ന്റുപ്പുപ്പാന്റെ ആന

വള്ളിനിക്കറുമിട്ട് പറമ്പിലും തൊടിയിലും ഓടിനടന്ന ബാല്യത്തിലെ ഒരു കൌതുകം തന്നെയായിരുന്നു കുഴിയാ‍ന. കൈവിരല്‍ നീട്ടി തൊട്ടാല്‍ പിന്നോട്ടു പിന്നോട്ടു നടക്കുന്ന, മണല്‍ക്കൂനയില്‍ കവിത പണിയുന്ന ഒരു കുഞ്ഞത്ഭുതം. ഓടു മേഞ്ഞ വീടിന്റെ അടിസ്ഥാനത്തോടു ചേരുന്നിടത്ത് വരിവരിയായി കാണും ഇവറ്റകളുടെ വാരിക്കുഴികള്‍

ഏട്ടനാണെന്നു തോന്നുന്നു, ഉറുമ്പുകളെ നൂലില്‍ കുരുക്കി ചൂണ്ടയിലെ ഇര പോലെ ഉപയോഗിച്ച് ഇവയെ പിടിക്കുന്ന സൂത്രം പറഞ്ഞു തന്നത്. അങ്ങനെയാണ് കുഞ്ഞുറുമ്പുകള്‍ കുഴിയാനകളുടെ വീക്ക്നെസ് ആണെന്നറിഞ്ഞത്.



ബഷീറിന്റെ ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന് വായിച്ചിട്ടില്ലേ? അതിലെ കുഞ്ഞുപാത്തുമ്മയുടെ ആന ഒടുവില്‍ കുഴിയാനയായി ചുരുങ്ങുന്നതിന്റെ നൈര്‍മല്യവും ഹാസ്യവും ആഷര്‍ സായിപ്പിനു തര്‍ജ്ജമ ചെയ്തപ്പോള്‍ പൊയ്പ്പോയെന്നു പറഞ്ഞു കേട്ടിട്ടുണ്ട്. കാരണം മറ്റൊന്നുമല്ല: കുഴിയാനയ്ക്ക് antlion എന്നാണ് ഇംഗ്ലീഷില്‍ പറയുക. Elepahant-ഉം antlion-ഉം തമ്മിലെന്തു ബന്ധം? എന്തു തമാശ? ഇത്തരം കള്‍ച്ചറല്‍ ഗാപ്പുകള്‍ എല്ലാ തര്‍ജ്ജമകളിലും നീളെക്കാണാനാകും. സായിപ്പിന്റെ ഭാഷയേക്കാള്‍ മലയാളത്തിനു മെച്ചം കൂടിയതിനാലൊന്നുമല്ല, ഓരോ ഭാഷയ്ക്കും അതിന്റേതായ ഭംഗിയും കൂനും കുനിഷ്ഠും ഒക്കെ ഉണ്ടാവും.



“ഡോ..ആമുഖം നിര്‍ത്തി നേരേ ചൊവ്വേ കാര്യം പറയെടോ” ആരാ ആ പറഞ്ഞത്? ആരായാലെന്താ. പറഞ്ഞതു ന്യായം. ഓക്കെ, തുടങ്ങാം.



പെരസ്ത്രോയിക്ക അമേരിക്കന്‍ ടെക്നിക്കാന എന്നൊക്കെ ദേവന്‍ പറയുന്ന പോലെ ശാസ്ത്രനാമത്തില്‍ പിടിച്ചു തുടങ്ങാം. മയര്‍മിലോണ്ടിഡ് (Myrmeleontidae) എന്നറിയപ്പെടുന്ന കുടുംബത്തിലെ ഒരെളിയ അംഗമാണ് കുഴിയാന എന്ന ഉറുമ്പു ചിങ്കം. ശ്രീലങ്കയില്‍ മാത്രം നാലു സ്പീഷിസുകള്‍ ഉണ്ടത്രേ. ഇവന്മാരിലൊരാളാവണം നമ്മുടെ തൊടിയില്‍ കുഴികുത്തി നടക്കുന്ന വിദ്വാനും. ഇന്ത്യയില്‍ മാത്രമല്ല, ചൂടുള്ള സ്ഥലങ്ങളിലൊക്കെ കുഴികുത്താന്‍ ഇവന്‍ മടിക്കില്ല. ഏഷ്യന്‍ ഭാഗത്തു മാത്രം 170-ല്‍ പരം സ്പീഷീസുകള്‍ ഉണ്ട്. ലോകത്താകമാനം 2000-ത്തിലധികവും. ഇത്രയൊക്കെ പറഞ്ഞിട്ടും കഥാനായകനെ ഓര്‍മ്മ വരാത്ത പ്രവാസികള്‍ക്കായി ഒരു ചിത്രം കൊടുത്തിരിക്കുന്നു. (സത്യം പറയാമല്ലോ, ഈ പടം കണ്ടിട്ട് എന്റെ ഇമ്പ്രഷന്‍ കമ്പ്ലീറ്റു പോയി. കുഴിയാനയെ കാണാന്‍ വളരെ ക്യൂട്ടായിരുന്നെന്നാണ് ഓര്‍മ്മ)

