ഗ്രാവിറ്റി

ഗ്രാമത്തിലെ ആളൊഴിഞ്ഞ അമ്പലപ്പറമ്പിനടുത്ത് ചുവന്നു തുടുത്ത ആപ്പിളുകളുമേന്തി മഹാവൃക്ഷം നിന്നു. വൃക്ഷച്ചുവട്ടില്‍ ധ്യാനനിരതനായി ന്യൂട്ടണും. ന്യൂട്ടണെ നോക്കി അശ്ലീലത്തമാശകള്‍ പറഞ്ഞും പൊട്ടിച്ചിരിച്ചും ആപ്പിളുകള്‍ സമയം പോക്കുന്നതിനിടയില്‍ കൂട്ടത്തിലൊരാപ്പിളിന് ഒരു തമാശതോന്നി. ആയത്തില്‍ താഴേക്ക്, ന്യൂട്ടന്റെ തലയ്ക്കു മുകളിലേക്ക് അതെടുത്തു ചാടി, പിന്നെ കൈ കൊട്ടിയാര്‍ത്തു. പക്ഷെ, ന്യൂട്ടന്റെ ധ്യാനം കൂടുതല്‍ മുറുകിയതേയുള്ളു.

ധ്യാനത്തിന്റെ പരിസമാപ്തിയില്‍ ബോധോദയത്തിന്റെ ഉഷ്ണത്തില്‍ ന്യൂട്ടണ്‍ മൂര്‍ച്ഛിച്ചു. കാറ്റാഞ്ഞടിക്കുകയും ലതാദികള്‍ ഉന്മാദത്തില്‍ വിജൃംഭിക്കുകയും ചെയ്തു. ഉണര്‍ന്നപ്പോള്‍ മുകളില്‍ നിന്നും തന്നെ കരുണയോടെ നോക്കി നില്‍‌ക്കുന്ന ആപ്പിളുകളെ അദ്ദേഹം കണ്ടു. കാല്‍ക്കല്‍ കുറ്റബോധത്തോടെ തലകുനിച്ചു നില്‍ക്കുന്ന തെമ്മാടിയാപ്പിളിനെയും. അവരെ നോക്കി അദ്ദേഹം പുഞ്ചിരിച്ചു. ന്യൂട്ടണ്‍ പാപങ്ങളൊക്കെ പൊറുക്കുന്ന ഒരു മഹാപ്രവാചകനായി. പിന്നെ തൂവലെടുത്ത് മഷിയില്‍ മുക്കി ആപ്പിളുകളെ സംബന്ധിക്കുന്ന ചില സനാതന നിയമങ്ങള്‍ എഴുതിയുണ്ടാക്കി.

മുകളില്‍ ആകാംക്ഷയോടെ നിന്ന നിരക്ഷരരായ ആപ്പിളുകളോട് ന്യൂട്ടണ്‍ അരുളിച്ചെയ്തു:

“പാപികളെ,
നിങ്ങളില്‍ ഞാന്‍ പ്രീതനാണ്.
താഴേക്ക്, എന്റെ കാല്‍ക്കലേക്ക് വീഴുക
ഇത് പ്രകൃതിയുടെ അചഞ്ചലനിയമമാണ്.
എന്റെ കാല്‍ച്ചുവട്ടിലാണ് കുഞ്ഞാടുകളെ
നിങ്ങളുടെ മോക്ഷം.“

ആപ്പിളുകള്‍ പരസ്പരം നോക്കി, ചിലരില്‍ സംശയം നാമ്പു നീട്ടി. മറ്റു ചിലരാകട്ടെ ഉടനെതന്നെ ഭക്തലഹരിയിലാണ്ട പോലെ കാണപ്പെട്ടു.

“കുഞ്ഞുങ്ങളേ!
സംശയം
സാത്താന്റെ സന്തതിയാണ്.
വരൂ, എന്നിലേക്ക്”

ന്യൂട്ടന്റെ ദൈവികശബ്ദം കനത്തു.

