എയര്‍പോര്‍ട്ടില്‍ പ്രതീക്ഷിച്ച പോലെ ശര്‍മ്മാജി കാത്തു നില്പുണ്ടായിരുന്നു. ഇളംവെയിലും ശര്‍മ്മാജിയുടെ പരിചിതമായ ചിരിയും പരിഭ്രാന്തിയില്ലാത്ത തിരക്കും സുഖകരമായി തോന്നി.
“താന്‍ പോയതില്‍ പിന്നെ സ്റ്റാഫിനെന്നും തന്നെപ്പറ്റിയേ സംസാരിക്കാനുള്ളു. എല്ലാരും നന്നെ പേടിച്ചിരുന്നു”
അപ്പോഴും വിട്ടു മാറാത്ത പേടി മറക്കാനെന്നോണം ചിരിച്ചു. ശര്‍മ്മാജി തുടര്‍ന്നു:
“നാട്ടില്‍ നിന്ന് പല തവണ നിന്റെ അമ്മ വിളിച്ചു ചോദിച്ചിരുന്നു. പാവം ….”
“എംബസിക്കാര്‍ വീട്ടിലേക്കു വിളിക്കാന്‍ ഏര്‍പ്പാടാക്കിയിരുന്നു. അമ്മ ഒരേ കരച്ചിലായിരുന്നു, ശര്‍മ്മാജീ. നാളെയോ മറ്റോ നാട്ടിലേക്കു പോണം ഒരു മൂന്നാലു ദിവസത്തിന്.”
ഫ്ലാറ്റിലേക്ക് ശര്‍മ്മാജിയുടെ കാറിലിരുന്നു പോകുമ്പോള്‍ , പതിവു കാഴ്ചകള്‍ വളരെ വ്യത്യസ്തമാണെന്നു തോന്നി. ഓട്ടോറിക്ഷകള്‍ക്കും ബൈക്കുകള്‍ക്കുമിടയിലൂടെ ശര്‍മ്മാജി നൂണ്ടു നീങ്ങിക്കൊണ്ടിരുന്നു.
“നിന്റെ അനുഭവങ്ങള്‍ തീവ്രമായി എഴുതിത്തരണം ഇന്നു തന്നെ. ലേറ്റ് എഡിഷനിലെങ്കിലും കൊടുക്കണമെന്നാണ് മിശ്ര സര്‍ പറഞ്ഞത്.“
മറുപടി പറഞ്ഞില്ല. അനുഭവങ്ങളുടെ തീവ്രത ഉലയില്‍ ചുവന്നു തിളങ്ങി നിന്നിരുന്നു. വാക്കുകളിലേക്കു രൂപാന്തരം പ്രാപിക്കാന്‍ വിസ്സമ്മതിച്ചു കൊണ്ട്. മറക്കണം, എങ്കിലേ ഓര്‍മ്മിക്കാനാകൂ. എഴുതാനുമാകൂ.
സൈറണ്‍ മുഴക്കി കൊണ്ട് ഒരാംബുലന്‍സ് സൈഡിലൂടെ കടന്നു പോയി. മനസ്സ് പിടച്ചു. അറിയാതെ കാറിനകത്തേക്ക് ചുരുങ്ങാനും തല താഴ്ത്താനും ശ്രമിച്ചു. ശര്‍മ്മാജി ഒന്നും കാണാത്ത മട്ടില്‍ ഡ്രൈവിങ്ങില്‍ ശ്രദ്ധിച്ചു.
“അപ്പോള്‍ നീ ഒന്നു കുളിച്ച് വിശ്രമിക്ക്. വൈകിട്ട് എം.ജി. റോഡിലേക്കിറങ്ങാന്‍ നോക്ക്. ഞാന്‍ വൈകിട്ടു ഫോണ്‍ ചെയ്യാം”
“ശരി. ശര്‍മ്മാജീ…”
ശര്‍മ്മാജി വളവു തിരിഞ്ഞ് മറയും മുന്‍പ് ഓര്‍മ്മകളുടെ ബോംബുകള്‍ അയാള്‍ക്കു ചുറ്റും വീഴാന്‍ തുടങ്ങി.
