പക്ഷിസ്‌നേഹികളേ, ഇതിലെ, ഇതിലെ

മനുഷ്യവര്‍ഗ്ഗത്തിന്റെ തള്ളിക്കയറ്റത്തില്‍ കുറ്റിയറ്റു പോയ പക്ഷികളെത്ര? വംശനാശം കാത്ത് നാളെണ്ണിയിരിക്കുന്ന വര്‍ഗ്ഗങ്ങളെത്ര? ഭക്ഷണത്തിനും വിനോദത്തിനും ഗവേഷണത്തിനും എന്നു വേണ്ട മരുന്നിനു പോലും വേണ്ടി നാമെത്ര കൊന്നൊടുക്കി, വിതയ്ക്കുകയും കൊയ്യുകയും ചെയ്യാത്ത ആകാശത്തിലെ പറവകളെ, ഡൈനസോര്‍ പരമ്പരയില്‍പെട്ട പാവം ഇരു കാലികളെ?


കുഞ്ഞുന്നാളില്‍ തെങ്ങിന്‍ മുകളില്‍ നിന്നു കിട്ടിയ മൈനക്കുഞ്ഞുങ്ങളെ വളര്‍ത്താന്‍ നോക്കിയിട്ടുണ്ട്. എന്റെ സ്‌നേഹവും വാല്‍‌സല്യയും താങ്ങാനാകാതെ മൂന്നും ദിവസങ്ങള്‍ക്കുള്ളില്‍ ചത്തു പോയി. ബന്ധുരകാഞ്ചനക്കൂടിന്റെ ബന്ധനത്തിന്റെ നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മ ഇന്നുമുണ്ട്.



ഈയിടെ ഇന്ത്യയില്‍ ഒരു പുതിയ പക്ഷിക്കൂട്ടത്തെ കണ്ടെത്തിയെന്ന വാര്‍ത്ത ഓര്‍മ്മകളെ എന്റെ മൈനക്കുഞ്ഞുങ്ങളിലേയ്ക്ക് കൊണ്ടു പോകുന്നു. രമണ ആത്രേയ എന്ന ഒരു അമേച്വര്‍ പക്ഷി നിരീക്ഷകന്റെ പരിശ്രമമാണ് ഈ പുതിയ സ്പീഷീസിനെ കണ്ടെത്തിയത്. കറുത്ത തൊപ്പിയും മഞ്ഞ കണ്ണടയും ധരിച്ച് പച്ച, ചുവപ്പ്, കറുപ്പ് എന്നിങ്ങനെ വര്‍ണ്ണങ്ങള്‍ മുഴുവന്‍ തൂവലില്‍ ചാലിച്ച ഈ സുന്ദരിയ്ക്ക് ലിയോസിച്ചെല ബുഗനോറം (Liocichla bugunorum) എന്നാണ് ശാസ്ത്രനാമം കൊടുത്തിരിക്കുന്നത്. അരുണാചലില്‍ പക്ഷികളെ കണ്ടെത്തിയ സ്ഥലത്തെ ആദിവാസി ഗോത്രമായ ബൂഗുണ്‍ (Bugun) ഗോത്രത്തിന്റെ പേരില്‍ തന്നെ. നോക്കൂ മൈനയുടെ കണ്ണുകള്‍ , മൈനയുടെ ആകൃതി. കഴിഞ്ഞ 50 വര്‍ഷത്തിനിടയിലെ ആദ്യത്തെ കണ്ടെത്തല്‍


രണ്ടു പക്ഷികളെ പിടിച്ച് ഒന്നു രണ്ടു തൂവലുകള്‍ മാത്രം കടം വാങ്ങി ആത്രേയ അവയെ പറഞ്ഞയച്ചു. അത്രമേല്‍ അപൂര്‍വ്വമത്രേ.


പക്ഷി സ്‌നേഹികളേ, ഈ സുന്ദരിയെ വരവേല്‌ക്കൂ. അവള്‍ക്ക് ആയുരാരോഗ്യവും ആയിരമായിരം സന്തതി പരമ്പരകളെയും നേരൂ.

കൂടുതലറിയണോ? ഇവിടെ നോക്കൂ:

ഗ്രാവിറ്റി

ഗ്രാമത്തിലെ ആളൊഴിഞ്ഞ അമ്പലപ്പറമ്പിനടുത്ത് ചുവന്നു തുടുത്ത ആപ്പിളുകളുമേന്തി മഹാവൃക്ഷം നിന്നു. വൃക്ഷച്ചുവട്ടില്‍ ധ്യാനനിരതനായി ന്യൂട്ടണും. ന്യൂട്ടണെ നോക്കി അശ്ലീലത്തമാശകള്‍ പറഞ്ഞും പൊട്ടിച്ചിരിച്ചും ആപ്പിളുകള്‍ സമയം പോക്കുന്നതിനിടയില്‍ കൂട്ടത്തിലൊരാപ്പിളിന് ഒരു തമാശതോന്നി. ആയത്തില്‍ താഴേക്ക്, ന്യൂട്ടന്റെ തലയ്ക്കു മുകളിലേക്ക് അതെടുത്തു ചാടി, പിന്നെ കൈ കൊട്ടിയാര്‍ത്തു. പക്ഷെ, ന്യൂട്ടന്റെ ധ്യാനം കൂടുതല്‍ മുറുകിയതേയുള്ളു.