ഇതിനകം ഒന്നു രണ്ടാപ്പിളുകള്‍ ഭക്തിയുടെ പാരമ്യതയിലെത്തിയിരുന്നു. പഞ്ചേന്ദ്രിയങ്ങളടക്കി, കുടുംബബന്ധങ്ങള്‍ അറുത്തുമാറ്റി ഭക്തിയുടെ ഗുരുത്വാകര്‍ഷണത്താല്‍ അവര്‍ ന്യൂട്ടന്റെ കാല്‍ക്കലേക്ക് കുതിച്ചു വീണു. ചില ദുര്‍ബല ഹൃദയര്‍ക്ക് വീഴ്ചയില്‍ അല്പം ചതവു പറ്റി. വീഴ്ച ആപേക്ഷികമാണെന്നും തലതിരിഞ്ഞു നോക്കിയാല്‍ വീഴ്ചയല്ല ഉയര്‍ച്ചയാണവര്‍ക്ക് ഉണ്ടായതെന്നും അദ്ദേഹം അവരെ മനസിലാക്കി കൊടുത്തു. സം‌പ്രീതനായി അവരിലേവര്‍ക്കും അനുഗ്രഹം വര്‍ഷിച്ചു. ഇതെ തുടര്‍ന്ന് കൂടുതല്‍ കൂടുതല്‍ ആപ്പിളുകള്‍ മോക്ഷത്തിനായി കൊതിച്ച്, ആത്മീയതയുടെ സാന്ത്വനങ്ങള്‍ മാത്രം ഇച്ഛിച്ചു കൊണ്ട് ന്യൂട്ടന്റെ കാല്‍ക്കലേക്ക് വീഴാനാരംഭിച്ചു. ശരണം വിളികളാല്‍ അന്തരീക്ഷം മുഖരിതമായി. മഹാവൃക്ഷവും പരിസരപ്രദേശങ്ങളും ഭക്തിസാന്ദ്രമായ ഒരാശ്രമം പോലെ കാണപ്പെട്ടു.

പെട്ടെന്ന് മുകളില്‍ നിന്ന് ഒരു കരച്ചില്‍ :

“അരുത്, കൂട്ടരേ, അരുത്.
നമ്മുടെ മോക്ഷം സന്തതിപരമ്പരകളിലൂടെ
മഹാവൃക്ഷങ്ങള്‍ക്ക് ജന്മം കൊടുക്കലാണ്.
അതാണ് പ്രകൃതിയുടെ സനാതന നിയമം.
ഇക്കാണുന്നവന്‍ കള്ളനാണയമാണ് സഖാക്കളേ”

ശബ്ദം കേട്ട് മറ്റാപ്പിളുകള്‍ തിരിഞ്ഞു നോക്കി. ചിലര്‍ക്ക് സംശയം. മറ്റു ചിലര്‍ക്കോ പുച്ഛം. മറ്റുള്ളവര്‍ ഒന്നും കേട്ടില്ലെന്ന മട്ടില്‍ തല വെട്ടിച്ചു. അതു വരെ കേട്ടിട്ടില്ലാത്ത ആ ആക്രോശം കേട്ട് അവിടെയാകെ അല്‍ഭുതം കലര്‍ന്ന ഒരാരവം ഉയര്‍ന്നു. ന്യൂട്ടണ്‍ അവരെ നോക്കി മാസ്മരികമായി പുഞ്ചിരിച്ചു. തുടര്‍ന്ന് ആപ്പിളുകള്‍ ഒന്നൊന്നായി സംശയലേശമേന്യെ ആ കാല്‍ക്കല്‍ വീണ് നമസ്കരിച്ചു.

ഒന്നൊഴികെ.

പടിഞ്ഞാട്ടു നിന്നു വന്ന കാറ്റില്‍ നഗ്നയായി നിന്ന മരത്തോടൊപ്പം ആ ഒറ്റയാപ്പിളും ആടിയുലഞ്ഞു. കൂട്ടുകാരെയോര്‍ത്ത് അവന്‍ തപിച്ചു. ദുഃഖത്തിന്റെ നിസ്സഹായതയുടെ പുഴുക്കുത്തുകള്‍ അവനെ മഥിച്ചു.

“വരൂ മകനേ”

ന്യൂട്ടണ്‍ സ്നേഹത്തോടെ, വാത്സല്യത്തോടെ അവസാനത്തെ ആപ്പിളിനെയും ക്ഷണിച്ചു. ഒറ്റയാന്‍ ആപ്പിള്‍ മുകളില്‍ നിന്ന് താഴേക്ക്, ന്യൂട്ടന്റെ കരുണ നിറഞ്ഞ മുഖത്തേയ്ക്ക് കാര്‍ക്കിച്ചു തുപ്പി. പിന്നെ ഒതുക്കി വച്ചിരുന്ന ഇളം ചിറകുകള്‍ വിരിച്ച് ദൂരേയ്ക്കെവിടെയോ പറന്നു നീങ്ങി.
എഴുതപ്പെടാത്ത സനാതനനിയമങ്ങളുടെ ഒറ്റപ്രവാചകനായി.