* * * * * * * * * * * *
കുളിയും ഉറക്കവും കഴിഞ്ഞ് വൈകുന്നേരം വീണ്ടും ശര്‍മ്മാജിയെ കണ്ടപ്പോഴും ക്ഷീണം വിട്ടു മാറിയിരുന്നില്ല. പോകേണ്ട സ്ഥലത്തെ പറ്റി രണ്ടാള്‍ക്കും സംശയമുണ്ടായില്ല. സ്ഥിരം ബാറിലേക്ക്. അന്നെന്തോ പതിവിലേറെ തിരക്കുണ്ടായിരുന്നു.
മദ്യക്കുപ്പിയുടെ രണ്ടറ്റത്തുമിരുന്ന് ബോറടിച്ചപ്പോള്‍ ശര്‍മ്മാജി തിരക്കി:
“നീ വല്ലതും എഴുതിയോ, നാളത്തെ എഡിഷനു വേണ്ടി?”
ശര്‍മ്മാജിക്ക് കാഷ്വല്‍ വസ്ത്രങ്ങളില്‍ കൂടുതല്‍ വയസ്സു തോന്നിച്ചു.
“ഇല്ല, ശര്‍മ്മാജി. ഇന്നു രാത്രി എഴുതി നാളെയേല്പിക്കാം. ഒപ്പം മിശ്ര സാറിനോട് ലീവിന്റെ കാര്യവും സംസാരിക്കണം.“
“ഓ തരാന്‍ മറന്നു, ഡമാസ്കസിലെ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്നു വാങ്ങിയതാ. പുരാതന സംസ്കൃതിയുടെ ഒരോര്‍മ്മയ്ക്ക്.”
“നന്ദി. യുദ്ധ ഭൂമിയില്‍ നിന്ന് പ്രാണനും കൊണ്ടോടുമ്പോഴും നിന്നെയേല്‍പ്പിച്ചതൊന്നും നീ മറക്കുന്നില്ല”
ശര്‍മ്മാജി ചിരിച്ചു. പിന്നെ രണ്ടു പേരും മിണ്ടാതിരുന്നു. ഇപ്പോള്‍ ബാറിനുള്ളിലെ തണുത്തു മങ്ങിയ ലൈറ്റുകള്‍ അയാള്‍ക്ക് കൂടുതല്‍ ആശ്വാസകരമായി തോന്നി. ഫ്രൈ ചെയ്ത മാംസാഹാരവുമായി വെയിറ്റര്‍ കടന്നു വന്നു. മണവും ചൂടെണ്ണയുടെ സീല്ക്കാര ശബ്ദവും കേട്ട് അടുത്ത ടേബിളിലെ ആള്‍ക്കാര്‍ തിരിഞ്ഞു നോക്കി. മാംസത്തിന്റെ ഗന്ധം പെട്ടെന്ന് ഓക്കാനം തോന്നിച്ചു. ഓര്‍മ്മകള്‍ തികട്ടി.
മദ്യം വീണ്ടും നിറച്ച് സോഡ ചേര്‍ക്കാതെ അകത്താക്കി കണ്ണുകള്‍ പൂട്ടി. ഓര്‍മ്മകള്‍ വെറും ഓര്‍മ്മക്കുറിപ്പുകള്‍ പോലെ നിര്‍ജ്ജീവമാകട്ടെ. മറവിയുടെ മേഘങ്ങള്‍ പഞ്ഞിക്കെട്ടുകള്‍ പോലെ നീലാകാശം കീഴടക്കട്ടെ.
ധ്യാനത്തിന്റെ ഒടുവില്‍ മനസ് പ്രളയത്തിലെ ആലില പോലെ വെറുതെ ഒഴുകാന്‍ തുടങ്ങി.
“നിനക്കെന്താ പ്രാന്തായോ” ശര്‍മ്മാജിയുടെ ശബ്ദം ബാറിലെ കലപിലയ്ക്കും മുകളിലായിരുന്നു.
