പുനര്‍ജനി

അരുതിനിച്ചോദ്യങ്ങളെറിയേണ്ട നീ സഖേ
പാടുമോ വീണ്ടുമെന്‍ നൊമ്പരക്കമ്പികള്‍?
ചോദിക്കയില്ല നിന്‍ പുഞ്ചിരി;വിസ്മൃതി-
ത്താഴിട്ടു; മൌനം പുതച്ചിരിക്കുന്നു ഞാന്‍

ജനലിനുമപ്പുറം നീ കിതയ്ക്കുന്നൂ
ചൂടുനിശ്വാസമീത്തീതെളിയ്ക്കുന്നൂ
കരിവിഷജ്ജ്വാലയില്‍ ഉയിരു ഞെരിയുന്നൂ.

ധമനികളിലഗ്നിയും പേമാരിയും പെയ്ത
ഗതകാലമൊക്കെയുമൊന്നാകെയോര്‍മ്മയില്‍
വരികള്‍ തെറ്റാതിന്നു ചുവടു വയ്ക്കുന്നൂ.

കുന്നിന്റെ ചരിവിലേയ്ക്കന്തി വഴുതുന്നൂ,
ഇരുളിന്റെ തേരേറിയാരോ വരുന്നൂ,
കരളിലൊരു മിന്നല്‍ക്കതിരു വിടരുന്നൂ,
കാലമൊരു കാറ്റായൊഴുകി നിറയുന്നൂ.

ഒരു ചുംബനത്തിലെന്‍ പ്രാണന്റെ നിര്‍ഝരി
കവരും കുലീനയെന്നരികത്തിരിപ്പൂ
കുതറിയൊന്നോടുവാന്‍ പിടയുമെന്നാത്മാവില്‍
ഒരു മണ്‍ചെരാതിന്റെ തെളിമ നിറയുന്നൂ
അപ്രകാശത്തിന്റെ ചേലയില്‍ തൂങ്ങി ഞാന്‍
ഉണ്ണിയായ് വിണ്ണില്‍ പുനര്‍ജനിക്കുന്നൂ

വിഭാഗം: കവിത

15 comments:

Sudhir KK said...

“ധമനികളിലഗ്നിയും പേമാരിയും പെയ്ത
ഗതകാലമൊക്കെയുമൊന്നാകെയോര്‍മ്മയില്‍
വരികള്‍ തെറ്റാതിന്നു ചുവടു വയ്ക്കുന്നൂ”
ഒരു ചെറു കവിത. (വൃത്തം തന്നാനന, ലക്ഷണം: തന്നതന്നാനന തന്ന തന്നാനാനാ :))

Rasheed Chalil said...

നന്നായിരിക്കുന്നു...

ടി.പി.വിനോദ് said...

കൂമന്‍സേ,
നല്ല കവിത ...ഇഷ്ടമായി ഒരുപാട്...
ദുരിത നേരങ്ങളുടെ ധ്വനിസാന്ദ്രതയെ ഹൃദയത്തിലേക്കു തുളയുന്ന ഈണത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്നു നിങ്ങള്‍...

Anonymous said...

പരീക്ഷണം

Sudhir KK said...

ഇത്തിരി വെട്ടമേ, ലാപുടേ.. നന്ദി. വീണ്ടും വരുക.

K.V Manikantan said...

പ്രിയ നത്തേ,
വൃത്തമൊപ്പിക്കാനായി പര്യായപദങളെ ആശ്രയിക്കുന്നു.

വിമറ്ശിക്കാന്‍ ഞാനാളല്ല.

ബാബുവിന്റെ നിശബ്ദ്ദതയില്‍ ലാപുട പറഞഞ കാര്യം ആരും മൈന്റ് ചെയ്തില്ലെങ്കിലും ഞാന്‍ ക്വോട്ടട്ടേ:

ഒരു കവിതയില്‍ ശബ്ദാംശവുമായി ബന്ധപ്പെട്ടു മാത്രമാണൊ താളം/സംഗീതം നി‍ലനില്ക്കുന്നത്?
ആശയത്തെ ആവിഷ്കരിക്കുന്ന രീതിയിലുമില്ലേ താളം...? വാക്കുകളെ അര്‍ത്ഥത്തിന്റെ പുതിയ സാധ്യതകളിലേക്കു ചേര്‍ത്തുവെക്കുമ്പൊള്‍ അതില്‍ ശബ്ദബാഹ്യമായ ഒരു താളബോധം പ്രവര്‍ത്തിക്കുന്നില്ലേ...?