ഇവനെ കൈയിലെടുത്ത് മണലില്‍ ഇട്ടു കൊടുത്താലുടനെ തുടങ്ങും കുഴി കുത്തല്‍ . വട്ടത്തില്‍ കറങ്ങി കുഴിച്ച് കുഴിക്കുള്ളിലേക്കു ചുഴിഞ്ഞു ചുഴിഞ്ഞിറങ്ങി, മണല്‍ കോരിത്തെറിപ്പിച്ച്, ഒരു പത്തു പതിനഞ്ചു മിനുട്ടിനുള്ളുല്‍ കുഴി റെഡി. രണ്ടു കൊമ്പുകള്‍ (മാന്‍ഡിബിളുകള്‍ ) മാത്രം വെളിയില്‍ കാട്ടി മണ്ണിനടിയില്‍ ഒളിച്ചിരിക്കും ഊണു കഴിക്കാന്‍ .



“വയറു വിശക്കുന്നെന്റമ്മേ” എന്ന പഴയ മലയാള സിനിമാ ഗാനവും മൂളിക്കൊണ്ട് അതാ ഒരു ഉറുമ്പു പാഞ്ഞു വരുന്നു. ഭംഗിയുള്ള കുഴിക്കു കരയില്‍ നിന്ന്, ചിലര്‍ ആഴമുള്ള കിണറ്റില്‍ വെള്ളമുണ്ടോന്നു പരിശോധിക്കുന്ന മട്ടില്‍ ഉറുമ്പൊന്നു ചെരിഞ്ഞു നോക്കും. ദാ മണ്ണും മണലും ഊര്‍ന്നു ചതിക്കുഴിയിലായി മണ്ടനുറുമ്പ്. തക്കം പാര്‍ത്ത് നമ്മുടെ ആന കൊമ്പുകള്‍ കൊണ്ട് വീശി ഉറുമ്പിനു നേരേ മണലെറിയും. മുകളിലേയ്ക്ക് കയറും തോറും താഴേയ്ക്ക് തെന്നുന്ന ഈ വാരിക്കുഴിയില്‍‍പ്പെട്ട ഉറുമ്പിനെ മണ്ണിലടിയിലേയ്ക്ക് കൊണ്ടു പോയി സത്തൊക്കെ ഊറ്റിക്കുടിക്കും കശ്മലന്‍ . ശവമോ കൊമ്പുകളില്‍ തൂക്കി ഒരേറും. മറ്റുറുമ്പുകള്‍ക്കു സംശയം വരരുതല്ലോ. ആനയുടെയും സിംഹത്തിന്റെയും മനുഷ്യരുടെയും ഒക്കെ ചില സ്വഭാവങ്ങള്‍ അല്ലേ?