കണ്ണു തുറന്ന് ശര്‍മ്മാജിയെ നോക്കി വെളുക്കനെ ചിരിച്ചു. പിന്നെ കുഴയുന്ന കൈ കൊണ്ട് ഫോര്‍ക്കെടുത്ത് മാംസക്കഷണങ്ങള്‍ കുത്തിയെടുത്ത് ചവയ്ക്കുമ്പോള്‍ രാത്രിയെഴുതേണ്ട ലേഖനത്തെപറ്റി മാത്രമായി ചിന്ത. അതെ, ഓര്‍മ്മകള്‍ ജഡങ്ങളായി, കുറിപ്പുകളായി മാത്രം പുനര്‍ജനിക്കട്ടെ. സ്വന്തം ലേഖകന് ഈയിടെ വായനക്കാര്‍ കൂടിയെന്ന് ശര്‍മ്മാജി ഇടയ്ക് എപ്പോഴൊ പുലമ്പിയെന്നു തോന്നുന്നു.
ബാറിലെ കലപില തുടര്‍ന്നു. മാധ്യമരംഗത്തെ ആഗോളവല്‍ക്കരണത്തെപറ്റിയും ഓഫീസില്‍ പുതിയതായി ജോലിക്കു ചേര്‍ന്ന മദാമ്മയെപറ്റിയും, ആത്മഹത്യ ചെയ്ത പഴയ കായിക താരത്തെപറ്റിയും ഒക്കെ ആവേശത്തോടെ ഇരുവരും സംസാരിച്ചു. കഥകള്‍ കേട്ട്, ഒരു കിഴവിയെപ്പോലെ, രാത്രി അവര്‍ക്കു ചുറ്റുമിരുന്നു.
അങ്ങകലെ ഒരായിരം മൈലുകള്‍ക്കുമകലെ കരുത്തന്മാര്‍ ബോംബാക്രമണം തുടര്‍ന്നു. പോര്‍വിമാനങ്ങളുടെ ഗര്‍ജ്ജനം നിലച്ചപ്പോഴേക്കും അവിടത്തെ തെരുവുകള്‍ക്ക് കരിഞ്ഞ പച്ചമാംസത്തിന്റെ ഗന്ധവും അറവുമാടിന്റെ അവസാനത്തെ ശബ്ദവുമായിരുന്നു. മരണത്തിന്റെ, മറവിയുടെ കൂടാരങ്ങള്‍ തേടി അഭയാര്‍ഥികള്‍ പലായനം തുടര്‍ന്നു.
5 comments:
"മറക്കണം, എങ്കിലേ ഓര്‍മ്മിക്കാനാകൂ. എഴുതാനുമാകൂ......."
എഴുത്തിനെക്കുറിച്ച് പുതിയൊരു സാക്ഷ്യം...
തീര്‍ച്ചയായും വിസ്മയിപ്പിക്കുന്നു ഇത്....
നന്ദി...
നന്ദി ലാപുഡേ (അതോ ലാപുടയോ?) താങ്കളെപ്പോലെ മികച്ച കവിതകള്‍ എഴുതുന്നവരുടെ നല്ല വാക്കുകള്‍ ആത്മവിശ്വാസം നല്‍കുന്നു.
ഇപ്പോഴാണ് ഈ കമന്റു കണ്ടത്.മുമ്പ് വേര്‍ഡ്പ്രസിലാണ് ഈ ബ്ലോഗുണ്ടായിരുന്നത്. ഇപ്പോള്‍ ബ്ലോഗറിലേക്ക് മാറ്റാനാണു നോക്കുന്നത്.
കൂമന്‍സേ ഇങ്ങോട്ടു പോന്ന സ്ഥിതിക്കു പുതിയ ബ്ലോഗറ് തന്നെ പരീക്ഷിക്കാമായിരുന്നില്ലേ?
https://beta.blogger.com/start
പെരിങ്ങോടാ... നോക്കിയതാ, പക്ഷേ, നിലവിലുള്ള ബ്ലോഗുകള്‍ മൈഗ്രേറ്റ് ചെയ്യാന്‍ ബ്ലോഗര്‍ സമ്മതിച്ചില്ല.
കൂമന്‍സേ...നിങ്ങള്‍ ചോദിച്ചിരിക്കുന്നതു വൈകിയാണ് കണ്ടത്...
ലാപുട ആണു ശരി കെട്ടോ..
ലാപുഡ ആയിരുന്നു ആദ്യം വെച്ചിരുന്നത്...സംഭവം അക്ഷരത്തെറ്റാണെന്നു പിന്നെയാണു കണ്ടുപിടിച്ചത്...
Post a Comment