കണ്ണുകള്‍ പാതിയടഞ്ഞ് പുഞ്ചിരി തൂകി നിന്ന ന്യൂട്ടന്റെ പാദങ്ങളില്‍ ഒരായിരം ആപ്പിളുകള്‍ സീല്‍ക്കാരത്തോടെ ചുംബനം തുടര്‍ന്നു.

9 comments:

Malayalee said...

കഥയുമല്ല കവിതയുമല്ല. ശാസ്ത്രമോ ങേഹേ അതുമല്ല. ഏവൂരാന്‍ പറഞ്ഞ പോലെ സല്ലാപത്തില്‍ പെടുത്താം.
ഇത് ‘ഗ്രാവിറ്റി’

കണ്ണൂസ്‌ said...

അദ്വൈതം, ദ്വന്ദ്വം ഇതിലെന്തെങ്കിലും പെടുമോ കൂമന്‍സേ? :-)

അത്ര ഇഷ്ടമായില്ല എന്നു പറഞ്ഞാല്‍ മുഷിയില്ലല്ലോ.

Malayalee said...

ഇല്ലല്ലോ കണ്ണൂസേ..താങ്കളെപ്പോലുള്ളവര്‍ വായിച്ചെന്നറിയുന്നത് തന്നെ സന്തോഷമുള്ള കാര്യമാണ്. ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചയുമായോ, അദ്വൈതവുമായോ ഒന്നും ബന്ധമില്ല ഇതിന്. കുറച്ചു ദിവസം മുന്‍പേ എഴുതിയതാണ്. യുക്തിരഹിതമായ വിശ്വാസങ്ങളുടെ ജീവിതത്തിലെ കടന്നു കയറ്റത്തെപ്പറ്റി പരിഹസിച്ചെന്നേയുള്ളു. ശാസ്ത്രമായാലും, ആത്മീയമായാലും, പ്രത്യയശാസ്ത്രമായാലും.

പെരിങ്ങോടന്‍ said...

One can now see why all bodies fall at the same rate: a body of twice the weight will have twice the force of gravity pulling it down, but it will also have twice the mass. According to Newton’s second law, these two effects will exactly cancel each other, so the acceleration will be the same in all cases. - A brief history of time.

ഗലീലിയോ പിസയുടെ മുകളില്‍ കയറി നിന്നു കുന്തവും കുടച്ചക്രവും ഒരുമിച്ചു താഴേയ്ക്കിട്ടപ്പോള്‍ അവ രണ്ടും ഒരേ സമയത്തു നിലത്തു വീണെന്നു കുടിപ്പള്ളിക്കൂടത്തിലേ പഠിച്ചിട്ടുണ്ടു്. പക്ഷെ ഇപ്രകാരം ഒരു വിശദീകരണം ആരും തന്നതായി ഓര്‍ക്കുന്നില്ല. ഓഫ് ടോപ്പിക്കാണു്, ഗ്രാവിറ്റിയെ പറ്റി പറഞ്ഞപ്പോള്‍ ഓര്‍ത്തുവെന്ന് മാത്രം.

(സുധീര്‍ എഴുതിക്കാണുന്നതു തന്നെ സന്തോഷം, എഴുതിയതിനെ സല്ലാപത്തില്‍ ഉള്‍‌പ്പെടുത്തിയിരിക്കുന്നതു കാരണം അതിനെ കുറിച്ചൊന്നും പറയുന്നില്ല)

ഏറനാടന്‍ said...

