കണ്ണുണ്ടായാല്‍ ...
കണ്ണുണ്ടായാല്‍ പോര കാണണം എന്ന് കുട്ടിക്കാലത്ത് എത്ര തവണ അച്ഛന്റെ ശകാരം കേട്ടിട്ടുണ്ടാവും എന്നൊരു നിശ്ചയവുമില്ല. വളര്‍ന്ന് മയോപ്പിയയുടെ കൊനിഷ്ഠു കൂടിയായപ്പോള്‍ കണ്ണുണ്ടായാല്‍ മാത്രം പോരാ കാണാന്‍ എന്നും വന്നു. ഇനി വേണമെന്നു വച്ച് കണ്ണുകള്‍ മിഴിച്ചു വച്ച് കണ്ടാല്‍ തന്നെയും കണ്ടതിനെ മനസിലാക്കാനുള്ള ഉള്‍ക്കണ്ണില്ലാത്തതിനാല്‍ കണ്ടതിനേക്കാള്‍ കാണാത്തവയാണ് പരശതം മടങ്ങു കൂടുതല്‍ . കാണേണ്ടത് കാണാനും ആസ്വദിച്ച് അറിയിക്കാനും കഴിയാത്ത അവസരങ്ങളാകട്ടെ സ്വന്തം പാതിയെന്നോട് തല്ലു കൂടാനായി നീക്കി വച്ചിരിക്കുന്നു! കാഴ്ച ഒരു മഹാല്ഭുതം തന്നെയാണ് സംശയമില്ല. കാഴ്ചയില്ലായ്മയോ വല്ലാത്ത ഒരു വല്ലായ്മയും.
ഡാര്‍വിന്റെ ചിരി
ഡാര്‍വിനു പോലും പരിണാമസിദ്ധാന്തത്തിന്റെ നിര്‍വൃതിയ്ക്കിടയിലെ കല്ലു കടിയായിരുന്നു കാഴ്ചയെന്ന കീറാമുട്ടി. എങ്ങനെയാവും കണ്ണുകളുടെ പരിണാമം നടന്നിട്ടുണ്ടാവുക എന്ന് അദ്ദേഹം തല പുകഞ്ഞു. ഒട്ടനേകം ഭാഗങ്ങള്‍ - കോര്‍ണിയ, ലെന്‍സ്, റെറ്റിന, സിലിയറി പേശികള്‍ എന്നിങ്ങനെ ഒറ്റയ്ക്കും തെറ്റയ്ക്കും ഒരു ചുമതലയും നിര്‍വഹിക്കാനാവാത്ത കുറെ ചെറിയ ചെറിയ മിനി അവയവങ്ങള്‍ - ചേര്‍ന്നതാണ് നമ്മുടെ കണ്ണുകള്‍ . ആദ്യം ലെന്‍സുണ്ടായി, പിന്നെ കോര്‍ണിയ വന്നു, പിന്നെയാണ് റെറ്റിന വന്നത് എന്നിങ്ങനെ പരിണാമസിദ്ധാന്തത്തിന്റെ വാലില്‍ ലളിതമായി പറഞ്ഞു പോകാനാകില്ല. ഉടനെ ഡാര്വിന് വിരുദ്ധര്‍ ചോദിക്കും ലെന്സു മാത്രം കൊണ്ടെന്തു കാര്യം, കോര്‍ണിയ മാത്രമായിട്ടെന്തിനു കൊള്ളാം എന്നൊക്കെ. ഈ വൈക്ലബ്യമൊക്കെ ഉള്ളിലൊതുക്കി ഡാര്വിന് എഴുതി:
“ഫോക്കസിന്റെ ക്രമീകരണം, കണ്ണിലെത്തുന്ന പ്രകാശത്തിന്റെ തീക്ഷ്ണതയുടെ നിയന്ത്രണം, അപവര്‍ത്തനം പ്രകാശത്തിന്റെ സ്വഭാവത്തില്‍ വരുത്തുന്ന വൈകല്യങ്ങളുടെ പരിഹാരം എന്നിങ്ങനെ ഒരുപാടു ജോലികള്‍ നിര്‍വഹിക്കുന്ന അത്യഭൂതപൂര്‍വ്വമായ സവിശേഷതകളുള്ള കണ്ണുകള്‍ സ്വാഭാവിക തെരഞ്ഞെടുപ്പിലൂടെ പരിണമിച്ചെത്തിയതാണ് എന്നത്, തുറന്നു പറയട്ടെ, അങ്ങേയറ്റം അസംഭവ്യമെന്നാണ് തോന്നുന്നത്.(1)”എന്ന്. ഈ വാചകങ്ങള്‍ ആവശ്യത്തിനും അനാവശ്യത്തിനും പൊക്കിപ്പിടിച്ച് മതമൌലിക വാദികള്‍ പരിണാമസിദ്ധാന്തത്തിനെതിരെ കുരിശുയുദ്ധം നടത്തുന്നത് പാശ്ചാത്യ രാജ്യങ്ങളില്‍ പതിവാണ്. പക്ഷേ ഡാര്വിന് പരിണാമസിദ്ധാന്തത്തെ തള്ളിപ്പറയുകയായിരുന്നില്ല, മറിച്ച്, അതിനു കടന്നു പോകേണ്ട ദുഷ്കരമായ വഴികളെപ്പറ്റി അത്ഭുതം കൂറുക മാത്രമായിരുന്നു എന്നത് ചരിത്രം.
കണ്ണുകള്‍ പരിണാമ പ്രക്രിയയിലൂടെയാണ് വികസിച്ചതെങ്കില്‍ എവിടെ നിന്നു തുടങ്ങി? എത്ര തവണ പരിണാമ പ്രക്രിയയിലൂടെ കടന്നു പോയി എന്നിങ്ങനെ നിരവധി ചോദ്യങ്ങള്‍ ബാക്കിയാക്കിയാണ് ഡാര്വിന് യാത്രയായത്. വമ്പന്‍ അക്ക്വേറിയങ്ങളില്‍ ചടഞ്ഞിരിക്കുന്ന ഏതെങ്കിലും നീരാളിയുടെ കണ്ണുകള്‍ കണ്ടിട്ടുണ്ടോ? നമ്മുടേതു പോലെ തോന്നിക്കുന്ന അതി സങ്കീര്‍ണ്ണമായ കാമറക്കണ്ണുകളാണ് ഇഷ്ടന്റേതും. മനുഷ്യന്റെയും നീരാളിയുടെയും (octopus) പൊതു വല്യപ്പൂപ്പന് ഒരു സ്പോഞ്ചോ മറ്റോ ആകണം. സ്പോഞ്ചുകള്‍ക്കാകട്ടെ വെളിയില്‍ കാണിക്കാന്‍ കൊള്ളാവുന്ന കണ്ണുകളൊന്നുമില്ലാ താനും. പിന്നെ എങ്ങനെ മനുഷ്യ നേത്രങ്ങളും നീരാളിക്കണ്ണുകളും പരിണാമ പ്രക്രിയയിലൂടെ ഒരേ ഡിസൈനില്‍ എത്തിച്ചേര്‍ന്നു? ഒരു പ്രശ്നത്തിന്റെ ഏറ്റവും ശരിയായ ഉത്തരങ്ങള്‍ ഒടുവില്‍ ഒരേ വഴിക്കെത്തുന്നതിനാലാണോ? അതോ പ്രകൃതിയുടെ നിയമങ്ങള്‍ക്കുള്ളില്‍ നിന്നു കൊണ്ടു പ്രവര്‍ത്തിക്കുന്ന പരിണാമ പ്രക്രിയയുടെ പരിമിതികള്‍ കാരണമാണോ ഇത്? കാര്യം നിസാരം, പ്രശ്നം ഗുരുതരം എന്നു ബാലചന്ദ്രമേനോന് പറഞ്ഞ പോലാണു കാര്യങ്ങളുടെ കിടപ്പ്. ഈ ഗുരു തരപ്രശ്നത്തിന് ഒരു പരിഹാരം കാണാനാണ് പ്രശസ്ത ജര്‍മ്മന്‍ ബയോളജിസ്റ്റ് ആയ ഏണെസ്റ്റ് വാള്‍ട്ടര്‍ മേയര്‍ (Ernst Walter Mayr) 1976-ല്‍ ഒരു മഹാ സര്‍വേ നടത്തിയത്. ജന്തുലോകം മുഴുക്കെ അരിച്ചു പെറുക്കി പരിശോധിച്ച അദ്ദേഹം കണ്ടെത്തിയത്, തികച്ചും വെവ്വേറെ പരിണാമ വഴികളിലൂടെ ഒരു പത്തു നാല്‍പ്പതു വട്ടമെങ്കിലും പ്രകൃതി ഈ ഡിസൈന്‍ ആവര്‍ത്തിച്ചിട്ടുണ്ടെന്നത്രേ.