ജീവിതചക്രം

ഇംഗ്ലീഷില്‍ ഡൂഡില്‍ബഗ്ഗ് (doodle bug) എന്നും വിളിക്കുന്ന ഈ കുഴിപ്പുലി ഒരു ലാര്‍വ്വയാണെന്നറിയുന്നവര്‍ ചുരുങ്ങും. (ഇനി ഇത് എല്ലാര്‍ക്കും അറിയാമായിരുന്നു എന്നു പറഞ്ഞാല്‍ ഞാന്‍ ചുരുങ്ങും) അതെ, രൂപപരിണാമം (Metamorphosis) നടത്തുന്ന ഒരു ഷഡ്പദത്തിന്റെ ലാര്‍വ്വയാണ് കുഴിയാന. കാഴ്ചയില്‍ ചെറു തുമ്പിയെപ്പോലെ (കല്ലെടുപക്കി എന്ന് തെക്കോട്ടുള്ളവര്‍ പറയും), നീണ്ട വാല്, നീണ്ട ചിറകുകള്‍ ഒക്കെ തുമ്പിയെപ്പോലെ. പക്ഷേ അത്രയ്ക്ക് അഴകിയല്ല. കുഞ്ഞുങ്ങളെപ്പോലല്ല, വെജിറ്റേറിയനാണ് പ്രായപൂര്‍ത്തിയായ കുഴിയാനത്തുമ്പികള്‍‍. പൂമ്പൊടിയും മധുവും കഴിച്ച് മറ്റനേകം പ്രാണികളെപ്പോലെ സാത്വിക ജീവിതമാണ് നയിക്കുന്നത്.




കുഴിയാനത്തുമ്പികളുടെ ഇണചേരലും രസകരമാണ്. ആണ്‍ തുമ്പിയ്ക്കാകട്ടെ സാഹസികവും. പെണ്‍‌തുമ്പി ഒരു മരച്ചില്ലയില്‍ തൂങ്ങിപ്പിടിച്ച് നില്ക്കും ആണ്‍‌തുമ്പിയാകട്ടെ വാലിനറ്റത്തുള്ള ലിംഗഭാഗം ചേര്‍ത്തു വച്ച് തൂങ്ങിക്കിടക്കും, രണ്ടു മൂന്നു മണിക്കൂറുകള്‍ ! ഹോ ദാമ്പത്യജിവിതത്തിന്റെ ഓരോ പുലിവാലുകളേ!



ഈര്‍പ്പമില്ലാത്ത നല്ല തൂവിമണലില്‍ വാല്‍ തിരുകി ഇരുപതോളം മുട്ടകളിടും അമ്മത്തുമ്പി. ലാര്‍വ്വകളുടെ കോളനിയില്‍ ഒറ്റയ്ക്കു പോയി മുട്ടയിടാന്‍ നല്ല ഗട്ട്സു വേണം. അപൂര്‍വ്വമായി ഇതിനകം വേട്ടക്കാരായി മാറിയ ചില കുഴിയാനകള്‍ തന്നെ മുട്ടയിടാന്‍ പ്രസവവാര്‍ഡിലെത്തിയ തുമ്പികളെ കശാപ്പു ചെയ്ത് ശാപ്പിടാറുണ്ടത്രേ. തുമ്പിയ്ക്കായുസ് 20-30 ദിവസങ്ങള്‍ മാത്രം. ഇതിനിടയില്‍ ഒന്നു രണ്ടു തവണത്തെ ഇണചേരലും മുട്ടയിടലും. മൂന്നു വര്‍ഷം കുഴിയ്ക്കുള്ളില്‍ കഴിഞ്ഞ് പുറത്തെത്തിയത് ഈ നാലാഴ്ചത്തെ ജീവിതത്തിനായിരുന്നോ എന്ന് മരണക്കിടക്കയില്‍ കിടന്ന് ഈ തുമ്പികള്‍ ചോദിക്കുന്നുണ്ടാവണം.




രസകരമായ മറ്റൊരു സവിശേഷത, കുഴിയാനയ്ക്ക് ശരീരത്തിലെവിടെയും വിസര്‍ജ്ജ്യങ്ങള്‍ക്കായി ദ്വാരങ്ങളില്ലത്രേ. വിസര്‍ജ്ജ്യം ഉള്ളിലൊതുക്കി വര്‍ഷങ്ങളോളം നടക്കും. രണ്ടു മൂന്നു വര്‍ഷം നീളുന്ന മലബന്ധം! ഒടുവില്‍ പ്യൂപ്പാവസ്ഥയില്‍ കൊക്കൂണ്‍ നിര്‍മ്മിക്കാനാവശ്യമായ നാരുകള്‍ക്ക് അല്പം വിസര്‍ജ്ജ്യങ്ങളും ഉപയോഗിക്കും. എങ്കിലും ആദ്യമായി വയറൊഴിക്കുന്നത് പ്യൂപ്പയ്ക്കു പുറത്തു വന്ന്‌ നന്നായൊന്ന് നടുനിവര്‍ത്തിയ ശേഷമാണ്.