ധ്യാനത്തിന്റെ പരിസമാപ്തിയില്‍ ബോധോദയത്തിന്റെ ഉഷ്ണത്തില്‍ ന്യൂട്ടണ്‍ മൂര്‍ച്ഛിച്ചു. കാറ്റാഞ്ഞടിക്കുകയും ലതാദികള്‍ ഉന്മാദത്തില്‍ വിജൃംഭിക്കുകയും ചെയ്തു. ഉണര്‍ന്നപ്പോള്‍ മുകളില്‍ നിന്നും തന്നെ കരുണയോടെ നോക്കി നില്‍‌ക്കുന്ന ആപ്പിളുകളെ അദ്ദേഹം കണ്ടു. കാല്‍ക്കല്‍ കുറ്റബോധത്തോടെ തലകുനിച്ചു നില്‍ക്കുന്ന തെമ്മാടിയാപ്പിളിനെയും. അവരെ നോക്കി അദ്ദേഹം പുഞ്ചിരിച്ചു. ന്യൂട്ടണ്‍ പാപങ്ങളൊക്കെ പൊറുക്കുന്ന ഒരു മഹാപ്രവാചകനായി. പിന്നെ തൂവലെടുത്ത് മഷിയില്‍ മുക്കി ആപ്പിളുകളെ സംബന്ധിക്കുന്ന ചില സനാതന നിയമങ്ങള്‍ എഴുതിയുണ്ടാക്കി.

മുകളില്‍ ആകാംക്ഷയോടെ നിന്ന നിരക്ഷരരായ ആപ്പിളുകളോട് ന്യൂട്ടണ്‍ അരുളിച്ചെയ്തു:

“പാപികളെ,
നിങ്ങളില്‍ ഞാന്‍ പ്രീതനാണ്.
താഴേക്ക്, എന്റെ കാല്‍ക്കലേക്ക് വീഴുക
ഇത് പ്രകൃതിയുടെ അചഞ്ചലനിയമമാണ്.
എന്റെ കാല്‍ച്ചുവട്ടിലാണ് കുഞ്ഞാടുകളെ
നിങ്ങളുടെ മോക്ഷം.“

ആപ്പിളുകള്‍ പരസ്പരം നോക്കി, ചിലരില്‍ സംശയം നാമ്പു നീട്ടി. മറ്റു ചിലരാകട്ടെ ഉടനെതന്നെ ഭക്തലഹരിയിലാണ്ട പോലെ കാണപ്പെട്ടു.

“കുഞ്ഞുങ്ങളേ!
സംശയം
സാത്താന്റെ സന്തതിയാണ്.
വരൂ, എന്നിലേക്ക്”

ന്യൂട്ടന്റെ ദൈവികശബ്ദം കനത്തു.

ഇതിനകം ഒന്നു രണ്ടാപ്പിളുകള്‍ ഭക്തിയുടെ പാരമ്യതയിലെത്തിയിരുന്നു. പഞ്ചേന്ദ്രിയങ്ങളടക്കി, കുടുംബബന്ധങ്ങള്‍ അറുത്തുമാറ്റി ഭക്തിയുടെ ഗുരുത്വാകര്‍ഷണത്താല്‍ അവര്‍ ന്യൂട്ടന്റെ കാല്‍ക്കലേക്ക് കുതിച്ചു വീണു. ചില ദുര്‍ബല ഹൃദയര്‍ക്ക് വീഴ്ചയില്‍ അല്പം ചതവു പറ്റി. വീഴ്ച ആപേക്ഷികമാണെന്നും തലതിരിഞ്ഞു നോക്കിയാല്‍ വീഴ്ചയല്ല ഉയര്‍ച്ചയാണവര്‍ക്ക് ഉണ്ടായതെന്നും അദ്ദേഹം അവരെ മനസിലാക്കി കൊടുത്തു. സം‌പ്രീതനായി അവരിലേവര്‍ക്കും അനുഗ്രഹം വര്‍ഷിച്ചു. ഇതെ തുടര്‍ന്ന് കൂടുതല്‍ കൂടുതല്‍ ആപ്പിളുകള്‍ മോക്ഷത്തിനായി കൊതിച്ച്, ആത്മീയതയുടെ സാന്ത്വനങ്ങള്‍ മാത്രം ഇച്ഛിച്ചു കൊണ്ട് ന്യൂട്ടന്റെ കാല്‍ക്കലേക്ക് വീഴാനാരംഭിച്ചു. ശരണം വിളികളാല്‍ അന്തരീക്ഷം മുഖരിതമായി. മഹാവൃക്ഷവും പരിസരപ്രദേശങ്ങളും ഭക്തിസാന്ദ്രമായ ഒരാശ്രമം പോലെ കാണപ്പെട്ടു.