സുതാര്യവും പ്രകാശ സംവേദന ശേഷിയുള്ളതുമായ ഒരു കോശത്തില്‍ നിന്ന്, അല്ലെങ്കില്‍ ഒരു പിടി കോശങ്ങളില്‍ നിന്നാകണം ആദ്യത്തെ കണ്ണുകള്‍ ജനിച്ചത്. രൂപങ്ങളെ പ്രതിരൂപങ്ങളാക്കാനൊന്നും ശേഷിയില്ലാത്തവ. ഒരു പക്ഷേ, ഇരുട്ടും വെളിച്ചവും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ മാത്രം പ്രാപ്തമായവ. പ്രാകൃതവും അപകടം പിടിച്ചതുമായ ഒരു ലോകത്ത് ഇരുട്ടിനെ വെളിച്ചത്തില്‍ നിന്നും ശത്രുവിനെ മിത്രത്തില്‍ നിന്നും നിഴലിനെ നിലാവില് നിന്നുമൊക്കെ തിരിച്ചറിയാനാവുന്നത് എത്രത്തോളം സഹായകരമാവുമെന്നു പ്രത്യേകം പറയണ്ടല്ലോ: അന്നും ഇന്നും. പിന്നെപ്പിന്നെ തൊലിപ്പുറത്തെ ഒരു കുഴിക്കുള്ളില്‍ കൂട്ടിവച്ച പ്രകാശസംവാദകരായി കണ്ണുകള്‍ . പിന്നെയാ കുഴികളില്‍ സുതാര്യസ്തരം മൂടി സുതാര്യമായ പ്രോട്ടീന്‍ വന്നു നിറഞ്ഞ്, സിലിയറി പേശികളൊക്കെ നിര്‍മ്മിക്കപ്പെട്ട്, ദശലക്ഷം വര്‍ഷങ്ങളിലൂടെ ബ്ലോഗറിലേക്ക് ഉറ്റു നോക്കിയിരിക്കുന്ന ഈ കണ്ണുകള്‍ . അടുത്തിടെ നടത്തിയ ഒരു കമ്പ്യൂട്ടര്‍ സിമുലേഷന്‍ കാണിക്കുന്നത് 400,000 തലമുറകളിലൂടെ ഒറ്റക്കോശക്കണ്ണില്‍ നിന്നും ബോഷ് ആന്‍ഡ് ലോംബിന്റെ കോണ്ടാക്റ്റുമിട്ടു നടക്കുന്ന കാമറക്കണ്ണുകളിലേക്കെത്താമെന്നാണ്.
മേല്‍പ്പറഞ്ഞതൊന്നും സാങ്കല്പികങ്ങളല്ല. ഇന്നും ജീവിലോകത്തിലേക്ക് നോക്കിയാല്‍ പല രൂപത്തിലും കാണാം, പല തരം കണ്ണുകള്‍ . ചില ബാക്ടീരിയകളും ഫ്ലജല്ലങ്ങളും അവയുടെ ഒറ്റക്കോശത്തിലെ പ്രകാശ സവേദകങ്ങളായ ചില പിഗ്മെന്റുകളുപയോഗിച്ചാണ് “കാണുന്നത്”. ഈ കാഴ്ചയാകട്ടെ പ്രകാശമുണ്ട് അല്ലെങ്കില്‍ ഇല്ല എന്ന മട്ടിലേയുള്ളു. ഇത്തരം പിഗ്മെന്റ് നേത്രങ്ങളുപയോഗിച്ചാണ് ഇക്കൂട്ടര്‍ സൂര്യദേവനെ കണ്ടെത്തി സണ്‍ബാത്തൊക്കെ നടത്തുക. നോഷിലസ് (Nautilus) പോലുള്ള കക്കവര്‍ഗ്ഗങ്ങളാകട്ടെ സുഷിരക്ക്യാമറ പോലുള്ള കണ്ണുകളാണ് ഉപയോഗിക്കുന്നത്.
മനുഷ്യനേത്രങ്ങളും നീരാളിക്കണ്ണുകളും സമാന്തരമായി ഏതാണ്ട് ഒരേ ഡിസൈനില്‍ എത്തിച്ചേര്‍ന്നു എന്നു പറഞ്ഞല്ലോ. എന്നിരുന്നാലും ചില്ലറ വ്യത്യാസങ്ങള്‍ ഇവ തമ്മിലുണ്ട്. ഉദാഹരണത്തിന് മനുഷ്യനേത്രങ്ങളില്‍ സിലിയറി പേശികള്‍ വലിഞ്ഞും വലിക്കാതെയുമൊക്കെ നമ്മുടെ ലെന്‍സിന്റെ ഫോക്കല്‍ ദൂരത്തെ ക്രമീകരിക്കുന്നു. നീരാളിയിലാകട്ടെ ലെന്‍സിന് അതുപോലുള്ള ഫ്ലെക്സിബിലിറ്റിയൊന്നുമില്ല. അതിനാല്‍ കക്ഷിയുടെ സിലിയറി പേശികള്‍ ലെന്‍സിന് കാണുന്ന വസ്തുവുമായുള്ള ദൂരം ക്രമീകരിച്ചാണ് ഫോക്കസ് ചെയ്യുന്നത്. ഏതാണ്ട് എസെല്ലാര്‍ ക്യാമറ പോലെ.
അസംഭവ്യം എന്ന് ധീരമായി പറഞ്ഞ് തന്റെ അല്‍ഭുതം പ്രകടിപ്പിച്ച ഡാര്വിന് ഇനി ചിരിക്കാം. കാലാതിവര്‍ത്തിയായ തന്റെ വാക്കുകളെയോര്‍ത്ത് വീണ്ടും വീണ്ടും അഭിമാനം കൊള്ളാം. ഡാര്വിന് മരിക്കുന്നേയില്ല.
കണ്ടതും കേട്ടതും
ആലങ്കാരികമായി പറഞ്ഞാല്‍ കണ്ടും കേട്ടുമറിഞ്ഞടത്തോളമുണ്ടായിരുന്നില്ല ഔദ്യോഗികമായി പഠിച്ച ശാസ്ത്രജ്ഞാനം. പാഠ്യേതരമായി കിട്ടിയ പുസ്തകങ്ങളും ശാസ്ത്രസാഹിത്യ പരിഷത്തുമായുള്ള ബന്ധവുമാണ് അല്പം ശാസ്ത്രീയവും ലോജിക്കലുമായ പരിപ്രേക്ഷ്യമുണ്ടാക്കിത്തന്നത്. സ്കൂളില്‍ പഠിക്കുന്ന കാലത്താണ് യുറീക്കാ ബാലവേദിയിലെ ഒരു ക്വിസ് മത്സരത്തിന് സമ്മാനമായി ‘ഭൌതിക കൌതുകം’ കിട്ടുന്നത്. യാക്കോവ് പെരെല്‍മാന്‍ എന്ന റഷ്യക്കാരന്റെ ‘ഫിസിക്സ്’‘ പുസ്തകത്തിന്റെ പരിഭാഷ. ഇന്നേ വരെ ആഘോഷമായി ആവേശത്തോടെ വായിക്കാന്‍ കഴിഞ്ഞ ഒരേയൊരു ഫിസിക്സ് പുസ്തകമായിരുന്നു ‘ഭൌതിക കൌതുകം’. പില്ക്കാലത്ത്, ഫെയിന്മാന്റെ ഫിസിക്സ് ലെക്ചറുകളൊക്കെ അല്പം വായിക്കാനായെങ്കിലും എന്തോ യാക്കോവ് പെരെല്‍മാനായിരുന്നു ഏറ്റവും സ്വാധിനിച്ചത്. നിലയ്ക്കാത്ത യന്ത്രത്തെ (perpetual machine) പറ്റിയൊക്കെ വിശദമായി വായിക്കാനായതും അതിലൂടെത്തന്നെ. കാഴ്ചയുടെ മറിമായങ്ങളെപ്പറ്റി (optical illusion) അതിലൊരു അദ്ധ്യായം തന്നെയുണ്ടായിരുന്നെന്നാണ് എന്റെ ഓര്‍മ്മ. ചുവന്ന വസ്ത്രം കാട്ടിയാലൊന്നും കാളയെ ദേഷ്യം പിടിപ്പിക്കാനാവില്ല എന്നൊക്കെ പെരെല്‍മാന്‍ തന്മയത്വത്തോടെ പറഞ്ഞു തന്നിരുന്നു എന്റെ കുട്ടിക്കാലത്ത്(2). അടുത്തു കണ്ട ഒരു മലയാള സിനിമയില്‍ നായകന് വില്ലനെ കൊലയ്ക്കു കൊടുക്കുന്നത് ചുവന്ന പുതപ്പു പുതപ്പിച്ച് കാളക്കൂറ്റനു മുന്നിലേക്ക് അയച്ചിട്ടാണ്. കാളയ്ക്ക് നിറങ്ങള്‍ തിരിച്ചറിയാനുള്ള കഴിവ് തുച്ഛമാണെന്നും ചുവന്ന തുണി ചാരനിറത്തിലാവും കാള കാണുന്നതെന്നും പൊതു ജനത്തിനറിയാത്തതിനാലാവാം ഇത്തരം ചൊട്ടു വിദ്യകള്‍ സിനിമകളിലൊക്കെ ധാരാളം കാണുന്നത്.