കടുവയെ പിടിക്കുന്ന കിടുവകള്‍
ചതിക്കുഴി കുത്തി കാത്തിരിക്കുന്ന കുഴിയാനയ്ക്ക് ജൈവികപരിണാമത്തിലൂടെ ധാരാളം സവിശേഷതകള്‍ കൈവന്നിട്ടുണ്ട്. അവയില്‍ ഏറ്റവും പ്രധാനം ശക്തിയേറിയ കൊമ്പുകള്‍ (mandibles) തന്നെ. ഇരയെ നിസാരമായി കീഴ്പ്പെടുത്താന്‍ ഇവ ധാരാളം. മറ്റൊന്ന് താരതമ്യേന സുരക്ഷിതമായ മണ്ണിനടിയിലാണ് അവയുടെ വാസം. മണലില്‍ നിന്നു തിരിച്ചറിയാനാകാത്ത വിധം ചാരനിറം ഇരപിടുത്തത്തിനും ശത്രുക്കളില്‍ നിന്നു രക്ഷപ്പെടാനും ഉപകാര പ്രദം.



എന്നിരുന്നാലും ജീവജാലങ്ങള്‍ക്കിടയിലെ സമരവും സഹകരണവും ഇവിടെയും ഇല്ലാതില്ല. ഉദാഹരണത്തിന് ചാത്സിഡ് ജാതിയില്‍പ്പെട്ട ഒരിനം കടന്നല്‍ (Lasiochalcidia igiliensis) കുഴിയാനയെ ചുറ്റിപ്പറ്റി ജീവിക്കുന്ന ഒരു പരാദമാണ്. ഈ ഷഡ്പദങ്ങള്‍ മുട്ടയിടുന്നത് കുഴിയാനയുടെ കഴുത്തിനു പിന്നില്‍ തന്നെ. മുട്ടയിടുന്ന പ്രായമെത്തുമ്പോള്‍ കുഴിയാനയുടെ മടയിലെത്തുകയും പെണ്‍‌കടന്നല്‍ കുഴിയാനയെ മോഹിപ്പിക്കുകയും ചെയ്യും. ഓണ സദ്യ സ്വപ്നം കണ്ടെത്തുന്ന കുഴിയാന കൊമ്പുകള്‍ വിടര്‍ത്തി പിടികൂടാന്‍ ശ്രമിക്കുന്നതും കടന്നല്‍ ശക്തിയേറിയ പിന്‍‌കാലുകള്‍ കൊണ്ട് കൊമ്പുകളെ അകറ്റിപ്പിടിച്ച് തൊറാക്സ് (മേല്‍ശരീരം) ഭാഗത്തേയ്ക്ക് മുട്ടയിടുന്നതും ഒരുമിച്ചായിരിക്കും.




മറ്റൊരിനം ആസ്ത്രേലിയന്‍ ഈച്ച (Scaptia muscula) കുഴിയാനയുടെ മടയില്‍ തന്നെ താമസവും. പണ്ടു നാട്ടില്‍ പാമ്പുകള്‍ക്കൊപ്പം കുടിവയ്ച്ച് ഒരു കുഴിക്കുള്ളില്‍ നൂറും നൂറ്റമ്പതും ദിവസം പിന്നിട്ട പാമ്പു യജ്ഞക്കാരെ ഓര്‍മ്മയില്ലേ? അതു പോലെ ജീവന്‍ വച്ചുള്ള കളിയാണിത്, ഈച്ചയ്ക്ക്. കുഴിയാന വലിച്ചെറിയുന്ന ഉറുമ്പിന്‍ ശവങ്ങളെ തിന്നാനാണ് ഈ അപകടം പിടിച്ച പണി. എന്നാല്‍ അതിനിടെ കുഴിയാനയുടെ വായില്‍പ്പെട്ടാലോ കഥ പിന്നെ പറയണ്ട.