പെട്ടെന്ന് മുകളില്‍ നിന്ന് ഒരു കരച്ചില്‍ :

“അരുത്, കൂട്ടരേ, അരുത്.
നമ്മുടെ മോക്ഷം സന്തതിപരമ്പരകളിലൂടെ
മഹാവൃക്ഷങ്ങള്‍ക്ക് ജന്മം കൊടുക്കലാണ്.
അതാണ് പ്രകൃതിയുടെ സനാതന നിയമം.
ഇക്കാണുന്നവന്‍ കള്ളനാണയമാണ് സഖാക്കളേ”

ശബ്ദം കേട്ട് മറ്റാപ്പിളുകള്‍ തിരിഞ്ഞു നോക്കി. ചിലര്‍ക്ക് സംശയം. മറ്റു ചിലര്‍ക്കോ പുച്ഛം. മറ്റുള്ളവര്‍ ഒന്നും കേട്ടില്ലെന്ന മട്ടില്‍ തല വെട്ടിച്ചു. അതു വരെ കേട്ടിട്ടില്ലാത്ത ആ ആക്രോശം കേട്ട് അവിടെയാകെ അല്‍ഭുതം കലര്‍ന്ന ഒരാരവം ഉയര്‍ന്നു. ന്യൂട്ടണ്‍ അവരെ നോക്കി മാസ്മരികമായി പുഞ്ചിരിച്ചു. തുടര്‍ന്ന് ആപ്പിളുകള്‍ ഒന്നൊന്നായി സംശയലേശമേന്യെ ആ കാല്‍ക്കല്‍ വീണ് നമസ്കരിച്ചു.

ഒന്നൊഴികെ.

പടിഞ്ഞാട്ടു നിന്നു വന്ന കാറ്റില്‍ നഗ്നയായി നിന്ന മരത്തോടൊപ്പം ആ ഒറ്റയാപ്പിളും ആടിയുലഞ്ഞു. കൂട്ടുകാരെയോര്‍ത്ത് അവന്‍ തപിച്ചു. ദുഃഖത്തിന്റെ നിസ്സഹായതയുടെ പുഴുക്കുത്തുകള്‍ അവനെ മഥിച്ചു.

“വരൂ മകനേ”

ന്യൂട്ടണ്‍ സ്നേഹത്തോടെ, വാത്സല്യത്തോടെ അവസാനത്തെ ആപ്പിളിനെയും ക്ഷണിച്ചു. ഒറ്റയാന്‍ ആപ്പിള്‍ മുകളില്‍ നിന്ന് താഴേക്ക്, ന്യൂട്ടന്റെ കരുണ നിറഞ്ഞ മുഖത്തേയ്ക്ക് കാര്‍ക്കിച്ചു തുപ്പി. പിന്നെ ഒതുക്കി വച്ചിരുന്ന ഇളം ചിറകുകള്‍ വിരിച്ച് ദൂരേയ്ക്കെവിടെയോ പറന്നു നീങ്ങി.
എഴുതപ്പെടാത്ത സനാതനനിയമങ്ങളുടെ ഒറ്റപ്രവാചകനായി.

കണ്ണുകള്‍ പാതിയടഞ്ഞ് പുഞ്ചിരി തൂകി നിന്ന ന്യൂട്ടന്റെ പാദങ്ങളില്‍ ഒരായിരം ആപ്പിളുകള്‍ സീല്‍ക്കാരത്തോടെ ചുംബനം തുടര്‍ന്നു.

‘കാഴ്ച’പ്പാടുകള്‍

കാഴ്ചയെപ്പറ്റി ഒരു ലേഖനം എഴുതണമെന്നു കരുതിയിട്ട് കാലം കുറെയായി. എഴുതാനും മാത്രമുള്ള അറിവില്ല, എഴുതാനുള്ള ശൈലി വശമില്ല എന്നൊക്കെ സ്വയം പഴി പറഞ്ഞിരിക്കുന്ന മനസല്ലാത്തതിനാല്‍ ഒന്നെഴുതാന്‍ തന്നെ തീരുമാനിച്ചു. തീരുമാനം വളരെ പെട്ടെന്നെടുക്കുന്ന സ്വഭാവമാണെനിക്ക്. തീരുമാനമായി, ബലേ ഭേഷ്. ഇനിയെന്തു ചെയ്യും? എങ്ങനെ എഴുതിത്തുടങ്ങും? വല്ല ശ്ലോകവും ഉദ്ധരിച്ചു കൊണ്ടു തുടങ്ങാമെന്നു വച്ചാല്‍ ഉമേഷിനേയോ വിശ്വത്തിനേയോ രാജേഷിനേയോ ഒക്കെ പിടിക്കേണ്ടി വരും. പക്ഷെ ഐവി ശശിയുടെ സിനിമ പോലെ ഒരു ലേഖന ഫോര്‍മുലയില്‍ പിടിച്ചു നില്‍ക്കുന്നതാണ് നല്ലത്. ആയതിനാല്‍ ലേഖനത്തിലെ ആമുഖ ശ്ലോകത്തിന് വലിയ സാന്ദര്‍ഭിക യുക്തിയൊന്നും വേണമെന്നു പിടിവാശിയില്ലാത്തവര്‍ ഇതു വായിച്ച് ഔപചാരികമായി കൈ കഴുകി ഇരുന്നോളൂ.