കാളക്കണ്ണിന് നിറങ്ങള്‍ മാത്രമല്ല ആഴവും ശരിയായി കാണാനാവില്ലെന്ന് പഠിപ്പിച്ചതും പെരെല്‍മാനാണ്. തലയുടെ ഇരു വശത്തുമായി തള്ളിനില്ക്കുന്ന കണ്ണുകള്‍ ഉപയോഗിച്ച് ഏകദേശം 360 ഡിഗ്രി കാണാനാകും ഋഷഭേശ്വരന്. ഓരോ കണ്ണും ഓരോ വശത്തെയും പ്രപഞ്ചത്തെ കാട്ടിക്കൊടുക്കുന്നു. ധൃതിയില്‍പുല്ലു തിന്നുമ്പോഴും ആരെങ്കിലും പാത്തു വരുന്നുണ്ടോ, തന്നെ ബീഫാക്കാന്‍ എന്ന് തിരിച്ചറിയാന്‍ കഴിവുള്ള ഈ അല്‍ഭുതക്കണ്ണുകള്‍ കാളയ്ക്കു മാത്രമല്ല, മാന്‍ , മുയല് തുടങ്ങിയ മിക്ക സസ്തനി സസ്യഭുക്കുകളിലും കാണാം. എന്നാല്‍ അവയുടെ ഇരു കണ്ണുകളുടെയും ദൃശ്യമണ്ഡലങ്ങള്‍ പരസ്പരം സംയോജിക്കുന്നില്ല. അതിനാലാണ് ആഴത്തിന്റെ ഗുട്ടന്‍സ് കാളയ്ക്ക് കിട്ടാതെ പോയത്.
മാംസഭുക്കുകള്‍ക്കാകട്ടെ രണ്ടു കണ്ണുകളും നെറ്റിയ്ക്കു താഴെ ഒരേ പ്രതലത്തില്‍ ഘടിപ്പിച്ചിരിക്കുന്നു. ഇവ രണ്ടും ഏതാണ്ട് ഒരേ വസ്തു പ്രപഞ്ചത്തെയാണ് കാണുന്നത്. ഓരോ കണ്ണും മറ്റേതില്‍ നിന്ന് ഒരല്പം വേറിട്ടു കാണുന്നെന്നു മാത്രം. ഇത്തരം വേറിട്ടു കാഴ്ചയാണ് ത്രിമാനക്കാഴ്ചയുടെ രഹസ്യം. മിക്ക മാംസഭുക്കുകളുടെയും പച്ചരിയാണ് സ്റ്റീരിയോപ്സിസ് (Stereopsis) എന്നറിയപ്പെടുന്ന ഈ സുത്രം. തന്റെ ഇര എത്ര ദൂരത്താണെന്ന് കൃത്യമായി അളന്ന് തിട്ടപ്പെടുത്തി കുതിച്ചു ചാടാന്‍ ഇതിലൂടെ സാധിക്കുന്നു. എന്നാലോ പരപ്പിലുള്ള കാഴ്ച ഇവറ്റകള്‍ക്ക് തീരെയില്ലാ താനും. ആഴത്തില്‍ കാണുന്നവന് പരപ്പില്‍ കാണുന്നില്ല. മറ്റവന് ആഴമെന്തെന്നു തന്നെ അറിയുന്നില്ല. ജീവിക്കാനുള്ള പരമ്പരാഗത ജൈവികമത്സരത്തില്‍ രണ്ടു കൂട്ടരും വിജയിച്ചു കൊണ്ടേയിരിക്കുന്നു. ഒപ്പം പരാജയപ്പെട്ടുമിരിക്കുന്നു.
ജീവജാലങ്ങളുടെ പരിണാമത്തെ തമാശയായി ‘പരിണാമ ഗുസ്തി’ എന്നു വിശേഷിപ്പിച്ച ജീനിയസ് ആരാണ്? അങ്ങേയ്ക്ക് പ്രണാമം.
കണ്ണികള്‍
ഈ ലേഖനത്തിലെ അക്ഷരപ്പിശാച് ഒഴികെയുള്ള തെറ്റുകുറ്റങ്ങള്‍ക്ക് ഞാന്‍ ഉത്തരവാദിയല്ല. അത്തരം പരാതികളൊക്കെ താഴെക്കാണുന്ന ഏതെങ്കിലും വെബ്സൈറ്റുകള്‍ക്ക് സൌകര്യം പോലെ അയച്ചു കൊടുക്കുക:
- http://www.atheists.org/evolution/halfawing.html
- http://www.talkorigins.org/faqs/vision.html
- http://home.austarnet.com.au/stear/evolution_of_the_eye.htm
- http://ebiomedia.com/gall/eyes/eye1.html
- http://www.karger.com/gazette/64/fernald/art_1_5.htm
- http://www.wehi.edu.au/resources/vce_biol_science/articles/finkel3.html
- http://en.wikipedia.org/wiki/Ernst_Mayr
(1) “that the eye , with all its inimitable contrivances for adjusting the focus to different distances, for admitting different amounts of light, and for the correction of spherical and chromatic aberration, could have been formed by natural selection seems, I freely confess, absurd in the highest possible degree“
(2) ഇതെഴുതിത്തീര്‍ത്ത ശേഷം പെരെല്‍മാന്‍ + ഭൌതിക കൌതുകം എന്നു ഗൂഗിള്‍ ചെയ്തപ്പോഴാണ് വക്കാരിയുടെ ഈ പോസ്റ്റില്‍ ചെന്നുടക്കിയത്. പെരെല്‍മാനെപ്പറ്റി നമ്മുടെ ബൂലോകര് അവിടെ സംവദിക്കുന്നുണ്ട്.
പ്രത്യേകം ശ്രദ്ധിക്കുക: ഇതിലെ ചിത്രങ്ങള്‍ (ത്രിമാനക്കാഴ്ച ഒഴികെ) വിക്കിപ്പീഡിയയില്‍ നിന്നാണ്. എല്ലാ ചിത്രങ്ങളുടെയും പകര്‍പ്പവകാശം അതാത്പടങ്ങള്‍ എടുത്തവര്‍ക്കാണ്. ഒരു ചിത്രത്തിലും ഒരു അവകാശവാദവും എനിക്കില്ല. ചിത്രങ്ങള്‍ അറിവു കൈമാറാന്‍ മാത്രം.
വിഭാഗം: ശാസ്ത്രം
32 comments:
കൂമാ,
കാഴ്ചയെപ്പറ്റിയല്ലേ?
ഇതിനു കമന്റെഴുതാന്‍ കുറേയധികമുണ്ട്!
കൂമന്മാര് ഉറങ്ങുകയും കാക്കകള്‍ ഉണരുകയും ചെയ്യുന്ന യാമം വരട്ടെ, അപ്പൊഴാവാം!
ശരി കൂമാ,
കുറച്ചു സംശയങ്ങള്‍ ഉണ്ട്-
1. എന്തിനാണു നമ്മുടെ കണ്ണുകള്‍ നീളത്തിലായത്? വട്ടത്തിലായിരുന്നാല് പോരേ?
2. എന്തിനാണ് കണ്ണുകളിലിത്ര ‘തമാശ’?
3. എന്തിനാണു കണ്ണുകള്‍ നെറ്റിക്കു താഴെ, മൂക്കിനു മുകളില്‍? തലയില്‍ തന്നെയോ, കവിളത്തോ,അല്ലെങ്കില്‍ ഒരെണ്ണം മുന്നിലും പിന്നൊന്നു പിറകിലും എന്നൊക്കെ മതിയായിരുന്നില്ലേ?
4. സാധാരണ ലെന്സുകളിലൊക്കെ തലകീഴായല്ലേ പ്രതിബിംബം ഉണ്ടാവുക? കണ്ണിനു മാത്രം എന്തേ ഇങ്ങനെ?
5. കൂമന് കാണുന്ന മഞ്ഞയും ഞാന്‍ കാണുന്ന മഞ്ഞയും (അല്ലെങ്കില്‍ ചുവപ്പും / നീലയും / പച്ചയും) ഒന്നു തന്നെയൊ?
6. സങ്കടം വരുമ്പോള്‍ എന്തിനാണു കണ്ണീരു വരുന്നത്?
കൂമന്‍സ്..
ഗംഭീര ലേഖനം...
എഴുത്തിലെ സരളതയും പ്രസാദാത്മകതയും ഇതിനെ മനോഹരമായ ഒരു ബൌദ്ധിക അനുഭവമാക്കുന്നു...
നന്ദി...അഭിനന്ദനങ്ങള്‍...
വ്വൌ വ്വൌ കൂമാ, അടിപൊളി. എത്ര സരളമായി (കടപ്പാക്കട ലാപ്പുഡ) വിവരിച്ചിരിക്കുന്നു.
കണ്ണിനെപ്പറ്റി ഓര്‍ക്കുമ്പോള്‍ ഒരു കാര്യം നമ്മള് മറക്കരുത്. നമ്മള് മനുഷ്യര്‍ക്ക് മാത്രമുള്ള സൈറ്റടി. സൈറ്റടിക്കുന്ന വേറേയും ജീവികളുണ്ടെങ്കിലും (ഉണ്ടോ?) സൈറ്റടിച്ചാല്‍ തിരിച്ചടിക്കുന്നത് മനുഷ്യര്‍ മാത്രമായിരിക്കും :)
അപ്പോള്‍ മനുഷ്യന് പരല്ക്കാഴ്ചയും ആഴക്കാഴ്ചയുമുണ്ടോ? മനുഷ്യശരീരം ഒരു പുല്ലുതീനിഡിസൈനല്ലേ-പല്ല്, വയറ്, കുടല്, അയവിറക്കല്‍, ദഹനം, പകലധ്വാന-രാത്രിയുറക്ക രീതി-യൊക്കെ പ്രകാരം? അപ്പോള്‍ കണ്ണിന്റെ ഡിസൈന്‍ അതിനനുസരിച്ചാണോ അതോ മിശ്രഭോജി ടൈപ്പാണോ?
