പെണ്ണ്

ഞാന്‍ അബലയായിരുന്നില്ലല്ലോ

എന്‍റെ പേശികളില്‍ നിന്ന് ചോരയും
നെഞ്ചില്‍ നിന്ന് മുലപ്പാലും
വറ്റിപ്പോകുമ്പോള്‍

നീയല്ലേ ചപലയെന്നും
അബലയെന്നും
എനിക്കായി
കവിതയെഴുതിയത്?

നിലവിളക്കെന്ന് വിളിച്ച്
അകത്തളത്തില്‍
യക്ഷികള്‍ക്കൊപ്പം
കുടിയിരുത്തിയത്?

അമ്മേ എന്ന് വിളിച്ച
നാവുകള്‍ കൊണ്ട്
വയറു തുളച്ചു വന്നവരുടെ
അമ്മയാണ് ഞാന്‍

പഴികള്‍ തിന്നിരിക്കുന്ന
ചിലന്തിപ്പെണ്ണ്!

എനിക്ക് വേണ്ടത്
പൂജാദ്രവ്യങ്ങളോ പൂക്കളോ
വീതിച്ചു നല്‍കപ്പെട്ട
വോട്ടുകളോ ആയിരുന്നില്ല.

മുലപ്പാലിന്‍റെ നന്ദി.
കരി മൂടിയ തഴമ്പുകള്‍ക്ക് തലോടല്‍
തലയുയര്‍ത്തി നില്‍ക്കുമ്പോള്‍
ഒരു കൈത്താങ്ങ്.

ഞാന്‍ മൈഥിലിയല്ല.
വേണമെങ്കില്‍
കണ്ണകിയെന്ന് വിളിച്ചോളൂ.
എന്‍റെ കണ്ണീരിലെ ചോരപ്പാട്
തിരിച്ചറിഞ്ഞ കണ്ണന്റെ കൂട്ടുകാരി.

ചിരിക്കണ്ട, ഞാന്‍ സാവിത്രിയല്ല
വെറും പെണ്ണ്.

ഭൂമി പിളര്‍ന്ന് മറഞ്ഞ
ഗതികെട്ടവള്‍ക്കു മുന്നില്‍
പുഞ്ചിരിയൊതുക്കി
നില്‍ക്കുന്നവന്‍റെ
പേക്കിനാവ്.

പെണ്ണിന് ചിതകൂട്ടി
പെരുമയാളിക്കത്തിച്ച
മഹാത്മാക്കള്‍ക്കുള്ള
ശാപാസ്ത്രം.

2 comments:

Ranjith chemmad / ചെമ്മാടൻ said...

നല്ല കവിതകള്‍ക്ക് നന്ദി,
ആശംസകളോടെ,
രണ്‍ജിത്ത് ചെമ്മാട്

Jishad Cronic said...

നല്ല കവിത......


ഇരുട്ടത്ത് കാതോര്‍ത്ത്...