കണ്ണുണ്ടായാല്‍ ...
കണ്ണുണ്ടായാല്‍ പോര കാണണം എന്ന് കുട്ടിക്കാലത്ത് എത്ര തവണ അച്ഛന്റെ ശകാരം കേട്ടിട്ടുണ്ടാവും എന്നൊരു നിശ്ചയവുമില്ല. വളര്‍ന്ന് മയോപ്പിയയുടെ കൊനിഷ്ഠു കൂടിയായപ്പോള്‍ കണ്ണുണ്ടായാല്‍ മാത്രം പോരാ കാണാന്‍ എന്നും വന്നു. ഇനി വേണമെന്നു വച്ച് കണ്ണുകള്‍ മിഴിച്ചു വച്ച് കണ്ടാല്‍ തന്നെയും കണ്ടതിനെ മനസിലാക്കാനുള്ള ഉള്‍ക്കണ്ണില്ലാത്തതിനാല്‍ കണ്ടതിനേക്കാള്‍ കാണാത്തവയാണ് പരശതം മടങ്ങു കൂടുതല്‍ . കാണേണ്ടത് കാണാനും ആസ്വദിച്ച് അറിയിക്കാനും കഴിയാത്ത അവസരങ്ങളാകട്ടെ സ്വന്തം പാതിയെന്നോട് തല്ലു കൂടാനായി നീക്കി വച്ചിരിക്കുന്നു! കാഴ്ച ഒരു മഹാല്‍ഭുതം തന്നെയാണ് സംശയമില്ല. കാഴ്ചയില്ലായ്മയോ വല്ലാത്ത ഒരു വല്ലായ്മയും.



ഡാര്‍വിന്റെ ചിരി
ഡാര്‍വിനു പോലും പരിണാമസിദ്ധാന്തത്തിന്റെ നിര്‍വൃതിയ്ക്കിടയിലെ കല്ലു കടിയായിരുന്നു കാഴ്ചയെന്ന കീറാമുട്ടി. എങ്ങനെയാവും കണ്ണുകളുടെ പരിണാമം നടന്നിട്ടുണ്ടാവുക എന്ന് അദ്ദേഹം തല പുകഞ്ഞു. ഒട്ടനേകം ഭാഗങ്ങള്‍ - കോര്‍ണിയ, ലെന്‍സ്, റെറ്റിന, സിലിയറി പേശികള്‍ എന്നിങ്ങനെ ഒറ്റയ്ക്കും തെറ്റയ്ക്കും ഒരു ചുമതലയും നിര്‍വഹിക്കാനാവാത്ത കുറെ ചെറിയ ചെറിയ മിനി അവയവങ്ങള്‍ - ചേര്‍ന്നതാണ് നമ്മുടെ കണ്ണുകള്‍ . ആദ്യം ലെന്‍സുണ്ടായി, പിന്നെ കോര്‍ണിയ വന്നു, പിന്നെയാണ് റെറ്റിന വന്നത് എന്നിങ്ങനെ പരിണാമസിദ്ധാന്തത്തിന്റെ വാലില്‍ ലളിതമായി പറഞ്ഞു പോകാനാകില്ല. ഉടനെ ഡാര്‍വിന്‍ വിരുദ്ധര്‍ ചോദിക്കും ലെന്‍സു മാത്രം കൊണ്ടെന്തു കാര്യം, കോര്‍ണിയ മാത്രമായിട്ടെന്തിനു കൊള്ളാം എന്നൊക്കെ. ഈ വൈക്ലബ്യമൊക്കെ ഉള്ളിലൊതുക്കി ഡാര്‍വിന്‍ എഴുതി:

“ഫോക്കസിന്റെ ക്രമീകരണം, കണ്ണിലെത്തുന്ന പ്രകാശത്തിന്റെ തീക്ഷ്ണതയുടെ നിയന്ത്രണം, അപവര്‍ത്തനം പ്രകാശത്തിന്റെ സ്വഭാവത്തില്‍ വരുത്തുന്ന വൈകല്യങ്ങളുടെ പരിഹാരം എന്നിങ്ങനെ ഒരുപാടു ജോലികള്‍ നിര്‍വഹിക്കുന്ന അത്യഭൂതപൂര്‍വ്വമായ സവിശേഷതകളുള്ള കണ്ണുകള്‍ സ്വാഭാവിക തെരഞ്ഞെടുപ്പിലൂടെ പരിണമിച്ചെത്തിയതാണ് എന്നത്, തുറന്നു പറയട്ടെ, അങ്ങേയറ്റം അസംഭവ്യമെന്നാണ് തോന്നുന്നത്.(1)”
എന്ന്. ഈ വാചകങ്ങള്‍ ആവശ്യത്തിനും അനാവശ്യത്തിനും പൊക്കിപ്പിടിച്ച് മതമൌലിക വാദികള്‍ പരിണാമസിദ്ധാന്തത്തിനെതിരെ കുരിശുയുദ്ധം നടത്തുന്നത് പാശ്ചാത്യ രാജ്യങ്ങളില്‍ പതിവാണ്. പക്ഷേ ഡാര്‍വിന്‍ പരിണാമസിദ്ധാന്തത്തെ തള്ളിപ്പറയുകയായിരുന്നില്ല, മറിച്ച്, അതിനു കടന്നു പോകേണ്ട ദുഷ്കരമായ വഴികളെപ്പറ്റി അത്ഭുതം കൂറുക മാത്രമായിരുന്നു എന്നത് ചരിത്രം.