ഭൌതിക കൌതുകം പരല്മീനെഴുതിയതാണെന്നറിയില്ലായിരുന്നെങ്കിലും ആ പുസ്തകം പടം കാണാന്‍ വേണ്ടി മാത്രം വല്ലപ്പോഴുമൊക്കെ തുറന്ന് നോക്കുമായിരുന്നു. അതിലെ ഒപ്റ്റിക്കാലിറ്റിക്ക ഇല്ല്യൂഷിനാമിയ എന്നേയും ആകര്‍ഷിച്ചിരുന്നു. നമ്മള് ഏത് കോണില്‍നിന്ന് ഏങ്കോണിച്ച് നോക്കിയാലും നമ്മളെത്തന്നെ നോക്കുന്ന രീതിയിലുള്ള ഒരു മുഖത്തിന്റെ പടമൊക്കെയുള്ള പേജ് ഇപ്പോഴും ഓര്‍ക്കുന്നു.
കാഴ്ചയെപ്പറ്റി പറഞ്ഞപ്പോള്‍ ബ്ലസ്സിയെപ്പറ്റി പറയാത്തത് ഒരു കുറവായി തോന്നുന്നു-കുറഞ്ഞ പക്ഷം പത്മപ്രിയയെപ്പറ്റിയെങ്കിലും :)
ചളത്തിനു മാപ്പ്. പക്ഷേ ലേഖനം അടിപൊളി. വളരെ ആസ്വദിച്ച് വായിച്ചു.
കൂമാ :)
ലേഖനത്തിന് നന്ദി.
വിശ്വം :)
1) കണ്ണുകള്‍ നീളത്തില്‍ ആയത് മുഖത്ത് എന്തെങ്കിലും നിറയണ്ടേ. മുഖം അല്ലെങ്കില്‍ ഒഴിഞ്ഞുകിടക്കില്ലേ. പിന്നെ പഠിക്കാന്‍ ഒന്നുംകൂടെ ഉണ്ടാവും, മുഖത്ത്. അതൊക്കെ വല്യ വിഷമം അല്ലേ.
2) കണ്ണുകളിലല്ലാതെ പിന്നെ മൂക്കില്‍ തമാശയുണ്ടായാല് ആരെങ്കിലും നോക്കുമോ? മൂക്ക് ജലദോഷം വരാന്‍ ആണെന്ന് കണ്ടുപിടിച്ചത് എന്റെ ഏട്ടനാണ്. കുട്ടിയായിരിക്കുമ്പോള്‍.
3)കണ്ണുകള്‍ നെറ്റിക്ക് താഴേ ആയിട്ട് തന്നെ അവന് 100 കണ്ണാ, അവള്‍ക്ക് 100 കണ്ണാ എന്ന് പറയും. പിന്നെ തലയ്ക്ക് പിന്നിലും കൂടെ ഉണ്ടായിരുന്നെങ്കിലോ.
4) അതിപ്പോ അങ്ങനെ തന്നെ വേണമെങ്കില്‍ തല കുത്തി നില്ക്കാനൊരു ഓപ്ഷന് ഉണ്ടല്ലോ.
5)കൂമന് കാണുന്ന മഞ്ഞ ചിലപ്പോ വല്ല ചുരിദാറിന്റേം ഷാള്‍ ആകും. അതു തന്നെ വേറെ ഒരാള്‍ കാണണം എന്നില്ല.
6)വെറുതെ സങ്കടം വന്നാല്‍ ആര്‍ക്കെങ്കിലും മനസ്സിലാവുമോ. അതുകൊണ്ട് കണ്ണുള്ളവര്‍ കാണട്ടെന്ന് വിചാരിച്ച് കണ്ണ് നമ്മളെ സഹായിക്കുന്നതാ.
(ഹോ... എനിക്കൊരു ജോലീം ഇല്ലാഞ്ഞത് നന്നായി. അതുകൊണ്ട് 6 ചോദ്യത്തിന് ഉത്തരം പറയാന്‍ പറ്റി.)
ഇനി അങ്ങോട്ടൊരു ചോദ്യം.
കാഴ്ചയുണ്ടായിട്ടും ചിലപ്പോള്‍ കണ്ടില്ലാന്ന് നടിക്കുന്നത് കണ്ണാണോ? അതോ വെറുതെ അതിനെ പഴി ചാരുന്നതാണോ?
ലളിതം മനോഹരം.
കൂമാ,
ലളിതം, മനോഹരം. കാഴ്ചയുടെ പരിണാമം കണ്ടുപിടിക്കാന്‍ ഇപ്പോഴും ഒരുപാടു ഗവേഷണങ്ങള്‍ നടക്കുന്നുണ്ട്.
വിശ്വേട്ടന്റെ ചോദ്യവും ( കൂമന് കാണുന്ന മഞ്ഞയും ഞാന്‍ കാണുന്ന മഞ്ഞയും (അല്ലെങ്കില്‍ ചുവപ്പും / നീലയും / പച്ചയും) ഒന്നു തന്നെയൊ?)
ശാസ്ത്ര രംഗത്ത് വളരെ പേര് ചോദിക്കുന്നു. അല്ല എന്നതാണ് ആദ്യത്തെ ഉത്തരം. ഗവേഷണങ്ങള്‍ നടക്കുന്നു.
ലേഖനം പലര്‍ക്കും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ വളരെ സന്തോഷം. വിശ്വത്തിന്റെ ചില ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ശ്രമിക്കാം.
(4) റെറ്റിനയിലും തലകീഴായിട്ടാണ് പ്രതീബിംബം ഉണ്ടാകുന്നത്. തലച്ചോറാണ് സംഭവം ഒന്നു കൂടി തലകീഴാക്കുന്നത്. ഇതെപ്പറ്റി പെരെല്‍മാന്റെ പുസ്തകത്തില്ത്തന്നെയാണോ പറഞ്ഞിരിക്കുന്നതെന്നു നിശ്ചയമില്ല. പണ്ട് (അതും റഷ്യയില്‍ തന്നെ) ഒരു പരീക്ഷണം നടത്തിയത്രേ. തലകീഴാക്കി കാണിക്കുന്ന ഒരു കണ്ണട ഇട്ടുകൊടുത്തിട്ട് ഒരുത്തനോടു നടന്നു നോക്കാന്‍ പറഞ്ഞു. ബ്രെയിനിന് ആകെ മൊത്തം കണ്‍ഫ്യൂഷനായി. പക്ഷേ മണിക്കൂറുകള്‍ക്കുള്ളില്‍ അയാള്‍ എല്ലാം നേരാം വണ്ണം കാണാന്‍ തുടങ്ങി. തലച്ചോറ് ഇമേജുകളെ വീണ്ടും തലതിരിച്ചു വായിച്ചു എന്നര്‍ത്ഥം.
ഇതോടൊപ്പം തന്ന്നെ കൂട്ടിവായിക്കാം കാഴ്ചയുടെ ആപേക്ഷികതയും. ഡാലിയും വിശ്വവും ചോദിക്കുന്ന കൂമന് കാണുന്ന മഞ്ഞ ഷാളും മറ്റുള്ളവര്‍ കാണുന്ന മഞ്ഞയും തമ്മിലുള്ള വ്യത്യാസം. ഒരു ജാഡയ്ക്ക് ഒന്നു കോട്ടിക്കൊണ്ട് പറയട്ടെ. ശ്രീ നിത്യ ചൈതന്യ യതി (ബൃഹദാരണ്യകോപനിഷത്) ഇതിനെ പറ്റി പ്രതിപാദിച്ചിരിക്കുന്നതനുസരിച്ച്, നമ്മള് കാണുന്നത് വസ്തു പ്രപഞ്ചത്തെയല്ല മറിച്ച് നമ്മള് തന്നെ സൃഷ്ടിക്കുന്ന ആത്മ പ്രപഞ്ചത്തെയാണ്. (ഏകദേശരൂപമാണ്. പുസ്തകത്തിന്റെ കോപ്പി കൈവശമുള്ളവര്‍ ശരിയായി quote ചെയ്യട്ടെ) ഉദാഹരണത്തിന് നാം ചന്ദ്രനെ കാണുന്നില്ല പകരം നാം സൃഷ്ടിക്കുന്ന മറ്റൊരു ചന്ദ്രനെയാണു കാണുന്നത്.
ഒരല്പം വര്‍ണ്ണാന്ധതയുള്ള ഒരു സുഹൃത്തിന്റെ കാര്യം പറയാം. കക്ഷിയും ഭാര്യയും തുണി വാങ്ങാനിറങ്ങുന്നു. ചാരം, അഴുക്കിന്റെ അഴകു നിറം ഇവയൊക്കെയാണ് മൂപ്പര്ക്കിഷ്ടം. മൂപ്പത്തിക്കാകട്ടെ ഇളം പിങ്ക് തുടങ്ങിയവ. പലപ്പോഴും എന്റെയിയീ സുഹൃത്ത് ഇളം ചാരനിറമെന്നു കരുതി പിങ്ക് ഷര്‍ട്ടു വാങ്ങി പിന്നീട് തിരിച്ചു കൊടുത്തിട്ടുണ്ട്.
നാം കാണുന്നത് എന്തുമായിക്കോട്ടെ. രണ്ടൂനിയമങ്ങള് :
1. പഞ്ചേന്ദ്രിയങ്ങള്‍ തമ്മില്‍ അറിയുന്ന വസ്തുവിനെപ്പറ്റി ഒരു അണ്ടര്സ്റ്റാന്ഡിങ് വേണം. കാണുമ്പോള്‍ ഐസ്കട്ട. തൊട്ടാല്‍ പൊള്ളുന്ന പോലെ തോന്നുന്നു എന്നവണ്ണമുള്ള co-ordination ഇല്ലായ്മ പ്രശ്നമുണ്ടാക്കും.
