പക്ഷിസ്‌നേഹികളേ, ഇതിലെ, ഇതിലെ

മനുഷ്യവര്‍ഗ്ഗത്തിന്റെ തള്ളിക്കയറ്റത്തില്‍ കുറ്റിയറ്റു പോയ പക്ഷികളെത്ര? വംശനാശം കാത്ത് നാളെണ്ണിയിരിക്കുന്ന വര്‍ഗ്ഗങ്ങളെത്ര? ഭക്ഷണത്തിനും വിനോദത്തിനും ഗവേഷണത്തിനും എന്നു വേണ്ട മരുന്നിനു പോലും വേണ്ടി നാമെത്ര കൊന്നൊടുക്കി, വിതയ്ക്കുകയും കൊയ്യുകയും ചെയ്യാത്ത ആകാശത്തിലെ പറവകളെ, ഡൈനസോര്‍ പരമ്പരയില്‍പെട്ട പാവം ഇരു കാലികളെ?


കുഞ്ഞുന്നാളില്‍ തെങ്ങിന്‍ മുകളില്‍ നിന്നു കിട്ടിയ മൈനക്കുഞ്ഞുങ്ങളെ വളര്‍ത്താന്‍ നോക്കിയിട്ടുണ്ട്. എന്റെ സ്‌നേഹവും വാല്‍‌സല്യയും താങ്ങാനാകാതെ മൂന്നും ദിവസങ്ങള്‍ക്കുള്ളില്‍ ചത്തു പോയി. ബന്ധുരകാഞ്ചനക്കൂടിന്റെ ബന്ധനത്തിന്റെ നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മ ഇന്നുമുണ്ട്.



ഈയിടെ ഇന്ത്യയില്‍ ഒരു പുതിയ പക്ഷിക്കൂട്ടത്തെ കണ്ടെത്തിയെന്ന വാര്‍ത്ത ഓര്‍മ്മകളെ എന്റെ മൈനക്കുഞ്ഞുങ്ങളിലേയ്ക്ക് കൊണ്ടു പോകുന്നു. രമണ ആത്രേയ എന്ന ഒരു അമേച്വര്‍ പക്ഷി നിരീക്ഷകന്റെ പരിശ്രമമാണ് ഈ പുതിയ സ്പീഷീസിനെ കണ്ടെത്തിയത്. കറുത്ത തൊപ്പിയും മഞ്ഞ കണ്ണടയും ധരിച്ച് പച്ച, ചുവപ്പ്, കറുപ്പ് എന്നിങ്ങനെ വര്‍ണ്ണങ്ങള്‍ മുഴുവന്‍ തൂവലില്‍ ചാലിച്ച ഈ സുന്ദരിയ്ക്ക് ലിയോസിച്ചെല ബുഗനോറം (Liocichla bugunorum) എന്നാണ് ശാസ്ത്രനാമം കൊടുത്തിരിക്കുന്നത്. അരുണാചലില്‍ പക്ഷികളെ കണ്ടെത്തിയ സ്ഥലത്തെ ആദിവാസി ഗോത്രമായ ബൂഗുണ്‍ (Bugun) ഗോത്രത്തിന്റെ പേരില്‍ തന്നെ. നോക്കൂ മൈനയുടെ കണ്ണുകള്‍ , മൈനയുടെ ആകൃതി. കഴിഞ്ഞ 50 വര്‍ഷത്തിനിടയിലെ ആദ്യത്തെ കണ്ടെത്തല്‍


രണ്ടു പക്ഷികളെ പിടിച്ച് ഒന്നു രണ്ടു തൂവലുകള്‍ മാത്രം കടം വാങ്ങി ആത്രേയ അവയെ പറഞ്ഞയച്ചു. അത്രമേല്‍ അപൂര്‍വ്വമത്രേ.


പക്ഷി സ്‌നേഹികളേ, ഈ സുന്ദരിയെ വരവേല്‌ക്കൂ. അവള്‍ക്ക് ആയുരാരോഗ്യവും ആയിരമായിരം സന്തതി പരമ്പരകളെയും നേരൂ.

കൂടുതലറിയണോ? ഇവിടെ നോക്കൂ:

9 comments:

Sudhir KK said...

പക്ഷി സ്‌നേഹികളേ, ഈ സുന്ദരിയെ വരവേല്‌ക്കൂ. അവള്‍ക്ക് ആയുരാരോഗ്യവും ആയിരമായിരം സന്തതി പരമ്പരകളെയും നേരൂ.

Sudhir KK said...

മറന്നു. ദാ ഈ പീഡീ‌എഫ് പേപ്പര്‍ നോക്കാനും മറക്കണ്ട. നല്ല ചിത്രങ്ങളുണ്ടതില്‍

ഡാലി said...

കൂമന്‍സ്, എന്തു സുന്ദരിയാ ഈ കിളി. പി.ഡി എഫ്. പടങ്ങള്‍ അടി പൊളി.

വീണു കിട്ടുന്ന കിളികളുടെ പരിപാലനം എനിക്കും ഉണ്ടായിരുന്നു. അപ്പോള്‍ അമ്മ പറഞ്ഞു മനുഷ്യന്റെ മണം തട്ടിയാല്‍ കിളികളെ പിന്നെ കൂട്ടത്തില്‍ കൂട്ടില്ലാത്രേ.അറിയാമൊ അത് ശരിയാണൊ എന്ന്‌.