കവിതയ്ക്ക് അറ്ത്ഥ വുമായി ബന്ധപ്പെട്ട് ഒരു ‘താളമീമാംസ ‘ ഉള്ളതായി കമന്റുകളില്‍ അരും സംശയിച്ചു കാണാത്തതു കൊണ്ടാണേ ഈ അതിക്രമം..........

ആരും ഇതിന് പ്രതികരിച്ചു കണ്ടില്ല അവിടെ. ചറ്ച്ച ഇവിടെ തുടരാം എന്ന് തോന്നുന്നു.

Adithyan said...

ഞാന്‍ പ്രതികരിക്കട്ടെ. :)

ആശയത്തെ ആവിഷ്കരിക്കുന്ന രീതിയിലുമില്ലേ താളം...?

അങ്ങനെ ഒരു താളമില്ലാത്തതിനെ കവിത എന്നു വിളിക്കാമോ? അതായത്, ഈ പറഞ്ഞ ആശയത്തിന്റെ താളം എല്ലാ കവിതയ്ക്കും വേണ്ടതല്ലെ?

ആ താളത്തിനു പുറമെ, ശബ്ദവുമായി ബന്ധപ്പെട്ട ഒരു താളം കൂടി നല്‍കാന്‍ കഴിയുന്നതിലല്ലേ കവിയുടെ കഴിവ്? അല്ലെങ്കില്‍ കഥാകൃത്ത് എന്നോ ലേഖനകര്‍ത്താവ് എന്നോ വിളിച്ചാല്‍ പോരെ?

Sudhir KK said...

സത്യത്തില്‍ ആ ചര്‍ച്ചയില്‍ ഞാന്‍ ലാപുടയോടൊപ്പമായിരുന്നു. വൃത്തം/താളം വേണം എന്നും അതൊന്നും പാടില്ല എന്നും ഉള്ള രണ്ടു മൌലികവാദങ്ങളോടും യോജിപ്പില്ല. പക്ഷേ ആ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ തക്ക ‘ഗട്ട്സ്‘ ഇല്ലാത്തതുകൊണ്ടാണ് പൊത്തിനകത്തിരുന്ന് കേള്‍ക്കുക മാത്രം ചെയ്തത്. ശബ്ദതാളത്തോടെ വെള്ളാരങ്കല്ലുകളുടെ ആകൃതിയും ഭംഗിയുമുള്ള പദങ്ങളെ മാത്രം പെറുക്കി വയ്ച്ച് പദ്യരൂപത്തില്‍ എഴുതാനാവുമോ. അനോണി പറഞ്ഞ പോലെ നല്ല കവികള്‍ക്കു പറ്റുമായിരിക്കും.

ലാപുടയുടെ കവിതകളില്‍ കാണുന്ന ഇമേജുകളുടെ തീക്ഷ്ണതയോ ബാബുവിന്റെ ‘ചുമരെഴുത്തി’ന്റെ മുറുക്കമോ ഒന്നും ശബ്ദതാളത്തിലുള്ള ഇക്കവിതയ്ക്കില്ല. വാക്കുകള്‍ ചിറകുകള്‍ വീശിപ്പറന്ന് പുതിയ അര്‍ത്ഥങ്ങള്‍ സൃഷ്ടിക്കണം എന്നാണ് എന്റെയും എളിയ അഭിപ്രായം. അതിനെ ഇനി കവിതയെന്നോ കഥയെന്നോ എന്തു വിളിച്ചാലും. താളമുണ്ടെങ്കിലും ഇല്ലെങ്കിലും.

അനംഗാരി said...

ഇതൊരു നല്ല ചര്‍ച്ചയാണ്. കവിതകള്‍ വൃത്തത്തില്‍ തന്നെ എഴുതണമെന്ന് ഒരു നിര്‍ബന്ധവുമില്ല. എന്നെ സംബന്ധിച്ച് ഒരു കവിതയ്ക്ക് താളം ഉണ്ടെങ്കില്‍, വരികള്‍ക്ക് കവിയുടെ ആശയങ്ങളെ വേണ്ടവിധത്തില്‍ പ്രതിനിധീകരിക്കാന്‍ കഴിയുന്നെണ്ടെങ്കില്‍, കവിത നന്നായിരിക്കും.വെറുതെ വൃത്തത്തില്‍ മാത്രം എഴുതിയാല്‍ കവിത എന്നു വിളിക്കാം. പക്ഷെ വരികള്‍ക്ക് മൂര്‍ച്ചയും, ശക്തിയും,ഇല്ലെങ്കില്‍ ഒരു വായനക്കാരനെ തൃപ്തി പെടുത്താന്‍ കഴിയുകയില്ല.അതുകൊണ്ട് കവിതയുടെ താളവും, വരികളുടെ ഗാംഭീര്യവും വൃത്തത്തെക്കാളുപരി ഒരു ഘടകം തന്നെയാണു.