കണ്ണുകള്‍ പരിണാമ പ്രക്രിയയിലൂടെയാണ് വികസിച്ചതെങ്കില്‍ എവിടെ നിന്നു തുടങ്ങി? എത്ര തവണ പരിണാമ പ്രക്രിയയിലൂടെ കടന്നു പോയി എന്നിങ്ങനെ നിരവധി ചോദ്യങ്ങള്‍ ബാക്കിയാക്കിയാണ് ഡാര്‍വിന്‍ യാത്രയായത്. വമ്പന്‍ അക്ക്വേറിയങ്ങളില്‍ ചടഞ്ഞിരിക്കുന്ന ഏതെങ്കിലും നീരാളിയുടെ കണ്ണുകള്‍ കണ്ടിട്ടുണ്ടോ? നമ്മുടേതു പോലെ തോന്നിക്കുന്ന അതി സങ്കീര്‍ണ്ണമായ കാമറക്കണ്ണുകളാണ് ഇഷ്ടന്റേതും. മനുഷ്യന്റെയും നീരാളിയുടെയും (octopus) പൊതു വല്യപ്പൂപ്പന്‍ ഒരു സ്പോഞ്ചോ മറ്റോ ആകണം. സ്പോഞ്ചുകള്‍ക്കാകട്ടെ വെളിയില്‍ കാണിക്കാന്‍ കൊള്ളാവുന്ന കണ്ണുകളൊന്നുമില്ലാ താനും. പിന്നെ എങ്ങനെ മനുഷ്യ നേത്രങ്ങളും നീരാളിക്കണ്ണുകളും പരിണാമ പ്രക്രിയയിലൂടെ ഒരേ ഡിസൈനില്‍ എത്തിച്ചേര്‍ന്നു? ഒരു പ്രശ്നത്തിന്റെ ഏറ്റവും ശരിയായ ഉത്തരങ്ങള്‍ ഒടുവില്‍ ഒരേ വഴിക്കെത്തുന്നതിനാലാണോ? അതോ പ്രകൃതിയുടെ നിയമങ്ങള്‍ക്കുള്ളില്‍ നിന്നു കൊണ്ടു പ്രവര്‍ത്തിക്കുന്ന പരിണാമ പ്രക്രിയയുടെ പരിമിതികള്‍ കാരണമാണോ ഇത്? കാര്യം നിസാരം, പ്രശ്നം ഗുരുതരം എന്നു ബാലചന്ദ്രമേനോന്‍ പറഞ്ഞ പോലാണു കാര്യങ്ങളുടെ കിടപ്പ്. ഈ ഗുരു തരപ്രശ്നത്തിന് ഒരു പരിഹാരം കാണാനാണ് പ്രശസ്ത ജര്‍മ്മന്‍ ബയോളജിസ്റ്റ് ആയ ഏണെസ്റ്റ് വാള്‍ട്ടര്‍ മേയര്‍ (Ernst Walter Mayr) 1976-ല്‍ ഒരു മഹാ സര്‍വേ നടത്തിയത്. ജന്തുലോകം മുഴുക്കെ അരിച്ചു പെറുക്കി പരിശോധിച്ച അദ്ദേഹം കണ്ടെത്തിയത്, തികച്ചും വെവ്വേറെ പരിണാമ വഴികളിലൂടെ ഒരു പത്തു നാല്‍പ്പതു വട്ടമെങ്കിലും പ്രകൃതി ഈ ഡിസൈന്‍ ആവര്‍ത്തിച്ചിട്ടുണ്ടെന്നത്രേ.