എനിക്കൊന്നും പിടികിട്ടിയില്ല. എന്തെരാണിത്‌! കഥവിതയോ (കഥ + കവിത).
ഞാനൊന്നെഴുതിയിരുന്നു അന്തമില്ലാത്തയൊന്ന്. ആദ്യ വരികളിങ്ങനെ: തെങ്ങോലകൊമ്പിലിരുന്ന് ആനകള്‍ ചിന്നം വിളിച്ച്‌ പറന്നകന്നു! കറുത്ത അമാവാസിരാത്രിയിലെ പൂര്‍ണ്ണചന്ദ്രന്റെ വെളിച്ചത്തില്‍ നിശ്ശബ്‌ദമായ നേരം എങ്ങും കുറുനരികളുടെ ബഹളം കേട്ടു. ഇടുങ്ങിയ വീതിയേറിയ ഇടനാഴിയിലൂടെ കറുത്ത കാര്‍ പതുക്കെ ചീറിപാഞ്ഞ്‌ വന്നു. (ഇനി വായിച്ചാല്‍ നിങ്ങള്‍ക്കും വട്ടാകും, നിറുത്തട്ടെ, പെരിങ്ങന്‍ജീ, കൂമന്‍സ്‌ജീ & കണ്ണൂസ്‌ജീ ..)

Malayalee said...

ഹ ഹ അതു കലക്കി ഏറനാടാ... ആ കഥ മുഴുവനായി വായിക്കാന്‍ വരുന്നുണ്ട് കേട്ടോ :) മരപ്പൊത്തിലേക്കു വന്നതിനും കമന്റിട്ടതിനും നന്ദി.
സത്യത്തില്‍ മനസിലാവാതിരിക്കണമെന്നു മനഃപൂര്‍വം വിചാരിച്ചെഴുതിയതല്ല. ഇടയ്ക്കിടെ നേരെ ചൊവ്വേ എഴുതിയിടാന്‍ ശ്രമിക്കാം. വീണ്ടും വരൂ.

പെരിങ്ങോടാ: ഇതു കഥയല്ല. കവിതയുമല്ല. (നിലവാരമുള്ള കഥകളൊക്കെ വരുന്ന ബൂലോഗത്തില്‍ ഇതിനെ കഥ എന്നൊക്കെ വിളിക്കാന്‍ പേടി തന്നെ എന്നു കൂട്ടിക്കോളൂ) “പിന്നിതെന്തര്” എന്നു ചോദിച്ചാല്‍ വേണമെങ്കില്‍ ആക്ഷേപഹാസ്യം എന്നു പറയാം. പക്ഷേ മഹാന്മാരായ ന്യൂട്ടണെയോ ശ്രീബുദ്ധനെയോ ആക്ഷേപിക്കാനല്ല, മറിച്ച് മാറ്റമില്ലാത്ത നിയമങ്ങള്‍ എഴുതപ്പെടുകയും അതിനെ defy ചെയ്യുന്നതു പോലും പാപമാവുകയും ചെയ്യുന്ന പ്രവണതയെ വിമര്‍ശിക്കാനാണു ശ്രമിക്കുന്നത്. അതിന് ന്യൂട്ടന്റെയും ബുദ്ധന്റെയും ബിംബങ്ങള്‍ ഉപയോഗിച്ചെന്നു മാത്രം. ഗ്രാവിറ്റി നിയമങ്ങളെക്കുറിച്ചുള്ള വേറൊരു വ്യാഖ്യാനവുമല്ല ഇത്.

ഒരു ദിവസം രാത്രി മൂന്നു മണിയ്ക്ക് ന്യൂട്ടണെ സ്വപ്നം കണ്ടുണര്‍ന്ന കൂട്ടത്തില്‍ ഒരായിരം കോടി ആപ്പിളുകള്‍ക്കിടയില്‍ ഒന്ന് ഗ്രാവിറ്റി അനുസരിക്കാതിരുന്നാല്‍ എന്താകും എന്നൊരു തമാശ തോന്നി. അതാണ് പിന്നീട് ഇങ്ങനൊന്നായിത്തീര്‍ന്നത്.