Anonymous said...

ഞാനൊരു കാര്യം പറയട്ടെ..അറിയാത്തെ കാര്യങ്ങളെക്കുറിച്ച് അഭിപ്രായം പറയുക എന്റെ ഒരു വീക്ക്നെസ്സ് ആയിപ്പോയി...

കവിത വായിക്കാത്ത ഞാന്‍ പക്ഷെ യാത്രമൊഴി എന്ന ബ്ലോഗറിന്റെ കവിതയില്‍ ഭയങ്കര എന്തോ കാണുന്നു...വായിക്കുമ്പൊള്‍ എനിക്ക് ഫീല്‍ ചെയ്യുന്നു....എന്തോ ഒരു സുഖമുള്ള ഒരുമാതിരി ഒരു ഫീലിങ്ങ്. ആ വരികള്‍ ഒരു കഥയായി പറയാന്‍ പറ്റില്ലാന്ന് തന്നെ എനിക്ക് തോന്നുന്നു. അത് അങ്ങിനെ തന്നെ പറയേണ്ടവ എന്ന് തോന്നുന്നു. യാത്രാമൊഴി എഴുതുന്നത് വൃത്തത്തിലാണൊ എന്ന് എനിക്കറിയില്ല..അത് വൃത്തിത്തില്ലല്ലെങ്കില്‍ വൃത്തമേ വേണ്ടാന്ന് ഞാന്‍ പറയും....


ലാപുഡയുടെ വായിക്കുമ്പോള്‍ ആ ചേട്ടന്റെ തോട്ട്സ് പോലെ മനോഹരമായി തോന്നുന്നു. പക്ഷെ അതിന് ഒരു കവിതയുടെ സുഖം എനിക്ക് തോന്നുന്നില്ല. ആ ചേട്ടന്‍ പറയുന്നത് ഒരു കഥയോ സൂക്തങ്ങള്‍ പോലെയും പറയാം എന്ന് എനിക്ക് തോന്നുന്നു.

രണ്ടും വേണം. ചിലപ്പൊ ലാപുഡായുടേത് എന്തെങ്കിലും പുതിയതായിരിക്കും കവിതയില്‍ നിന്ന് വേറിട്ട ഒരു ബ്രാഞ്ചോ അങ്ങിനെ എന്തെങ്കിലുമോ...

ഹാവൂ!! അറിയാത്തെ പിള്ള ചൊറിയുമ്പൊ അറിയും..തീരെ അറിഞ്ഞൂടാത്ത കാര്യത്തെക്കുറിച്ച് അഭിപ്രായം ഞാന്‍ പറഞ്ഞു :-)

K.V Manikantan said...

ചുക്കുപെണ്ണേ,
ലാപുട അനിയനാണ്. ചേട്ടന്‍ അല്ല കേട്ടോ

Sudhir KK said...

ചാക്കോച്ചി പറഞ്ഞതു പോയിന്റ്. ഈ മധുസൂദനന്‍ നായരുടെയൊക്കെ ചില കവിതകള്‍ കേട്ടിട്ട് ഈ കവിതകള്‍ക്ക് എന്താണ് കുറവ്‌ എന്നാലോചിക്കാറുണ്ട്. വാക്കുകള്‍ മെച്ചം, പാട്ട് സിനിമാപാട്ടു പോലെ ഇമ്പമയം, ഇമേജുകളുടെ അയ്യരു കളി. പക്ഷേ പലതിലും കവിതയുടെ സ്പന്ദനം തുച്ഛം (ഇതെന്റെ ഒരെളിയ അഭിപ്രായം മാത്രം. അദ്ദേഹത്തിന്റെ കവിതകളെ ആരാധിക്കുന്ന പലരെയും എനിക്കറിയാം) അമിതമായ ഈണങ്ങളും പശ്ചാത്തല സംഗീതവുമൊക്കെ പലപ്പോഴും ഇങ്ങനെ വീക്കായി സ്പന്ദിച്ചു നില്ക്ക്കുന്ന കവിതയുടെ കഷണങ്ങളെ മുക്കിക്കൊല്ലുകയും ചെയ്യും പലപ്പോഴും. കുടിയന്‍ സങ്കുചിതന്‍ ചാക്കോച്ചി എന്നിവര്‍ക്കൊപ്പം കൂമനും.