Ernst Walter Mayr

സുതാര്യവും പ്രകാശ സംവേദന ശേഷിയുള്ളതുമായ ഒരു കോശത്തില്‍ നിന്ന്, അല്ലെങ്കില്‍ ഒരു പിടി കോശങ്ങളില്‍ നിന്നാകണം ആദ്യത്തെ കണ്ണുകള്‍ ജനിച്ചത്. രൂപങ്ങളെ പ്രതിരൂപങ്ങളാക്കാനൊന്നും ശേഷിയില്ലാത്തവ. ഒരു പക്ഷേ, ഇരുട്ടും വെളിച്ചവും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ മാത്രം പ്രാപ്തമായവ. പ്രാകൃതവും അപകടം പിടിച്ചതുമായ ഒരു ലോകത്ത് ഇരുട്ടിനെ വെളിച്ചത്തില്‍ നിന്നും ശത്രുവിനെ മിത്രത്തില്‍ നിന്നും നിഴലിനെ നിലാവില്‍ നിന്നുമൊക്കെ തിരിച്ചറിയാനാവുന്നത് എത്രത്തോളം സഹായകരമാവുമെന്നു പ്രത്യേകം പറയണ്ടല്ലോ: അന്നും ഇന്നും. പിന്നെപ്പിന്നെ തൊലിപ്പുറത്തെ ഒരു കുഴിക്കുള്ളില്‍ കൂട്ടിവച്ച പ്രകാശസംവാദകരായി കണ്ണുകള്‍ . പിന്നെയാ കുഴികളില്‍ സുതാര്യസ്തരം മൂടി സുതാര്യമായ പ്രോട്ടീന്‍ വന്നു നിറഞ്ഞ്, സിലിയറി പേശികളൊക്കെ നിര്‍മ്മിക്കപ്പെട്ട്, ദശലക്ഷം വര്‍ഷങ്ങളിലൂടെ ബ്ലോഗറിലേക്ക് ഉറ്റു നോക്കിയിരിക്കുന്ന ഈ കണ്ണുകള്‍ . അടുത്തിടെ നടത്തിയ ഒരു കമ്പ്യൂട്ടര്‍ സിമുലേഷന്‍ കാണിക്കുന്നത് 400,000 തലമുറകളിലൂടെ ഒറ്റക്കോശക്കണ്ണില്‍ നിന്നും ബോഷ് ആന്‍ഡ് ലോംബിന്റെ കോണ്ടാക്റ്റുമിട്ടു നടക്കുന്ന കാമറക്കണ്ണുകളിലേക്കെത്താമെന്നാണ്.


മേല്‍പ്പറഞ്ഞതൊന്നും സാങ്കല്പികങ്ങളല്ല. ഇന്നും ജീവിലോകത്തിലേക്ക് നോക്കിയാല്‍ പല രൂപത്തിലും കാണാം, പല തരം കണ്ണുകള്‍ . ചില ബാക്ടീരിയകളും ഫ്ലജല്ലങ്ങളും അവയുടെ ഒറ്റക്കോശത്തിലെ പ്രകാശ സവേദകങ്ങളായ ചില പിഗ്‌മെന്റുകളുപയോഗിച്ചാണ് “കാണുന്നത്”. ഈ കാഴ്ചയാകട്ടെ പ്രകാശമുണ്ട് അല്ലെങ്കില്‍ ഇല്ല എന്ന മട്ടിലേയുള്ളു. ഇത്തരം പിഗ്‌മെന്റ് നേത്രങ്ങളുപയോഗിച്ചാണ് ഇക്കൂട്ടര്‍ സൂര്യദേവനെ കണ്ടെത്തി സണ്‍ബാത്തൊക്കെ നടത്തുക. നോഷിലസ് (Nautilus) പോലുള്ള കക്കവര്‍ഗ്ഗങ്ങളാകട്ടെ സുഷിരക്ക്യാമറ പോലുള്ള കണ്ണുകളാണ് ഉപയോഗിക്കുന്നത്.

Octopus Eyes

മനുഷ്യനേത്രങ്ങളും നീരാളിക്കണ്ണുകളും സമാന്തരമായി ഏതാണ്ട് ഒരേ ഡിസൈനില്‍ എത്തിച്ചേര്‍ന്നു എന്നു പറഞ്ഞല്ലോ. എന്നിരുന്നാലും ചില്ലറ വ്യത്യാസങ്ങള്‍ ഇവ തമ്മിലുണ്ട്. ഉദാഹരണത്തിന് മനുഷ്യനേത്രങ്ങളില്‍ സിലിയറി പേശികള്‍ വലിഞ്ഞും വലിക്കാതെയുമൊക്കെ നമ്മുടെ ലെന്‍സിന്റെ ഫോക്കല്‍ ദൂരത്തെ ക്രമീകരിക്കുന്നു. നീരാളിയിലാകട്ടെ ലെന്‍സിന് അതുപോലുള്ള ഫ്ലെക്സിബിലിറ്റിയൊന്നുമില്ല. അതിനാല്‍ കക്ഷിയുടെ സിലിയറി പേശികള്‍ ലെന്‍സിന് കാണുന്ന വസ്തുവുമായുള്ള ദൂരം ക്രമീകരിച്ചാണ് ഫോക്കസ് ചെയ്യുന്നത്. ഏതാണ്ട്‌ എസെല്ലാര്‍ ക്യാമറ പോലെ.


അസംഭവ്യം എന്ന് ധീരമായി പറഞ്ഞ് തന്റെ അല്‍ഭുതം പ്രകടിപ്പിച്ച ഡാര്‍വിന് ഇനി ചിരിക്കാം. കാലാതിവര്‍ത്തിയായ തന്റെ വാക്കുകളെയോര്‍ത്ത് വീണ്ടും വീണ്ടും അഭിമാനം കൊള്ളാം. ഡാര്‍വിന്‍ മരിക്കുന്നേയില്ല.