2. നാം അറിയുന്നതും (കാണുന്നതടക്കം) മറ്റുള്ളവര്‍ അറിയുന്നതായി അവര്‍ അവകാശപ്പെടുന്നതും തമ്മില്‍ conflict ഇല്ലാതിരിക്കണം. ഇല്ലെങ്കില്‍ ന്യൂനപക്ഷം ആരാണോ അവന് /അവര്‍ /അവള് ഊളമ്പാറയിലെത്തും. (ഭൂരിപക്ഷമാണ് ശരി!)
ബാക്കിയുള്ള കമന്റുകള്‍ക്ക് “കാക്കകള്‍ ഉറങ്ങുന്ന” യാമത്തില്‍ മറുപടിയെഴുതാം. കൂമനുറങ്ങാറായി.
നമുക്ക് നമ്മുടെ കാഴ്ചയെപ്പറ്റിമാത്രമല്ലേ പറയാന്‍ സാധിക്കുകയുള്ളൂ.മനുഷ്യകേന്ദ്രിതമായ അറിവുവച്ചാണ് നാം മൃഗങ്ങളുടെയും മറ്റുജീവികളുടെയും കാഴ്ചയെപ്പറ്റിയും അനുഭവലോകത്തെപ്പറ്റിയും പറയുന്നത്.
ഓരോ ഭൂപ്രദേശത്തേയും തദ്ദേശീയരായ മനുഷ്യര്‍ വ്യത്യസ്തരീതിയിലാണ് കാഴ്ചയെ അപനിര്‍മ്മിക്കുന്നത്.അലാസ്കന്‍ എസ്കിമോകള്‍ക്ക് മുപ്പതുതരം മഞ്ഞി(snow)നെ വേര്‍തിരിച്ച് പറയാന്‍ വേണ്ട വാക്കുകളുണ്ട്.അതേസമയം അവരുടെ കളര്‍ സ്പെക്ട്രം വളരെ ചെറുതാണ്.തെക്കന്‍ സുഡാനികളായ ന്യൂവര്‍(Nuer) വംശജര്ക്കാണെങ്കില് തങ്ങളുടെ ആടുമാടുകളുടെ ഇരുപത്തേഴോളം നിറങ്ങള്‍ തിരിച്ചറിയാമത്രെ.തിരയെ ഭയന്നു കഴിയുന്ന ദ്വീപുവാസികള്‍ ഓരോ തിരയെയും അവയുടെ രൂപവും ഭാവവും നോക്കി പേരുചൊല്ലി വിളിക്കാറുണ്ട്.
ഇന്നത്തെ പത്രത്തില്‍ വന്നത് (http://abcnews.go.com/Technology/DyeHard/story?id=2371692&page=1). പാമ്പില്‍ നിന്ന് രക്ഷപെടാനാണത്രെ ഇരുകാലികളുടെ കാഴ്ചശക്തി വര്‍ദ്ധിച്ചത്.
കൂമനും ഇസ്ബെല്ലും ഏബീസീയും ഒക്കെ തമ്മില്‍ നല്ല പൊരുത്തമാണല്ലോ. ഇന്ന് തന്നെ ആ വാര്‍ത്ത വന്നല്ലോ.
അപ്പോള്‍ അക്കാലത്തെ ഏറ്റവും വലിയ വില്ലന്‍ പാമ്പായിരുന്നോ?
നല് ലേഖ് (കട: വക്കാരി)
ഈ ചുവന്ന വസ്ത്രം കാണിച്ചല്ല മറിച്ച് അത് ഇങ്ങിനെ ദ്രുതഗതിയില്‍ (ന്റെഅമ്മേ!)ചലിപ്പിക്കുന്നത് കൊണ്ടാണെന്ന് സ്പാനിഷ് കാളയോട്ടത്തെപട്ടി ഞാനും കേട്ടിട്ടുണ്ട്..
നല് ലേഖ് (കട: വക്കാരി)
ഈ ചുവന്ന വസ്ത്രം കാണിച്ചല്ല മറിച്ച് അത് ഇങ്ങിനെ ദ്രുതഗതിയില്‍ (ന്റെഅമ്മേ!)ചലിപ്പിക്കുന്നത് കൊണ്ടാണെന്ന് സ്പാനിഷ് കാളയോട്ടത്തെപറ്റി ഞാനും കേട്ടിട്ടുണ്ട്..
കാളയോട്ടമാണോ കാളപ്പോരാണോ ഇഞ്ചീ?
സുധീറേ ഇതാണു ഞാന്‍ ഈയടുത്ത കാലത്തു വായിച്ച ഏറ്റവും മനോഹരമായ ലേഖനം. വീണ്ടും വീണ്ടും വായിക്കുവാന്‍ തോന്നിപ്പിക്കുന്ന ലേഖനം. വളരെ നന്നായിട്ടുണ്ടു്.
വളരെ നല്ല ലേഖനം, കൂമാ!
നമ്മുടെ വൈജ്ഞാനികരംഗം വളരെ ഉണര്വുള്ളതായിക്കാണുന്നതില് വലിയ സന്തോഷം. ഇനിയും ഇത്തരം ലേഖനങ്ങള്‍ പ്രതീക്ഷിക്കുന്നു.
പെരെല്മാനെ പറ്റി പറഞ്ഞതിനു പൂവിന്റെ പടം ഇട്ടിട്ടു പണ്ടു അച്ഛനുമമ്മയും പുസ്തകം വാങ്ങിക്കൊടുത്തിട്ടും അതിലെ തുറിച്ചുനോക്കുന്ന മനുഷ്യന്റെ പടം മാത്രം നോക്കിയിരുന്ന വക്കാരിക്കു ക്രെഡിറ്റ്. പെരെല്‍മാനെപ്പറ്റി വാഗ്മികളും വാചാലരുമായ എനിക്കും വിശ്വത്തിനും പാപ്പാനും ദേവനും സൂവിനുമൊന്നും ക്രെഡിറ്റൊന്നുമില്ലേ കൂമാ?
വക്കാരിയുടെ ആ പോസ്റ്റു വായിച്ചപ്പോള്‍ പിന്നെ ഓഫടിക്കാന്‍ ഒന്നുമില്ലാതെ ഇത്തിരിവെട്ടം ചോദിച്ചതും ശ്രീജിത്ത് ശ്ലോകത്തില്‍ ഉത്തരം പറഞ്ഞതും പിന്നെ ആകെ അല്ഗുല്ത്തായതും ആയ ജിറാഫ്-ആന ചോദ്യങ്ങളും ഉത്തരങ്ങളും അവിടെ വക്കാരി പ്രാസംഗികമായി പറഞ്ഞുവെച്ചിരിക്കുന്നതും കണ്ടു.
അങ്ങനെ ഇഞ്ചി ദ്രുതഗതി എന്നൊക്കെ തെറ്റില്ലാതെ എഴുതിത്തുടങ്ങി. എന്റെ ജീവിതം ധന്യമായി :)
(വിദ്യാര്‍ത്ഥികള്‍ നന്നാവുന്നതാണു് അദ്ധ്യാപകന്റെ മഹത്ത്വം എന്നര്‍ത്ഥമുള്ള ഒരു ശ്ലോകം കാളിദാസന്റെ മാളവികാഗ്നിമിത്രത്തിലുണ്ടു്. മറന്നുപോയി.)
കണ്ണുകള്‍ പരിണാമ പ്രക്രിയയിലൂടെയാണ് വികസിച്ചതെങ്കില്‍ .... ഇനിയും എന്തെല്ലാം കാണേണ്ടി വരും. എന്തെല്ലാം മാറ്റങ്ങള്‍ കാലക്രമേണ ഉണ്ടായേക്കാം. നല്ല ലേഖനം. :)
മഹത്ത്വം അല്ല ഉമേഷേട്ടാ മഹത്വം...
എങ്ങിനെ ? മഹ + ത്വം.. സന്ധി ചേരുമ്പൊ വാതം വരുമൊ? ഹിഹിഹി..
(ദൈവമെ! ഇനി ഇതിന്റെ സ്പെല്ലിങ്ങ് ഇങ്ങനല്ലേ പോലും?)
ഹിഹിഹി..കൊത്തി കൊത്തി മരത്തേക്കേറി അല്ലെങ്കില്‍ മാര്‍പ്പാപ്പേനെ കുര്‍ബാന എന്നിങ്ങിനെയൊക്കെ കാളിദാസന് എഴുതീട്ടുണ്ടൊ?
കൂമന്‍സ് -ജി, ആദ്യം കാള ഓടിയട്ടല്ലേ പിന്നെ പോരിനിറങ്ങാ ? ഹിഹിഹി ( പെരിങ്ങ്സിന് പഠിക്കാണ് ) ബുള്‍ ഫൈറ്റിങ്ങ് എന്ന് ഞാന്‍ വിവര്‍ത്തനം ചെയ്തപ്പൊ കാള ഓടിത്തുടങ്ങിയതാ :-)
മഹത്വമല്ല ഇഞ്ചീ മഹത്ത്വം. മഹത് + ത്വം. ഈ പോസ്റ്റിന്റെ അവസാനഭാഗം വായിക്കുക.
മഹത്വം തെറ്റാണെന്നു പറയുന്നില്ല. (ശരിയല്ല എന്നേ പറയുന്നുള്ളൂ :) ) എന്നാല്‍ മഹത്ത്വം തെറ്റാണെന്നു പറഞ്ഞാല്‍ അമ്മച്ചിയാണേ ഞാന്‍ അലമ്പുണ്ടാക്കും!