ഇഞ്ചി പറഞ്ഞ പ്രശ്നം എന്റേതുമാണ്. ഈ സംസാരിക്കുന്ന വിഷയത്തില്‍ ജ്ഞാനം പോര. പിന്നെ പല വിഷയത്തിലും “പരമാവധി എയറു പിടിച്ച്” എഴുതുന്നെന്നു മാത്രം. അതിനും മാത്രം വിവരമുണ്ടായിരുന്നെങ്കില്‍ ഈ മരപ്പൊത്തായിരുന്നിരിക്കില്ല സ്ഥാനം! പക്ഷേ ഇഞ്ചിയുടെ അഭിപ്രായത്തോടു വലിയ യോജിപ്പില്ല.

സച്ചിദാനന്ദന്റെ “ഞാന്‍ പ്രേമിച്ചവള്‍ മറ്റാരെയോ സ്നേഹിച്ചു, എന്നെ സ്നേഹിച്ചള്‍ എന്റെ സ്നേഹം കിട്ടാതെ മരിച്ചു” എന്ന് സച്ചിദാനന്ദന്‍ എഴുതിയതു വായിച്ച് ഉള്ളു നടുങ്ങിയിരുന്നിട്ടുണ്ട്, പഠിക്കുന്ന കാലത്ത്. (അതു നന്നായി എന്നാണ് ഇപ്പോള്‍ തോന്നുന്നത് :)) അന്നും ഇന്നും ഈ വരികളിലൊന്നും കവിതയില്ല എന്നു തോന്നുന്നില്ല.

(ബെന്നി കേള്‍ക്കണ്ട)

Satheesh said...

നല്ലൊരു ചര്‍ച്ച. നല്ലൊരു കവിത കാഴ്ച വെച്ച കൂമന് ആദ്യം നന്ദി പറയട്ടെ!
താളവും വൃത്തവും കവിതക്ക് ആവശ്യം. പക്ഷെ അതു മാത്രമാണ് കവിത എന്നു പറയുമ്പോഴാണ് സംഗതി കീഴ്മേല്‍ മറിയുന്നത്!
വൃത്ത ഭംഗി ഇല്ലാത്ത കവിത ചൊല്ലാനും ചൊല്ലിക്കേള്‍ക്കാനും അല്പം അഭംഗിയുണ്ടാവുംന്നുള്ളാതുകൊണ്ട്, ഒരു സാധാരണ ആസ്വാദകന്‍ എന്ന നിലക്ക് വൃത്തം വേണമെന്ന അഭിപ്രായക്കാരനാണ് ഞാന്‍..

ബാബു said...

കൂമാ, കല്‍പനയും താളവുമുണ്ടീ കവിതയില്‍. ഇഷ്ടപ്പെട്ടു. വായിച്ചപ്പോള്‍ അറിയാതെ ONVയുടെ 'പേരറിയാതൊരു പേണ്‍കിടാവേ' എന്ന കവിതയുടെ ഈണമാണു്‌ മനസ്സില്‍ വന്നത്‌.

Sudhir KK said...

ബാബു, സതീഷ്, കവിത ഇഷ്ടപ്പെട്ടെന്നറിഞ്ഞതില്‍ സന്തോഷം. ഓഎന്‍‌വിയുടെ കവിതയുടെ താളമല്ലെന്നാണു തോന്നുന്നത്. ഈരടികളുടെ അവസാനത്തെ വരി താളം വ്യത്യാസമുണ്ട്. പക്ഷേ വ്യക്തമായ വൃത്തമുണ്ടെന്നു തോന്നുന്നില്ല. ഇനി താളമുള്ള കവിതകള്‍ പോസ്റ്റ് ചെയ്യുമ്പോള്‍ എന്റെ കരകരാ ശബ്ദത്തില്‍ പാരായണം ചെയ്ത് കൂടെയിടാന്‍ നോ‍ക്കാം.


ഇരുട്ടത്ത് കാതോര്‍ത്ത്...