പൂനെയിലായിരുന്നപ്പോള്‍ അവിടെ ഇത്തരം സുന്ദരി കിളികള്‍ വരുമായിരുന്നു. അവിടെ നിന്നും വരുന്ന വരെ സ്റ്റാറ്റിസ്റ്റ്ക്സ് ഒക്കെ എടുത്തു. പക്ഷെ ആരുടെയും പേരൊന്നും അറിയില്ല. അപ്പോള്‍ മഞ്ഞ കിളി, മഞ്ഞപച്ച കിളി, തവിട്ടു കിളി, ഇത്തിരി കിളി. ഇങ്ങനെ പോകും സ്റ്റാറ്റിസ്റ്റിക്സ്.

ഇവിടെ നമ്മുടെ പൊന്മാന്റെ നീല ചിറകുള്ളവന്‍ ആണ് എന്റെ സുഹൃത്ത്. പക്ഷെ പൊന്മാന്‍ അല്ലെന്ന് തോന്നുന്നു.

സു | Su said...

മൈനയെ കാണാന്‍ എനിക്കിഷ്ടാ. ഈ ബുഗൂണും (അതിന്റെ പേര് അങ്ങനെ ആയ്ക്കോട്ടെ) നല്ല ഭംഗീണ്ട്. പക്ഷികളേയും മൃഗങ്ങളേയും കരുതലോടെ, സ്നേഹത്തോടെ നോക്കാന്‍ കഴിയുന്നവര്‍ ഭാഗ്യവാന്മാര്‍. ആത്രേയ പക്ഷിയെ വിട്ടയച്ചു എന്നത് അതിശയം. വേറെ ആരെങ്കിലും ആയിരുന്നെങ്കില്‍ കൂട്ടിലിട്ടേനെ.

ദേവന്‍ said...

ഇതിപ്പോഴാണല്ലോ കണ്ടത്‌!

അരോഗോത്തോ ഗൊമ്മന്നസലായി കിറുങ്ങണത്തിക്കിളി! തൊപ്പി മാത്രം ശകലം കുറഞ്ഞ തുണിയില്‍ തുന്നിയതാവും..

മൈന (തത്തയെപ്പോലെ അച്ചരപ്പുടത ഇല്ലെങ്കിലും )സംസാരിക്കും സുധീറേ. ന്നാലും കൃതഘ്നകളാ. ഞാന്‍ കുറേക്കാലം വീട്ടില്‍ ഒറ്റക്കായിരുന്നു. ഒരു വികലാംഗ മൈനയമ്മ എന്നും എന്റെ മുറ്റത്തു വന്ന് "കൂവേ" "ക്ലീറ്റസ്സേ" "ചാഴീ" എന്നൊക്കെ വിളിച്ച്‌ കെഞ്ചി കെഞ്ചി പഴം, പയര്‍, മല്ലി പുഴുങ്ങിയത്‌ ഒക്കെ ഇരന്നു വാങ്ങി കുഞ്ഞുങ്ങള്‍ക്ക്‌ കൊടുക്കുമായിരുന്നു. കുറച്ചു കഴിഞ്ഞപ്പോ അത്‌ അവകാശമായി. ദിവസം രണ്ടു നേരം ജനല്‍ച്ചില്ലില്‍ മുട്ടി വിളി തുടങ്ങി അവളും കുഞ്ഞുങ്ങളും.

ഒരു മൈനായച്ഛനെപ്പോലെ ഞാന്‍ എല്ലാത്തിനും തീറ്റ ഉണ്ടാക്കി കൊടുത്തു. കുഞ്ഞുങ്ങള്‍ പറന്നു പോയി കുറേ മാസം കഴിഞ്ഞ്‌ ഇവള്‍ ഞൊണ്ടി പോകുന്നത്‌ കണ്ട്‌ ഞാന്‍ പിറകേ ചെന്നു. ങേ ഹേ.. ഒരു മൈനക്ക്‌ ഒട്ടും മൈന്‍ഡ്‌ ഇല്ല .

അനൂപ് :: anoop said...

പൂരത്തിനു കിട്ടുന്ന 'ബൈനോക്കു' വില്‍ പക്ഷികളെത്തിരഞ്ഞ് തോടും പാടങ്ങളും കയറിയറങ്ങിയ ഒരു കാലം ഓര്‍ത്തു പോകുന്നു.
ഇന്ദുചൂഡനും ജെറാള്‍ഡിന്റെ യാത്രകളും..
..
ഓര്‍മ്മകള്‍...
;(
സെന്റിയടിയാണെങ്കില്‍ ക്ഷമിക്കുക..

Roby said...

your blogs stand alone, amongs a multitude of trivial matters. your blogs are both informative and enjoyable...

Kaippally said...

കൊള്ളാം നല്ല രചന

ശ്രീരാഗ് said...

നന്ദിയുണ്ട്. എനിക്കെന്റ്റെ പ്രൊജക്ട് പൂർത്തിയാക്കാൻ ഈ blog സഹായിച്ചു.


ഇരുട്ടത്ത് കാതോര്‍ത്ത്...