കാള, സിംഹം, ആന, പന്നി തുടങ്ങിയ മൃഗങ്ങളുടെ പേരിലാണ് ഓരോ ഭാഷയിലും ഇവയെ വിശേഷിപ്പിക്കുന്നത്. ആനയെപ്പോലെ കൂനിയ ശരീരവും , കാളയുടെ പോലുള്ള കൊമ്പുകളും, സിംഹത്തിനെപ്പോലുള്ള വേട്ടയാടിപ്പിടിക്കലും ഒക്കെ ഈ കുഞ്ഞിപ്രാണിയെ ആകര്‍ഷണീയമാക്കുന്നു. പരിണാമപ്രക്രിയയിലൂടെ ഓരോരോ ജീവിതക്രമം കെട്ടിപ്പടുത്ത് പൊരുതി മുന്നേറുന്ന ഓരോ ജീവജാലത്തിനും അതിന്റേതായ പ്രത്യേകതകള്‍ ഉണ്ട്. ഓരോ വ്യതിരിക്തമായ ഫിംഗര്‍പ്രിന്റ്. ഈ വേറിട്ടുള്ള വ്യക്തിത്വം ആനയ്ക്കുണ്ട് കുഴിയാനയ്ക്കുമുണ്ട്.



തൊടിയിലൊക്കെ വീടും പൂന്തോട്ടവും സിമന്റിട്ട മുറ്റവും ഒക്കെയായി പുരോഗതിയുടെ പാതകള്‍ വെട്ടിത്തുറക്കുന്നതിനിടയില്‍ ഒരു പാടു ജീവികളെ നാം ദുരിതത്തിലാഴ്ത്തി. അവയില്‍ ചീറ്റപ്പുലിയും ചിത്രശലഭവും കീരികളും മരപ്പട്ടിയും ഒക്കെപ്പെടും. അവയ്ക്കൊക്കെ എന്നെങ്കിലും ഒരു ദുരിതാശ്വാസ പെന്‍ഷന്‍ പദ്ധതി ഏര്‍പ്പെടുത്തിയാല്‍ കുഴിയാനയ്ക്കും കൊടുക്കണം ഒരു പങ്ക്.


എന്നിലെ കുട്ടിയില്‍ പ്രകൃതിയോട് കൌതുകവും പുഴുക്കളെയും പഴുതാരയെയും മറ്റനേകം നിസാര ജീവികളെയും പഠിക്കാന്‍ ഉത്സാഹവും പകര്‍ന്നു തന്നതില്‍ അഗ്രഗണ്യമായ പങ്കു വഹിച്ച കാക്കത്തൊള്ളായിരം കുഴിയാനകള്‍ക്കും അവയുടെ വംശപരമ്പരകള്‍‍ക്കും ഈ പോസ്റ്റ് സമര്‍പ്പിക്കുന്നു.

ശുഭം


കൂടുതല്‍ വായന:
http://www.sel.barc.usda.gov/hym/chalcids/collecting/Lasiochalcidida.html
http://www.antlionpit.com
http://en.wikipedia.org/wiki/Antlion

പക്ഷിസ്‌നേഹികളേ, ഇതിലെ, ഇതിലെ

മനുഷ്യവര്‍ഗ്ഗത്തിന്റെ തള്ളിക്കയറ്റത്തില്‍ കുറ്റിയറ്റു പോയ പക്ഷികളെത്ര? വംശനാശം കാത്ത് നാളെണ്ണിയിരിക്കുന്ന വര്‍ഗ്ഗങ്ങളെത്ര? ഭക്ഷണത്തിനും വിനോദത്തിനും ഗവേഷണത്തിനും എന്നു വേണ്ട മരുന്നിനു പോലും വേണ്ടി നാമെത്ര കൊന്നൊടുക്കി, വിതയ്ക്കുകയും കൊയ്യുകയും ചെയ്യാത്ത ആകാശത്തിലെ പറവകളെ, ഡൈനസോര്‍ പരമ്പരയില്‍പെട്ട പാവം ഇരു കാലികളെ?