കാളിദാസനു മാര്പ്പാപ്പയെപ്പറ്റി അറിയില്ലായിരുന്നു. “പിതൃശിരസ്സിലോ ക്ഷൌരപഠനം” എന്നു് അദ്ദേഹം ചോദിച്ചിട്ടുണ്ടോ എന്തോ? :)
അതുപോലെ, നമ്മള് ഇടക്കിടെ കണ്ണു ചിമ്മുമെങ്കിലും ദൃശ്യങ്ങള്‍ അനസ്യൂതമായി കാണുന്നതിനെ പറ്റി ഒരു പഠനം നടന്നിരുന്നു. കണ്ണു ചിമ്മുന്ന സമയം തലച്ചോറിന്റെ വേണ്ടപ്പെട്ട ഭാഗവും നിര്ജ്ജീവമാകുന്നെന്നായിരുന്നു പഠനഫലം. വായ്ക്കകത്ത് വിളക്ക് കത്തിച്ചായിരുന്നു പഠനം.
http://news.bbc.co.uk/2/hi/health/4714067.stm
ഇത് നന്നായി കൂമന്‍സ് :)
ഇങ്ങനത്തെ സാധനങ്ങളല്ലേ ബൂലോഗത്ത് കൂടുതലായി വരേണ്ടത്.
പണ്ട് പറങ്ങേണ്ടി ചുട്ട് തല്ലിയത് ഷെയര്‍ വച്ച തര്ക്കത്തിടേല് ഞാന്‍ രണ്ടു പിടി വാരി വിഴുങ്ങിക്കളഞ്ഞു. ഇത് അതുപോലെ ഹെവിയായി സുധീറേ. മിനിമം ഒരാഴ്ച്ചയെടുക്കും കമന്റെങ്കിലും എനിക്കു പൊന്താന്‍..
ഈ പെരെല്‍മാന്‍ പ്രേതം പിടികൂടാത്ത "മദ്യ"വയസ്കന് ഇല്ലെന്നാ തോന്നുന്നത്.. കാഴ്ച്ച എന്നു പറയുമ്പോള്‍ എനിക്ക് പരല്‍ മീന്‍ വരച്ച 360 ഡിഗ്രീ വിഷനുള്ള മുയലിന്റെ പടം..
നന്നായിരിക്കുന്നു കൂമന്.
നല്ലപോലെ പഠിച്ച് ചെയ്ത ആധികാരിക ലേഖനം.
ബിന്ദു:
നമ്മള് കാണേണ്ടി വരില്ല. നമ്മളൊക്കെ നല്ല വളക്കൂറുള്ള മണ്ണായ ശേഷം ഒരു ലക്ഷം വര്‍ഷം കൂടി കഴിഞ്ഞാലേ എന്തെങ്കിലുമൊക്കെ സംഭവിക്കൂ. അല്ലെങ്കില്‍ പെട്ടെന്നുള്ള എന്തെങ്കിലും പുറം ശക്തിയാല്‍ ജീനുകള്‍ക്ക് അവസ്ഥാന്തരം ( മ്യൂട്ടേഷന് ) സംഭവിക്കണം.
മനുഷ്യരുടെ കാര്യത്തില്‍ മറ്റൊന്നു കൂടിയുണ്ട്. പരിണാമ പ്രക്രിയയില്‍ നേരിട്ട് ഇടപെട്ട് ചളമാക്കുന്ന ആദ്യത്തെ സ്പീഷിസാണ് മനുഷ്യന് . പക്ഷെ ഇരു തലമൂര്‍ച്ചയുള്ള (മൂര്‍ച്ച: sharpness, മൂര്‍ഛ: അബോധം , അര്‍ത്ഥം ശരിയാണോ ഉമേഷേ? അതോ മൂര്‍ഛ എന്നു വച്ചാല്‍ ബോധമാണോ? മൂര്‍ഛിച്ചു എന്നു പറഞ്ഞാല്‍ ബോധം കെട്ടു എന്നാണെന്നു തോന്നുന്നു) ഒരു കത്തിയാണത്. ഒരേ സമയം പരിണാമത്തില്‍ ഇടപെടുകയും ഒപ്പം പരിണാമ പ്രക്രിയയിലൂടെ ദുര്‍ബലമാവുകയും ചെയ്യുന്നു. ഉദാ: രണ്ടു മാനുകളെ സങ്കല്‍പ്പിക്കുക. ഒന്ന് ഹ്രസ്വദൃഷ്ടിക്കാരി, മറ്റവള് ജഗജില്ലി, ഇലയനക്കം പോലും ഒരു മൈല്‍ ദൂരത്തു നിന്ന് കാണുന്നവള്‍ . ആദ്യത്തവള്‍ പരിണാമ പ്രക്രിയയില്‍ ക്രമേണ deselected ആവുകയും രണ്ടാമത്തെ ജനുസ്സ് പ്രോത്സാഹിക്കപ്പെടുകയും ചെയ്യും. ഒരായിരം രണ്ടായിരം വര്‍ഷങ്ങള്‍ കഴിഞ്ഞ് നോക്കിയാല്‍ ജഗജില്ലിയുടെ പ്രജനനികള് എണ്ണത്തില്‍ കൂടുതലായിരിക്കും.
മനുഷ്യനാകട്ടെ ഒരു മന്തന് കണ്ണട ഫിറ്റ് ചെയ്ത് രണ്ടു പേര്‍ക്കും തുല്യമായ survival opportunity നല്കുന്നു. ഇത് പരിണാമ പ്രക്രിയയില്‍ നമ്മുടെ സ്വാഭാവികമായ കഴിവുകളെ നേര്‍പ്പിക്കും. എന്നു വച്ച് രോഗത്തിനു ചികിത്സിക്കാതിരിക്കണോ, വേണ്ടേ വേണ്ട എന്നു തന്നെ ഉത്തരം.
നാസികള്‍ വംശീയ വധത്തോടൊപ്പം മറ്റൊരു ആശയം തലയില്‍ കൊണ്ടു നടന്നിരുന്നു. ചീത്ത ജീനുകളെ deselect ചെയ്യുക. അതായത് ശാരീരിക വൈകല്യങ്ങളുള്ളവരെ കൊന്നൊടുക്കുക എന്നര്‍ത്ഥം. നാസികള്‍ മാത്രമല്ല വര്‍ണ്ണ വെറിയന്മാരും survival of the fitest എന്നതിനെ തങ്ങളുടെ രാഷ്ട്രീയ ലബ്ധികള്ക്കായി വളച്ചൊടിച്ചിട്ടുണ്ട്.
മനുഷ്യന്റെ കാര്യത്തിലുള്ള ഏറ്റവും വലിയ മെച്ചം അവന് സ്വന്തം സ്പീഷിയേഷനും ഒന്നും കാണേണ്ടി വരില്ല. കാരണം അതിനു മുന്‍പേ അവന് സ്വന്തം പട്ടട തീര്‍ത്തോളും.
ഉമേഷേ, ഞാന്‍ വക്കാരിക്കു മാത്രമായി ക്രെഡിറ്റ് കൊടുത്തോ? വക്കാരിയുടെ പോസ്റ്റില്‍ നമ്മുടെ ബൂലോഗര്‍ സംവദിക്കുന്നു എന്നല്ലേ പറഞ്ഞത്? കലേഷിന് ആശംസകളായി പൂക്കളുടെ പടമിട്ട പോസ്റ്റിലല്ലേ നിങ്ങളെല്ലാം കൂടി പെരെല്‍മാന്‍ നമസ്തുഭ്യം പാടിയത്. നമിക്കണം.
പ്രോത്സാഹിപ്പിച്ച എല്ലാര്ക്കും നന്ദി.
ഈ ലേഖനത്തില്‍ പറയാന്‍ വിട്ടു പോയ ഒന്നു രണ്ടു കാര്യങ്ങളും ചില കമന്റുകള്‍ക്കുള്ള മറുപടിയും വേറൊരു കമന്റായിടാം. (അങ്കവും കാണാം താളിയുമൊടിക്കാം)
നാം കുഞ്ഞുങ്ങളെ അനുകരിച്ച് കാഴ്ചക്കാരനില്‍ സഹാനുഭൂതി ജനിപ്പിക്കാനാണാത്രേ കരയുമ്പോള്‍ കണ്ണീര് വരുന്നത്. അത്തരത്തില്‍ സഹാനുഭൂതി ജനിപ്പിക്കാന്‍ കഴിയുന്നത് ഒരു സര്‍വൈവല്‍ അഡ്വാന്റേജാണു പോലും. ഇവിടെ നോക്കൂ. എന്തോ എനിക്കു വിശ്വാസം വരുന്നില്ല.
ലേഖനത്തോടൊപ്പം എഴുതി വച്ചിട്ട് ചേര്‍ക്കാന്‍ വിട്ടു പോയ ഒന്നാണ് പുരിക പുരാണം. മുന്‍പെപ്പോഴോ യാഹൂ ചോദ്യോത്തരങ്ങളില്‍ വായിച്ചതാണ്. പുരികങ്ങള്‍ വിയര്‍പ്പും മഴവെള്ളവും കണ്ണില്‍ വീഴാതിരിക്കാനാണത്രേ. കണ്ണില്‍ വിയര്‍പ്പും വെള്ളവും വീണാല്‍ ഏതെങ്കിലും കശ്മലമൃഗം തിന്നും (പണ്ടാണേ) എന്നു പ്രത്യേകം പറയണ്ടല്ലോ. ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ താഴെ പറയുന്ന പരീക്ഷണത്തില്‍ ഏര്‍പ്പെടുക:
ചൂടുള്ള ഒരു രാത്രിയില്‍ കൊടിച്ചിപ്പട്ടികള്‍ മാത്രം വിഹരിക്കുന്ന വിജനമായ ഒരു നാല്ക്കവലയില് പുരികം വടിച്ച ശേഷം ജോഗിങ്ങിനു പോവുക. രക്ഷപ്പെടുന്നെങ്കില്‍ വിവരം ഒരു കമന്റായി അറിയിക്കുക.