കണ്ടതും കേട്ടതും

Yakov Perelman

ആലങ്കാരികമായി പറഞ്ഞാല്‍ കണ്ടും കേട്ടുമറിഞ്ഞടത്തോളമുണ്ടായിരുന്നില്ല ഔദ്യോഗികമായി പഠിച്ച ശാസ്ത്രജ്ഞാനം. പാഠ്യേതരമായി കിട്ടിയ പുസ്തകങ്ങളും ശാസ്ത്രസാഹിത്യ പരിഷത്തുമായുള്ള ബന്ധവുമാണ് അല്പം ശാസ്ത്രീയവും ലോജിക്കലുമായ പരിപ്രേക്ഷ്യമുണ്ടാക്കിത്തന്നത്. സ്കൂളില്‍ പഠിക്കുന്ന കാലത്താണ് യുറീക്കാ ബാലവേദിയിലെ ഒരു ക്വിസ് മത്സരത്തിന് സമ്മാനമായി ‘ഭൌതിക കൌതുകം’ കിട്ടുന്നത്. യാക്കോവ് പെരെല്‍മാന്‍ എന്ന റഷ്യക്കാരന്റെ ‘ഫിസിക്സ്’‘ പുസ്തകത്തിന്റെ പരിഭാഷ. ഇന്നേ വരെ ആഘോഷമായി ആവേശത്തോടെ വായിക്കാന്‍ കഴിഞ്ഞ ഒരേയൊരു ഫിസിക്സ് പുസ്തകമായിരുന്നു ‘ഭൌതിക കൌതുകം’. പില്‍ക്കാലത്ത്, ഫെയിന്മാന്റെ ഫിസിക്സ് ലെക്ചറുകളൊക്കെ അല്പം വായിക്കാനായെങ്കിലും എന്തോ യാക്കോവ് പെരെല്‍മാനായിരുന്നു ഏറ്റവും സ്വാധിനിച്ചത്. നിലയ്ക്കാത്ത യന്ത്രത്തെ (perpetual machine) പറ്റിയൊക്കെ വിശദമായി വായിക്കാനായതും അതിലൂടെത്തന്നെ. കാഴ്ചയുടെ മറിമായങ്ങളെപ്പറ്റി (optical illusion) അതിലൊരു അദ്ധ്യായം തന്നെയുണ്ടായിരുന്നെന്നാണ് എന്റെ ഓര്‍മ്മ. ചുവന്ന വസ്ത്രം കാട്ടിയാലൊന്നും കാളയെ ദേഷ്യം പിടിപ്പിക്കാനാവില്ല എന്നൊക്കെ പെരെല്‍മാന്‍ തന്മയത്വത്തോടെ പറഞ്ഞു തന്നിരുന്നു എന്റെ കുട്ടിക്കാലത്ത്(2). അടുത്തു കണ്ട ഒരു മലയാള സിനിമയില്‍ നായകന്‍ വില്ലനെ കൊലയ്ക്കു കൊടുക്കുന്നത് ചുവന്ന പുതപ്പു പുതപ്പിച്ച് കാളക്കൂറ്റനു മുന്നിലേക്ക് അയച്ചിട്ടാണ്. കാളയ്ക്ക് നിറങ്ങള്‍ തിരിച്ചറിയാനുള്ള കഴിവ് തുച്ഛമാണെന്നും ചുവന്ന തുണി ചാരനിറത്തിലാവും കാള കാണുന്നതെന്നും പൊതു ജനത്തിനറിയാത്തതിനാലാവാം ഇത്തരം ചൊട്ടു വിദ്യകള്‍ സിനിമകളിലൊക്കെ ധാരാളം കാണുന്നത്.


കാളക്കണ്ണിന് നിറങ്ങള്‍ മാത്രമല്ല ആഴവും ശരിയായി കാണാനാവില്ലെന്ന് പഠിപ്പിച്ചതും പെരെല്‍മാനാണ്. തലയുടെ ഇരു വശത്തുമായി തള്ളിനില്‍ക്കുന്ന കണ്ണുകള്‍ ഉപയോഗിച്ച് ഏകദേശം 360 ഡിഗ്രി കാണാനാകും ഋഷഭേശ്വരന്. ഓരോ കണ്ണും ഓരോ വശത്തെയും പ്രപഞ്ചത്തെ കാട്ടിക്കൊടുക്കുന്നു. ധൃതിയില്‍പുല്ലു തിന്നുമ്പോഴും ആരെങ്കിലും പാത്തു വരുന്നുണ്ടോ, തന്നെ ബീഫാക്കാന്‍ എന്ന് തിരിച്ചറിയാന്‍ കഴിവുള്ള ഈ അല്‍ഭുതക്കണ്ണുകള്‍ കാളയ്ക്കു മാത്രമല്ല, മാന്‍ , മുയല്‍ തുടങ്ങിയ മിക്ക സസ്തനി സസ്യഭുക്കുകളിലും കാണാം. എന്നാല്‍ അവയുടെ ഇരു കണ്ണുകളുടെയും ദൃശ്യമണ്ഡലങ്ങള്‍ പരസ്പരം സംയോജിക്കുന്നില്ല. അതിനാലാണ് ആഴത്തിന്റെ ഗുട്ടന്‍സ് കാളയ്ക്ക് കിട്ടാതെ പോയത്.