കുഞ്ഞുന്നാളില്‍ തെങ്ങിന്‍ മുകളില്‍ നിന്നു കിട്ടിയ മൈനക്കുഞ്ഞുങ്ങളെ വളര്‍ത്താന്‍ നോക്കിയിട്ടുണ്ട്. എന്റെ സ്‌നേഹവും വാല്‍‌സല്യയും താങ്ങാനാകാതെ മൂന്നും ദിവസങ്ങള്‍ക്കുള്ളില്‍ ചത്തു പോയി. ബന്ധുരകാഞ്ചനക്കൂടിന്റെ ബന്ധനത്തിന്റെ നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മ ഇന്നുമുണ്ട്.



ഈയിടെ ഇന്ത്യയില്‍ ഒരു പുതിയ പക്ഷിക്കൂട്ടത്തെ കണ്ടെത്തിയെന്ന വാര്‍ത്ത ഓര്‍മ്മകളെ എന്റെ മൈനക്കുഞ്ഞുങ്ങളിലേയ്ക്ക് കൊണ്ടു പോകുന്നു. രമണ ആത്രേയ എന്ന ഒരു അമേച്വര്‍ പക്ഷി നിരീക്ഷകന്റെ പരിശ്രമമാണ് ഈ പുതിയ സ്പീഷീസിനെ കണ്ടെത്തിയത്. കറുത്ത തൊപ്പിയും മഞ്ഞ കണ്ണടയും ധരിച്ച് പച്ച, ചുവപ്പ്, കറുപ്പ് എന്നിങ്ങനെ വര്‍ണ്ണങ്ങള്‍ മുഴുവന്‍ തൂവലില്‍ ചാലിച്ച ഈ സുന്ദരിയ്ക്ക് ലിയോസിച്ചെല ബുഗനോറം (Liocichla bugunorum) എന്നാണ് ശാസ്ത്രനാമം കൊടുത്തിരിക്കുന്നത്. അരുണാചലില്‍ പക്ഷികളെ കണ്ടെത്തിയ സ്ഥലത്തെ ആദിവാസി ഗോത്രമായ ബൂഗുണ്‍ (Bugun) ഗോത്രത്തിന്റെ പേരില്‍ തന്നെ. നോക്കൂ മൈനയുടെ കണ്ണുകള്‍ , മൈനയുടെ ആകൃതി. കഴിഞ്ഞ 50 വര്‍ഷത്തിനിടയിലെ ആദ്യത്തെ കണ്ടെത്തല്‍


രണ്ടു പക്ഷികളെ പിടിച്ച് ഒന്നു രണ്ടു തൂവലുകള്‍ മാത്രം കടം വാങ്ങി ആത്രേയ അവയെ പറഞ്ഞയച്ചു. അത്രമേല്‍ അപൂര്‍വ്വമത്രേ.


പക്ഷി സ്‌നേഹികളേ, ഈ സുന്ദരിയെ വരവേല്‌ക്കൂ. അവള്‍ക്ക് ആയുരാരോഗ്യവും ആയിരമായിരം സന്തതി പരമ്പരകളെയും നേരൂ.

കൂടുതലറിയണോ? ഇവിടെ നോക്കൂ:

ഗ്രാവിറ്റി

ഗ്രാമത്തിലെ ആളൊഴിഞ്ഞ അമ്പലപ്പറമ്പിനടുത്ത് ചുവന്നു തുടുത്ത ആപ്പിളുകളുമേന്തി മഹാവൃക്ഷം നിന്നു. വൃക്ഷച്ചുവട്ടില്‍ ധ്യാനനിരതനായി ന്യൂട്ടണും. ന്യൂട്ടണെ നോക്കി അശ്ലീലത്തമാശകള്‍ പറഞ്ഞും പൊട്ടിച്ചിരിച്ചും ആപ്പിളുകള്‍ സമയം പോക്കുന്നതിനിടയില്‍ കൂട്ടത്തിലൊരാപ്പിളിന് ഒരു തമാശതോന്നി. ആയത്തില്‍ താഴേക്ക്, ന്യൂട്ടന്റെ തലയ്ക്കു മുകളിലേക്ക് അതെടുത്തു ചാടി, പിന്നെ കൈ കൊട്ടിയാര്‍ത്തു. പക്ഷെ, ന്യൂട്ടന്റെ ധ്യാനം കൂടുതല്‍ മുറുകിയതേയുള്ളു.