ഭൌതിക കൌതുകങ്ങള്‍ ഇങ്ങനെ പച്ചമലയാളത്തില്‍ വായിക്കാനൊക്കുന്നത് ഒരനുഗ്രഹമാണു കൂമാ. കൌതുകങ്ങള്‍ ശരിക്കുമുണ്ടായിരുന്ന കാലത്ത് ചുറ്റുവട്ടത്തുള്ള പരിഷത്തുകാര്‍ക്ക് മറ്റുപലതിലുമായിരുന്നു കൌതുകം. നാലോ അഞ്ചോ വര്‍ഷങ്ങള്‍ ഒന്നോ രണ്ടോ തലമുറയുടെ വ്യത്യാസം അനുഭവപ്പെടുത്തുന്നു എന്നു പറയുകയായിരുന്നു. ആനുകാലികങ്ങളും ഇത്തരം കൌതുകങ്ങളുടെ കാര്യം മറന്നു.
അപ്പോള്‍ കൂമാ, ഇരുട്ടത്തിരുന്ന് താങ്കള്‍ ഇനിയും ഇത്തരം കാഴ്ചകള്‍ കാട്ടിത്തരുക. ആര്‍ത്തിയോടെ കാണാനെത്താം.
പെരിങ്ങോടന് പറഞ്ഞപോലെ ഈ ആഴ്ച വായിച്ച(ബ്ലോഗുകളില്‍ മാത്രമല്ല) ഏറ്റവും നല്ല ലേഖനം.
സരമാഗോവിന്റെ ബ്ലൈന്‍ഡ്നെസ് വായിച്ചിട്ടുണ്ടാവുമല്ലേ? ഇല്ലെങ്കില്‍, കാഴ്ചയെപ്പറ്റി ഇത്ര ഉള്‍ക്കാഴ്ചയുള്ള കൂമന് അതൊന്നു വായിക്കുന്നതു നല്ലതാണ്.
ഗംഭീരം എന്നുമാത്രം പറയാം.
കണ്ണുനീരിനെപ്പറ്റി ആ സൈറ്റില്‍ പറഞ്ഞതിനുമൊരു ബലം പോരാ. കണ്ണുകള്‍ കഴുകുകയെന്ന ജോലിയുമാണെന്നു തോന്നുന്നില്ല.
ഇതിനെപ്പറ്റി കേള്‍ക്കാന്‍ കൌതുകമുണ്ട്, ഒരു പുതിയ പോസ്റ്റിനുള്ള വകുപ്പുണ്ടെന്നു തോന്നുന്നു.
ആശംസകള്‍
മന്ജിത്തെ, എന്റെ നാട്ടിലും പരിഷത്തുകാരില്‍ ചിലര്‍ക്ക് വേറെ പലതിലുമായിരുന്നു കൌതുകം. പഠിപ്പിക്കാന്‍ താല്പര്യം കുറവുള്ള ചില അദ്ധ്യാപകരും ഉണ്ടായിരുന്നു കൂട്ടത്തില്‍ .
നാലോ അഞ്ചോ വര്‍ഷങ്ങള്‍ ഒന്നോ രണ്ടോ തലമുറയുടെ വ്യത്യാസം അനുഭവപ്പെടുത്തുന്നു എന്നു പറഞ്ഞത് നൂറു ശതമാനം ശരി. പുസ്തകങ്ങളും ആനുകാലികങ്ങളും ശുഷ്കമായി. 70 കളിലെയൊക്കെ ‘ബാലരമ‘ വളരെ വിജ്ഞാനപ്രദമായിരുന്നു. പിന്നെയാണ് ‘ബാലരമ‘ ‘പൂമ്പാറ്റ‘യായിപ്പോയത്. 70/80 കളിലെ ‘ശാസ്ത്രകേരള‘മാകട്ടെ ഉന്നത നിലവാരം പുലര്‍ത്തിയിരുന്നു (ഞാനത്രയ്ക്ക് “മദ്യ“വയസ്കനല്ല. എന്നേക്കാള്‍ മൂത്ത എന്റെ സഹോദരന് താന്‍ വരുത്തി വായിച്ചിരുന്ന ‘ശാസ്ത്ര കേരള‘ങ്ങള് ബൈന്‍ഡ് ചെയ്ത് സൂക്ഷിച്ചിരുന്നു, അനിയനു ഭാവിയില്‍ വായിക്കാന്‍ ) സ്റ്റെപ്സ് ബുക്സ് കുറെ നല്ല ശാസ്ത്ര പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. അക്കൂട്ടത്തിലൊന്നാണ് യശശരീരനായ ശ്രീ. സിജി ശാന്തകുമാര്‍ (ഓര്‍മ്മ ശരിയാണോ ആവോ) എഴുതിയ ഒരു ഗണിത ശാസ്ത്ര പുസ്തകം. അത്തരത്തിലൊക്കെ ബാലസാഹിത്യം ഇന്നുണ്ടോ ആവോ? ചെടികളിലെ ഇലകളും പൂക്കളും ഫിബൊനാഷി ശ്രേണിയിലാണ് ക്രമപ്പെടുത്തിയിരിക്കുന്നത് എന്നൊക്കെ അന്നെനിക്കും പറഞ്ഞു തന്നത് ആ പുസ്തകമാണ്. (ഈയിടെ വക്കാരിയുടെ സൂര്യകാന്തി ചിത്രത്തില്‍ ഇതെപ്പറ്റി കണ്ടു)
ബ്ലൈന്‍ഡ്നെസ് വായിച്ചിട്ടില്ല. പേരെഴുതി വയ്ച്ചിട്ടുണ്ട്, വായിക്കാന്‍ .
ഉണ്ണി: മാമാങ്കത്തിനങ്ങനായിരുന്നോ? എന്തിനായിരുന്നു? ചിലപ്പോള്‍ ആരെയും തെരഞ്ഞു പിടിച്ച് കൊല്ലാതിരിക്കാനായിരിക്കും, അല്ലേ?
നളന് : ശരിയാണ്. ഈ വിഷയത്തില്‍ കുറെയേറെ പറയാതെ വിട്ടിട്ടുണ്ട് മനഃപൂര്‍വം. വലുപ്പവും ബാഹുല്യവും നിയന്ത്രിച്ചില്ലെങ്കില്‍ ബോറടിക്കും എന്നതിനാല്‍ . കുറെയേറെപ്പേര്‍ക്ക് ഇഷ്ടപ്പെട്ട വിഷയമാണ് ഇതെന്നതിനാല്‍ മറ്റൊരു പോസ്റ്റിനും വകുപ്പുണ്ട്.
കൂമന്‍സ്,
നല്ല ലേഖനം. ഇത്തരം ലേഖനങ്ങള്‍ ബൂലോഗത്തിനു മുതല്‍ക്കൂട്ടാണു.
കണ്ണുകളുടെ പരിണാമത്തെക്കുറിച്ച് അതേ അധ്യായത്തില്‍ ഡാര്വിന് ഇങ്ങനെയും പറഞ്ഞിരുന്നു.
"Reason tells me, that if numerous gradations from a simple and imperfect eye to one complex and perfect can be shown to exist, each grade being useful to its possessor , as is certainly the case; if further, the eye ever varies and the variations be inherited , as is likewise certainly the case; and if such variations should be useful to any animal under changing conditions of life, then the difficulty of believing that a perfect and complex eye could be formed by natural selection, though insuperable by our imagination, should not be considered as subversive of the theory".
അതായത്, ലളിതവും അപൂര്‍ണവുമായ ഒരു കണ്ണില്‍ നിന്നും നിരവധി പരിവര്‍ത്തനങ്ങള്‍ക്കു ശേഷം സങ്കീര്‍ണവും, പരിപൂര്‍ണവുമായ കണ്ണുകള്‍ രൂപപ്പെട്ടുവെന്നും, ഓരോ പരിവര്‍ത്തനവും അതാതു ജീവിവര്‍ഗത്തിനു അവരുടെ പ്രത്യേക ജീവിതസാഹചര്യങ്ങളില്‍ ഉപകാരപ്രദമായിരുന്നുവെന്നും, പരിവര്‍ത്തനങ്ങളിലൂടെ ആര്‍ജ്ജിച്ച വിവരങ്ങള്‍ ജനിതക കൈമാറ്റത്തിനു വിധേയമായിരുന്നുവെന്നും തെളിയിക്കാന്‍ സാധിച്ചാല്‍, സ്വാഭാവിക തിരഞ്ഞെടുപ്പിലൂടെ തന്നെ സങ്കീര്‍ണവും, അതിവിശിഷ്ടവുമായ കണ്ണുകളുണ്ടാകാമെന്ന് വിശ്വസിക്കുവാന്‍ പ്രയാസമില്ല.