Stereopsis

മാംസഭുക്കുകള്‍ക്കാകട്ടെ രണ്ടു കണ്ണുകളും നെറ്റിയ്ക്കു താഴെ ഒരേ പ്രതലത്തില്‍ ഘടിപ്പിച്ചിരിക്കുന്നു. ഇവ രണ്ടും ഏതാണ്ട് ഒരേ വസ്തു പ്രപഞ്ചത്തെയാണ് കാണുന്നത്. ഓരോ കണ്ണും മറ്റേതില്‍ നിന്ന് ഒരല്പം വേറിട്ടു കാണുന്നെന്നു മാത്രം. ഇത്തരം വേറിട്ടു കാഴ്ചയാണ് ത്രിമാനക്കാഴ്ചയുടെ രഹസ്യം. മിക്ക മാംസഭുക്കുകളുടെയും പച്ചരിയാണ് സ്റ്റീരിയോപ്സിസ് (Stereopsis) എന്നറിയപ്പെടുന്ന ഈ സുത്രം. തന്റെ ഇര എത്ര ദൂരത്താണെന്ന് കൃത്യമായി അളന്ന് തിട്ടപ്പെടുത്തി കുതിച്ചു ചാടാന്‍ ഇതിലൂടെ സാധിക്കുന്നു. എന്നാലോ പരപ്പിലുള്ള കാഴ്ച ഇവറ്റകള്‍ക്ക് തീരെയില്ലാ താനും. ആഴത്തില്‍ കാണുന്നവന്‍ പരപ്പില്‍ കാണുന്നില്ല. മറ്റവന്‍ ആഴമെന്തെന്നു തന്നെ അറിയുന്നില്ല. ജീവിക്കാനുള്ള പരമ്പരാഗത ജൈവികമത്സരത്തില്‍ രണ്ടു കൂട്ടരും വിജയിച്ചു കൊണ്ടേയിരിക്കുന്നു. ഒപ്പം പരാജയപ്പെട്ടുമിരിക്കുന്നു.


ജീവജാലങ്ങളുടെ പരിണാമത്തെ തമാശയായി ‘പരിണാമ ഗുസ്തി’ എന്നു വിശേഷിപ്പിച്ച ജീനിയസ് ആരാണ്? അങ്ങേയ്ക്ക് പ്രണാമം.

കണ്ണികള്‍
ഈ ലേഖനത്തിലെ അക്ഷരപ്പിശാച് ഒഴികെയുള്ള തെറ്റുകുറ്റങ്ങള്‍ക്ക് ഞാന്‍ ഉത്തരവാദിയല്ല. അത്തരം പരാതികളൊക്കെ താഴെക്കാണുന്ന ഏതെങ്കിലും വെബ്‌സൈറ്റുകള്‍ക്ക് സൌകര്യം പോലെ അയച്ചു കൊടുക്കുക:
  1. http://www.atheists.org/evolution/halfawing.html
  2. http://www.talkorigins.org/faqs/vision.html
  3. http://home.austarnet.com.au/stear/evolution_of_the_eye.htm
  4. http://ebiomedia.com/gall/eyes/eye1.html
  5. http://www.karger.com/gazette/64/fernald/art_1_5.htm
  6. http://www.wehi.edu.au/resources/vce_biol_science/articles/finkel3.html
  7. http://en.wikipedia.org/wiki/Ernst_Mayr



(1) “that the eye , with all its inimitable contrivances for adjusting the focus to different distances, for admitting different amounts of light, and for the correction of spherical and chromatic aberration, could have been formed by natural selection seems, I freely confess, absurd in the highest possible degree“

(2) ഇതെഴുതിത്തീര്‍ത്ത ശേഷം പെരെല്‍മാന്‍ + ഭൌതിക കൌതുകം എന്നു ഗൂഗിള്‍ ചെയ്തപ്പോഴാണ് വക്കാരിയുടെ ഈ പോസ്റ്റില്‍ ചെന്നുടക്കിയത്. പെരെല്‍മാനെപ്പറ്റി നമ്മുടെ ബൂലോകര്‍ അവിടെ സംവദിക്കുന്നുണ്ട്.


പ്രത്യേകം ശ്രദ്ധിക്കുക: ഇതിലെ ചിത്രങ്ങള്‍ (ത്രിമാനക്കാഴ്ച ഒഴികെ) വിക്കിപ്പീഡിയയില്‍ നിന്നാണ്. എല്ലാ ചിത്രങ്ങളുടെയും പകര്‍പ്പവകാശം അതാത്പടങ്ങള്‍ എടുത്തവര്‍ക്കാണ്. ഒരു ചിത്രത്തിലും ഒരു അവകാശവാദവും എനിക്കില്ല. ചിത്രങ്ങള്‍ അറിവു കൈമാറാന്‍ മാത്രം.
വിഭാഗം: ശാസ്ത്രം


ഇരുട്ടത്ത് കാതോര്‍ത്ത്...