സ്വാതന്ത്ര്യത്തിന്റെ പര്യായപദങ്ങൾ

“സ്വാതന്ത്ര്യത്തിന് രണ്ടു പര്യായങ്ങൾ പറയമ്മേ”
ഹോംവർക്കിനിടയിലെ രണ്ടാം തരക്കാരിയുടെ ആവശ്യമാണ്.

അടുപ്പിൽ തിളയ്ക്കുന്ന സാമ്പാറിലേക്കും
ഒക്കത്തെ മോൾടെ കണ്ണിലെ നനവിലേക്കും
സുനാമിയായി വിഴുങ്ങാൻ പുറത്ത്
വിജ്രുംഭിച്ചു നിൽക്കുന്ന ഇരുട്ടിലേക്കും നോക്കി

ഒരു പതർച്ച.

സ്വാതന്ത്ര്യത്തിന്റ്റെ പൊരുൾ തേടി
ഈ രാത്രി എവിടേയ്ക്കു പോകാനാണ്?

വായിച്ചു മറന്ന കവിതകളിൽ
കേട്ടു മരവിച്ച ക്ലീഷേകളിൽ
വിഷപ്പുക വിഴുങ്ങി മരിച്ചവരുടെ സ്വപ്നങ്ങളിൽ
ചരിത്രത്തിന്റെ കുഴിമാടങ്ങളിൽ
പഴയ നോട്ടുപുസ്തകങ്ങളിൽ കുറിച്ചിട്ട മഹദ്വചനങ്ങളിൽ
വരികൾക്കിടയിൽ ഫോസിലുകളാക്കപ്പെട്ട നാനാർഥങ്ങളിൽ
എവിടെയാണ് ചികയേണ്ടത്?

ഉഷ്ണജീവിതത്തോട് കലഹിച്ച്
കുടുംബം വെടിഞ്ഞ ഗൗതമന്റെ പുഞ്ചിരിയ്ക്ക്
സ്വാതന്ത്ര്യത്തിന്റെ മുഖഛായയാണ്.
"അമ്മ കണ്ടിട്ടുണ്ടോ ഈ ഗൗതമനെ?
അല്ലെങ്കിൽ മുത്തശ്ശനെങ്കിലും ...."
അതിനെന്താണ് ഉത്തരം പറയുക?
വേണ്ട.

വിശക്കുന്നവന് അപ്പവും
തണുത്തു വിറയ്ക്കുന്നവന്
പുതപ്പും സ്വാതന്ത്ര്യത്തിന്റെ
പര്യായങ്ങളാണ് എന്നൊക്കെ പറഞ്ഞ് തടി തപ്പിയാലോ!
അതവൾക്കു മനസിലാവുമോ!

വിരൽവേരുകൾ വളർന്നിറങ്ങി
ഭിത്തി വിണ്ടു കീറിയ മൂത്രപ്പുരയിൽ നിന്നും
ചങ്ക് കീറി കുതറി പൊങ്ങിയ
ഒരു നിലവിളിയാണ് സ്വാതന്ത്ര്യം എന്ന് പറഞ്ഞാലോ!
വേണ്ട - വെറും കുഞ്ഞാണവൾ.

ചോരയും വിയർപ്പും കയ്പ്പുനീരും വെറുപ്പും കലരാത്ത
പര്യായങ്ങളൊന്നും ഇല്ലെന്നാണോ?
കുട്ടിക്കഥകളുടെ നൈർമല്യമുള്ള ഒരെണ്ണം.
മരുന്നിന്?

“അമ്മേ! പര്യായം!!”
മകൾ കാണാതെ
നഗ്നമായ മനസിനു മുകളിൽ
പുഞ്ചിരിപ്പുതപ്പിട്ടു.

“ഇല്ല മോളേ, സ്വാതന്ത്ര്യത്തിന് പര്യായ പദങ്ങളില്ല.”

മൂന്നു മുലച്ചി

വീട്ടിലെ ഘോഷം കണ്ടാൽ
പുത്തൻ പെണ്ണു വന്നതാണെന്നേ തോന്നൂ.
ടാക്സി കാറിൽ അന്തസ്സോടെ.
നാലാൾക്കാരുടെ അകമ്പടിയോടെ.

അമ്മ ആവേശത്തിൽ
അടുക്കള സ്ലാബു തുടയ്ക്കുന്നു.
നാരങ്ങാവെള്ളം വിളമ്പുന്നു
അഛൻ അഭിമാനത്തോടെ
നിർദ്ദേശ്ശങ്ങൾ കൊടുക്കുന്നു.

അകമ്പടിക്കാരിൽ ഒരുവൻ
പെട്ടിയിൽ നിന്നുയർത്തി
ഉയരത്തിൽ ഇരുത്തുന്നു.

പ്ലാസ്റ്റിക്ക് പുതപ്പ്,
പുതുമയുടെ മിനുപ്പ്‌,
പളപളപ്പ്.

“പളപളപ്പിനു പിന്നിൽ
പാരിസ്ഥിതിക പ്രശ്നങ്ങളുമുണ്ടാവാ”മെന്ന്
പരിഷത്തിലെ ബാബുവണ്ണൻ
ഓർമ്മിപ്പിക്കുന്നു.

“പക്ഷേ പണിയെടുക്കുന്നതു പെണ്ണുങ്ങളല്ലേ!
അവർക്കിതന്നെ നല്ലത്”
അമ്മ തർക്കുത്തരം തൊടുക്കുന്നു.
ബാബുവണ്ണൻ ഇനി മിണ്ടില്ല.

ആള്‍ക്കാര്‍ എത്തും മുന്നേ
മൂന്നുമുലച്ചിയെ
ചായ്പ്പിലേക്കയച്ചിരുന്നു.
നാണക്കേട്!

തിണ്ണയിൽനിന്നും
അവളുടെ കരിമൂടിയ മുഖം
അടുക്കളയിലേക്ക്
എത്തി നോക്കുന്നുണ്ടോ?

“ഇന്നു ഞാൻ നാളെ നീ”
എന്നാരും കേൾക്കാതെ
പിറുപിറുക്കുന്നുണ്ടോ?

അവൾക്ക് നാളെ മുതൽ
ചൂടു വെള്ളവും
കട്ടനും കരിങ്ങാലിയും
അനത്തലാണ് പണി.
രാത്രിക്കു കൂട്ടിരിക്കാൻ
ചൂട്ടും കൊതുമ്പും
സാംബ്രാണിയുടെ കുഴലും.

വിണ്ടുകീറിയ മുഖം
കനലു കെട്ടുപോയ നെഞ്ചിലേക്ക് ആഴ്ത്തി
ചായ്പ്പിലിരുന്നു കരയുന്നുണ്ടാവും.

കരയട്ടെ.
കണ്ണീരിൽ മുഖത്തെ
കരിയൽ‌പ്പം കഴുകിപ്പോകട്ടെ.

ചുണയില്ലാത്തോളെ,
ചന്തം കെട്ടവളെ,

ഇവിടാർക്കു വേണം?

മറവി

വാന്‍ സെമിത്തേരി മുക്കില്‍ എത്തിയപ്പോഴാണ് ഓര്മ വന്നത്
കണ്ണീരായി അണിയാന്‍ മുത്തു മണികള്‍ എടുത്തു വയ്ക്കാമായിരുന്നു
എന്ത് ചെയ്യാം !
തിരിച്ചു പോകാന്‍ ഒരു ശരീരം ഇല്ലാതായിപ്പോയി!


ഇരുട്ടത്ത് കാതോര്‍ത്ത്...