മെയറിന്റെ "പോളിഫൈലെക്റ്റിക് " തിയറിക്കൊപ്പം, നൂതനമായ നിരവധി ജനിതക പരീക്ഷണങ്ങളില്‍ നിന്നും ഉരുത്തിരിഞ്ഞതും, ഈയടുത്തകാലത്ത് പ്രചാരത്തില്‍ വന്നതുമായ "മോണോഫൈലെക്റ്റിക്" തിയറിയെക്കുറിച്ചും പറയേണ്ടിയിരിക്കുന്നു. ഒരു "ഡാര്‍വിനിയന്‍ പ്രോട്ടോടൈപ് കണ്ണില്‍" നിന്നുമാവാം പലതരം കണ്ണുകള്‍ പരിണമിച്ചുണ്ടായത് എന്നാണു പുതിയ തിയറി പറയുന്നത്. ഡാര്വീനിയന് പ്രോട്ടോടൈപ് കണ്ണില്‍, രണ്ട് തരം കോശങ്ങളാണുണ്ടായിരിക്കുക. ഒരു Photoreceptor Cell-ഉം, ഒരു Pigment Cell-ഉം.
സ്വിറ്റ്സര്‍ലാന്റിലെ ബാസല്‍ സര്‍വ്വകലാശാല പ്രൊഫസറായ വാള്‍ട്ടര്‍ ഗെറിങ്ങ് (Walter J. Gehring) ആണു ഈ തിയറി മുന്നോട്ട് വെച്ചിട്ടുള്ളത്. ഇദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ ഇവിടെ വായിക്കാം.
http://www.pbs.org/wgbh/evolution/library/04/4/text_pop/l_044_01.html
കണ്ണുകളുടെ വികസനത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന "മാസ്റ്റര്‍ സ്വിച്ച്"' ആയി Pax6 ജീനിനെ (Pax6- Paired Box6) കണ്ടുപിടിച്ചത് ഇദ്ദേഹവും കൂട്ടരുമാണു. ഇവരുടെ ചില പരീക്ഷണങ്ങള്‍ ഭാവനയില്‍ ഹോളിവുഡിനെ വെല്ലുന്ന തരത്തിലുള്ളതായിരുന്നു. ചുണ്ടെലിയുടെ Pax6 ജീന്‍ പഴയീച്ചയില്‍ (Fruit fly) കയറ്റി, ഈച്ചയുടെ കാലുകളില്‍ ഈച്ചയുടെ തന്നെ കണ്ണ് വികസിപ്പിച്ചത് ഒരുദാഹരണം മാത്രം (ഈ പ്രക്രിയയെ Ectopic Eye Development എന്നു വിളിക്കുന്നു). അതായാത് വ്യതസ്ത ജീവിവര്‍ഗങ്ങളില്‍ കണ്ണുകള്‍ ഉണ്ടാകണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ഈ ഒരൊറ്റ ജീനാണു പോലും.
ഈയിടെ ജാപ്പനീസ് ശാസ്ത്രജ്ഞന്മാര് കണ്ടെത്തിയ ഒരിനം വിരകളുടെ (Flat Worms) കണ്ണുകള്‍ "ഡാര്വീനിയന് പ്രോട്ടോടൈപ്" ആണത്രെ. ഈ വിരകളിലും Pax6 ജീനുണ്ടെന്നത്, ഗെറിങ്ങിന്റെ തിയറിക്ക് ബലമേകുന്നു.
ഇദ്ദേഹം മുന്നോട്ടു വെയ്ക്കുന്ന മറ്റൊരു തിയറി രസകരമാണു.
കണ്ണുകള്‍ക്കു ശേഷമായിരിക്കാം തലച്ചോര്‍ രൂപം കൊണ്ടത് എന്നാണ് ഇദ്ദേഹം പറയുന്നത്.
ഇതിനുദാഹരണമായി പറയുന്ന കാര്യങ്ങള്‍ താഴെപ്പറയുന്നവയാണു.
1. ജെല്ലിഫിഷുകള്‍- ഇവര്‍ക്ക് കണ്ണുണ്ട്, എന്നാല്‍ തലച്ചോറില്ല! ജെല്ലിഫിഷുകള്‍ ഏതാണ്ട് 650മില്യണ്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് രൂപംകൊണ്ടതായി കരുതപ്പെടുന്നു. തലച്ചോറു പോലെ, ഒരു ജീവിക്ക് ഏറ്റവും ഉപകാരപ്രദമായ അവയവം, സ്വാഭാവിക തിരഞ്ഞെടുപ്പില്‍ നഷ്ടപ്പെട്ടുപോകാനുള്ള സാധ്യത വിരളമെന്നിരിക്കെ, കണ്ണുകള്‍ തലച്ചോറിനും മുന്‍പേ രൂപം കൊണ്ടിരുന്നു എന്നനുമാനിക്കാം.
2. Pax6 ജീന്‍ കണ്ണുകളുടെ മാത്രമല്ല, തലച്ചോറിന്റെയും വികസനത്തെ നിയന്ത്രിക്കുന്നു. കണ്ണുകള്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനും, തലച്ചോര്‍ വിവരങ്ങളെ പ്രോസസ്സ് ചെയ്യുന്നതിനുമുള്ളതാണു. വിവരങ്ങളൊന്നും ശേഖരിക്കുന്നില്ലെങ്കില്‍ പ്രോസസ്സ് ചെയ്യാന്‍ തലച്ചോറിന്റെ ആവശ്യമില്ല്ലല്ലോ!.
ഈ തിയറിയില്‍ തെറ്റും ശരിയും എത്രത്തോളമെന്ന് ഇനിയും തെളിയിക്കപ്പെടേണ്ടതുണ്ട്.
References:
1. New Perspectives on Eye Development and the Evolution of Eyes and Photoreceptors, Walter J Gehring, Journal of Heredity 2005:96(3):171–184
2. Eyes: Variety Development and Evolution, Russell D. Fernald, Brain Behav Evol 2004;64:141–147
3. A simple visual system without neurons in jellyfish larvae. Nordstro¨m K, Wallen R, Seymour J, and Nilsson D, 2003 Proc R Soc Lond B Biol Sci 270:2349–2354.
റെഫറന്‍സ് ലേഖനങ്ങളുടെ PDF ആവശ്യമുണ്ടെങ്കില്‍ അയച്ചുതരാം.
യാത്രാമൊഴീ,
വന്നതിനും വളരെ വിജ്ഞാനപ്രദമായ കമന്റിട്ടതിനും നന്ദി. പാക്സ് 6 മാസ്റ്റര്‍ ജീനിനെ പറ്റി വായിച്ചിരുന്നു. രണ്ടാമതും ഇതെപ്പറ്റിയെഴുതുമ്പോള് അക്കാര്യം പരാമര്‍ശിക്കണമെന്നു കരുതിയിരുന്നു. വളരെ പുരാതനമായ ഈ ജീന്‍ കണ്ണുകളുടെ നിര്‍മ്മാണത്തിന്റെ ഹയറാര്ക്കിയിലെ ഏറ്റവും ഉന്നതനവണം. അതിനാലാണ് എലിയുടെ ശരീരത്തില്‍ നിന്നും വേര്‍തിരിച്ച പാക്സ് 6 പഴയീച്ചയില്‍ ക്യാമറക്കണ്ണിനു പകരം സംയുക്തനേത്രങ്ങള്‍ (composite eyes) തന്നെ നിര്‍മ്മിക്കുന്നത്. അതായത്, കണ്ണുകള്‍ വികസിപ്പിച്ചെടുക്കുന്നതിന് പാക്സ് 6 നടുനായകത്വം വഹിക്കുന്നു. പക്ഷേ എന്തു തരം കണ്ണു വേണം എന്നൊക്കെ തീരുമാനിക്കാന്‍ വേറെ ആളുണ്ടെന്നര്‍ത്ഥം.
തലച്ചോറ് സ്വാഭാവിക തെരഞ്ഞെടുപ്പില്‍ നഷ്ടപ്പെട്ടു കൂടായ്കയില്ല. ഉദാഹരണത്തിന് ഊര്‍ജ്ജത്തിന്റെ (ഭക്ഷണത്തിന്റെ) ദൌര്‍ലഭ്യം നേരിടുന്ന ഒരു ജൈവ വ്യവസ്ഥയില്‍ ഊര്‍ജ്ജം വളരെയേറെ ആവശ്യപ്പെടുന്ന തലച്ചോറിന്റെ നിലനില്‍പ്പ് ചോദ്യം ചെയ്യപ്പെടാവുന്നതാണ്. അതിനാല്‍ തലച്ചോറാണോ കണ്ണാണോ ആദ്യം സീറ്റു പിടിച്ചതെന്ന് കണ്ടെത്താന്‍ ഇനിയും വിയര്‍ക്കേണ്ടി വരും. കണ്ണും തലച്ചോറും പോലുള്ള സോഫ്റ്റ് ടിഷ്യൂകള്‍ ഫോസിലായി മാറാത്തതും ഈ കീറാമുട്ടിയുടെ കടുപ്പം പതിന്മടങ്ങു കൂട്ടുന്നു.
താങ്കള്‍ റഫര്‍ ചെയ്ത പീഡീയെഫ് ഡോക്കുമെന്റുകള് അയച്ചു തരുമല്ലോ. ഇ-മെയില്‍ sudhirkk-അറ്റ്-ജീമെയില്-കോം.
viswaprabha asks questions 1 and 3.There can be multiple choice (objective type)question for an examination. But who should give the choices? Surely the examiner and not the examinee.
Post a Comment