ധ്യാനത്തിന്റെ പരിസമാപ്തിയില്‍ ബോധോദയത്തിന്റെ ഉഷ്ണത്തില്‍ ന്യൂട്ടണ്‍ മൂര്‍ച്ഛിച്ചു. കാറ്റാഞ്ഞടിക്കുകയും ലതാദികള്‍ ഉന്മാദത്തില്‍ വിജൃംഭിക്കുകയും ചെയ്തു. ഉണര്‍ന്നപ്പോള്‍ മുകളില്‍ നിന്നും തന്നെ കരുണയോടെ നോക്കി നില്‍‌ക്കുന്ന ആപ്പിളുകളെ അദ്ദേഹം കണ്ടു. കാല്‍ക്കല്‍ കുറ്റബോധത്തോടെ തലകുനിച്ചു നില്‍ക്കുന്ന തെമ്മാടിയാപ്പിളിനെയും. അവരെ നോക്കി അദ്ദേഹം പുഞ്ചിരിച്ചു. ന്യൂട്ടണ്‍ പാപങ്ങളൊക്കെ പൊറുക്കുന്ന ഒരു മഹാപ്രവാചകനായി. പിന്നെ തൂവലെടുത്ത് മഷിയില്‍ മുക്കി ആപ്പിളുകളെ സംബന്ധിക്കുന്ന ചില സനാതന നിയമങ്ങള്‍ എഴുതിയുണ്ടാക്കി.

മുകളില്‍ ആകാംക്ഷയോടെ നിന്ന നിരക്ഷരരായ ആപ്പിളുകളോട് ന്യൂട്ടണ്‍ അരുളിച്ചെയ്തു:

“പാപികളെ,
നിങ്ങളില്‍ ഞാന്‍ പ്രീതനാണ്.
താഴേക്ക്, എന്റെ കാല്‍ക്കലേക്ക് വീഴുക
ഇത് പ്രകൃതിയുടെ അചഞ്ചലനിയമമാണ്.
എന്റെ കാല്‍ച്ചുവട്ടിലാണ് കുഞ്ഞാടുകളെ
നിങ്ങളുടെ മോക്ഷം.“

ആപ്പിളുകള്‍ പരസ്പരം നോക്കി, ചിലരില്‍ സംശയം നാമ്പു നീട്ടി. മറ്റു ചിലരാകട്ടെ ഉടനെതന്നെ ഭക്തലഹരിയിലാണ്ട പോലെ കാണപ്പെട്ടു.

“കുഞ്ഞുങ്ങളേ!
സംശയം
സാത്താന്റെ സന്തതിയാണ്.
വരൂ, എന്നിലേക്ക്”

ന്യൂട്ടന്റെ ദൈവികശബ്ദം കനത്തു.

ഇതിനകം ഒന്നു രണ്ടാപ്പിളുകള്‍ ഭക്തിയുടെ പാരമ്യതയിലെത്തിയിരുന്നു. പഞ്ചേന്ദ്രിയങ്ങളടക്കി, കുടുംബബന്ധങ്ങള്‍ അറുത്തുമാറ്റി ഭക്തിയുടെ ഗുരുത്വാകര്‍ഷണത്താല്‍ അവര്‍ ന്യൂട്ടന്റെ കാല്‍ക്കലേക്ക് കുതിച്ചു വീണു. ചില ദുര്‍ബല ഹൃദയര്‍ക്ക് വീഴ്ചയില്‍ അല്പം ചതവു പറ്റി. വീഴ്ച ആപേക്ഷികമാണെന്നും തലതിരിഞ്ഞു നോക്കിയാല്‍ വീഴ്ചയല്ല ഉയര്‍ച്ചയാണവര്‍ക്ക് ഉണ്ടായതെന്നും അദ്ദേഹം അവരെ മനസിലാക്കി കൊടുത്തു. സം‌പ്രീതനായി അവരിലേവര്‍ക്കും അനുഗ്രഹം വര്‍ഷിച്ചു. ഇതെ തുടര്‍ന്ന് കൂടുതല്‍ കൂടുതല്‍ ആപ്പിളുകള്‍ മോക്ഷത്തിനായി കൊതിച്ച്, ആത്മീയതയുടെ സാന്ത്വനങ്ങള്‍ മാത്രം ഇച്ഛിച്ചു കൊണ്ട് ന്യൂട്ടന്റെ കാല്‍ക്കലേക്ക് വീഴാനാരംഭിച്ചു. ശരണം വിളികളാല്‍ അന്തരീക്ഷം മുഖരിതമായി. മഹാവൃക്ഷവും പരിസരപ്രദേശങ്ങളും ഭക്തിസാന്ദ്രമായ ഒരാശ്രമം പോലെ കാണപ്പെട്ടു.