ബ്രയാന്‍ ഗ്രീന്‍ സംവിധാനം ചെയ്ത ഒരു പ്രോഗ്രാം - സ്ട്രിങ്ങ് തിയറിയെപ്പറ്റി - അസംഭവ്യതയുടെ സംഭവ്യതയെപ്പറ്റി സൂചിപ്പിക്കുന്നുണ്ട്. (സംഭവ്യതയുടെ അസംഭവ്യത എന്ന പ്രയോഗത്തിന് ഷിജുവിനോടു കടപ്പാട്) ഉദാഹരണത്തിന്, ഒരാള്‍ ഒരു കല്‍ഭിത്തിയിലൂടെ കടന്നു പോകാന്‍ ശ്രമിക്കുന്നു എന്നു കരുതുക. നമ്മളയാളെ വട്ടന്‍ എന്നേ വിളിക്കൂ. പക്ഷേ പരശതകോടി തവണ അയാള്‍ ഇതാവര്‍ത്തിക്കുന്നതായി (കക്ഷി ഉയിരോടെയുണ്ടെങ്കില്‍ :)) ഒരു ചിന്താപരീക്ഷണം നടത്തി നോക്കിയാല്‍ ഇതു സാദ്ധ്യമാണെന്നു കാണാം. ദ്രവ്യത്തേക്കാള്‍ ആകാശമാണ് (space) ആറ്റങ്ങള്‍ക്കുള്ളില്‍ എന്നതിനാല്‍ ഓരോ ആറ്റവും മറ്റോരോന്നുമായി കൃത്യമായി align ചെയ്താല്‍ ശതകോടി സൂചിക്കുഴകളിലൂടെ അത്രയും നൂലിഴകള്‍ ഒരേ സമയം ഒന്നിച്ച് കയറ്റിയെടുക്കുമ്പോലെ ഒരാളുടെ ശരീരത്തിലുള്ള ആറ്റമുകളെ ഭിത്തിയിലെ ആറ്റമുകള്‍ക്കിടയിലെ ശൂന്യതയിലൂടെ കടത്തിയെടുക്കാനാകും - തിയററ്റിക്കലി.

സോറി പറഞ്ഞ് പറഞ്ഞ് ഓഫായിപ്പോയി. അല്ലെങ്കിലും ഈ പോസ്റ്റില്‍ ഓഫ് എന്ത്, ഓഫല്ലാത്തത് എന്ത് എന്ന് എനിക്കു പോലും നിശ്ചയമില്ല. ഏതായാലും ഇതിനെ ഞാനായിട്ട് സല്ലാപത്തില്‍ നിന്നു മാറ്റി. ഇനി ധൈര്യമായി എഴുതിക്കൊള്ളു അഭിപ്രായം.

ഡാലി said...

ഒരിക്കലിവിടെ വന്നു പോയിരുന്നു. എന്താ പറയാന്നു നിശ്ചയം ഇല്ലാത്തതോണ്ട് മടങ്ങി പോയി. അപ്പോള്‍ കൂമന്‍സ് തന്നെ ഇതു സല്ലാപം എന്നു പറഞ്ഞപ്പോള്‍ ഒരു ധൈര്യം.
“ മറിച്ച് മാറ്റമില്ലാത്ത നിയമങ്ങള്‍ എഴുതപ്പെടുകയും അതിനെ defy ചെയ്യുന്നതു പോലും പാപമാവുകയും ചെയ്യുന്ന പ്രവണതയെ വിമര്‍ശിക്കാനാണു ശ്രമിക്കുന്നത്.“
ഒരുപാട് പ്രാവശ്യം ചിന്തിച്ച കാര്യമാണ് കൂമന്‍സ്. എന്തേ അത് നിര്‍വചിക്കുമ്പോള്‍ ഇത്ര വെപ്രാളം എന്ന്. അങ്ങനെ ആണ് ചിന്തകള്‍ ഇങ്ങനെയൊക്കെ പോയത്.
qw_er_ty

Malayalee said...

"ഒരുപാട് പ്രാവശ്യം ചിന്തിച്ച കാര്യമാണ് കൂമന്‍സ്. എന്തേ അത് നിര്‍വചിക്കുമ്പോള്‍ ഇത്ര വെപ്രാളം എന്ന്. അങ്ങനെ ആണ് ചിന്തകള്‍ ഇങ്ങനെയൊക്കെ പോയത്."

സോറി ഡാലീ. എന്താണ് ഉദ്ദേശിച്ചതെന്നു പിടികിട്ടീല കേട്ടോ.

nalan::നളന്‍ said...

ചിന്തകള്‍ മുരടിക്കുമ്പോള്‍ മാറ്റമില്ലാത്ത പ്രമാണങ്ങള്‍ ജനിക്കും. അഭിപ്രായങ്ങള്‍ക്കുമീ ഗതിയാണെന്നു തോന്നുന്നു.
കൊള്ളാം.


ഇരുട്ടത്ത് കാതോര്‍ത്ത്...