്പോള്‍ രാത്രിയെഴുതേണ്ട ലേഖനത്തെപറ്റി മാത്രമായി ചിന്ത. അതെ, ഓര്‍മ്മകള്‍ ജഡങ്ങളായി, കുറിപ്പുകളായി മാത്രം പുനര്‍ജനിക്കട്ടെ. സ്വന്തം ലേഖകന് ഈയിടെ വായനക്കാര്‍ കൂടിയെന്ന് ശര്‍മ്മാജി ഇടയ്ക് എപ്പോഴൊ പുലമ്പിയെന്നു തോന്നുന്നു.

ബാറിലെ കലപില തുടര്‍ന്നു. മാധ്യമരംഗത്തെ ആഗോളവല്‍ക്കരണത്തെപറ്റിയും ഓഫീസില്‍ പുതിയതായി ജോലിക്കു ചേര്‍ന്ന മദാമ്മയെപറ്റിയും, ആത്മഹത്യ ചെയ്ത പഴയ കായിക താരത്തെപറ്റിയും ഒക്കെ ആവേശത്തോടെ ഇരുവരും സംസാരിച്ചു. കഥകള്‍ കേട്ട്, ഒരു കിഴവിയെപ്പോലെ, രാത്രി അവര്‍ക്കു ചുറ്റുമിരുന്നു.

അങ്ങകലെ ഒരായിരം മൈലുകള്‍ക്കുമകലെ കരുത്തന്മാര്‍ ബോംബാക്രമണം തുടര്‍ന്നു. പോര്‍വിമാനങ്ങളുടെ ഗര്‍ജ്ജനം നിലച്ചപ്പോഴേക്കും അവിടത്തെ തെരുവുകള്‍ക്ക് കരിഞ്ഞ പച്ചമാംസത്തിന്റെ ഗന്ധവും അറവുമാടിന്റെ അവസാനത്തെ ശബ്ദവുമായിരുന്നു. മരണത്തിന്റെ, മറവിയുടെ കൂടാരങ്ങള്‍ തേടി അഭയാര്‍ഥികള്‍ പലായനം തുടര്‍ന്നു.


ഇരുട്ടത്ത് കാതോര്‍ത്ത്...