പെട്ടെന്ന് മുകളില്‍ നിന്ന് ഒരു കരച്ചില്‍ :

“അരുത്, കൂട്ടരേ, അരുത്.
നമ്മുടെ മോക്ഷം സന്തതിപരമ്പരകളിലൂടെ
മഹാവൃക്ഷങ്ങള്‍ക്ക് ജന്മം കൊടുക്കലാണ്.
അതാണ് പ്രകൃതിയുടെ സനാതന നിയമം.
ഇക്കാണുന്നവന്‍ കള്ളനാണയമാണ് സഖാക്കളേ”

ശബ്ദം കേട്ട് മറ്റാപ്പിളുകള്‍ തിരിഞ്ഞു നോക്കി. ചിലര്‍ക്ക് സംശയം. മറ്റു ചിലര്‍ക്കോ പുച്ഛം. മറ്റുള്ളവര്‍ ഒന്നും കേട്ടില്ലെന്ന മട്ടില്‍ തല വെട്ടിച്ചു. അതു വരെ കേട്ടിട്ടില്ലാത്ത ആ ആക്രോശം കേട്ട് അവിടെയാകെ അല്‍ഭുതം കലര്‍ന്ന ഒരാരവം ഉയര്‍ന്നു. ന്യൂട്ടണ്‍ അവരെ നോക്കി മാസ്മരികമായി പുഞ്ചിരിച്ചു. തുടര്‍ന്ന് ആപ്പിളുകള്‍ ഒന്നൊന്നായി സംശയലേശമേന്യെ ആ കാല്‍ക്കല്‍ വീണ് നമസ്കരിച്ചു.

ഒന്നൊഴികെ.

പടിഞ്ഞാട്ടു നിന്നു വന്ന കാറ്റില്‍ നഗ്നയായി നിന്ന മരത്തോടൊപ്പം ആ ഒറ്റയാപ്പിളും ആടിയുലഞ്ഞു. കൂട്ടുകാരെയോര്‍ത്ത് അവന്‍ തപിച്ചു. ദുഃഖത്തിന്റെ നിസ്സഹായതയുടെ പുഴുക്കുത്തുകള്‍ അവനെ മഥിച്ചു.

“വരൂ മകനേ”

ന്യൂട്ടണ്‍ സ്നേഹത്തോടെ, വാത്സല്യത്തോടെ അവസാനത്തെ ആപ്പിളിനെയും ക്ഷണിച്ചു. ഒറ്റയാന്‍ ആപ്പിള്‍ മുകളില്‍ നിന്ന് താഴേക്ക്, ന്യൂട്ടന്റെ കരുണ നിറഞ്ഞ മുഖത്തേയ്ക്ക് കാര്‍ക്കിച്ചു തുപ്പി. പിന്നെ ഒതുക്കി വച്ചിരുന്ന ഇളം ചിറകുകള്‍ വിരിച്ച് ദൂരേയ്ക്കെവിടെയോ പറന്നു നീങ്ങി.
എഴുതപ്പെടാത്ത സനാതനനിയമങ്ങളുടെ ഒറ്റപ്രവാചകനായി.

കണ്ണുകള്‍ പാതിയടഞ്ഞ് പുഞ്ചിരി തൂകി നിന്ന ന്യൂട്ടന്റെ പാദങ്ങളില്‍ ഒരായിരം ആപ്പിളുകള്‍ സീല്‍ക്കാരത്തോടെ ചുംബനം തുടര്‍ന്നു.


ഇരുട്ടത്ത് കാതോര്‍ത്ത്...