ഞാനെങ്ങനെ ഉറങ്ങാനാണ്!


മുറ്റത്ത് മുത്തങ്ങകളും തുളസിക്കാടും
പടർന്നിട്ടുണ്ടാവും

പത്രക്കാരനെയും പോസ്റ്റുമാനെയും
കാത്തുകാത്തിരുന്ന്
ചരൽ വിരിച്ച ഊടുവഴിയ്ക്ക്
മടുത്തിട്ടുണ്ടാവണം

ടീപ്പോയിൽ ഒരുത്സവക്കടലാസിന്മേൽ
വിശ്രമിക്കുന്ന ചില്ലു കണ്ണടയ്ക്ക്
വായിച്ചു വായിച്ചു ചെടിച്ചിരിയ്ക്കും

"ഒന്നു തുറക്കൂ, ഒരിറ്റു ശ്വാസം വലിച്ചോട്ടെ,
മുറുകി മരവിച്ച ഞങ്ങളുടെ പേശികൾ
ഒന്നു നിവർത്തി നിന്നോട്ടെ" എന്ന്
മച്ചും വാതിലുകളും അലമാരകളും
കരയുന്നുമുണ്ടാവണം.

"ഇതെന്തൊരു പുഴുക്കമാണ്!"
ഉറക്കത്തിലാരോ പിറുപിറുക്കുന്നുണ്ട്.

"ഇതെന്തൊരു മുഷിച്ചിലാണ്!"
അങ്ങേ ലോകത്തു നിന്ന് മറ്റാരോ

ഞാനെങ്ങനെ ഉറങ്ങാനാണ്!

ഈ ചങ്ങാടം പണി തീർത്തെടുക്കണം
ഇരുട്ടു മാറാത്ത ഓർമ്മത്തുരുത്തിൽ നിന്നും
ഏതോ വൻകരയിലേക്ക് തുഴഞ്ഞു പോണം
ആരെയൊക്കെയോ പരിചയമാവണം
ഇത്രനാളും രുചിച്ചിട്ടേയില്ലാത്ത
ആഹാരം കഴിച്ച് വിശപ്പടക്കണം
തിരിച്ചറിവില്ലാത്ത ഒരു മണൽപ്പുറത്ത്
മലർന്നു കിടക്കണം.
പരിചിതമല്ലാത്ത വാക്കുകളുടെ, നോക്കുകളുടെ
വെള്ളക്കമ്പിളി പുതച്ച് മറന്നുറങ്ങണം.

അതു വരെ ഞാനെങ്ങനെ ഉറങ്ങാനാണ്!

7 comments:

ajith said...

ഉറങ്ങാതെയും മയങ്ങാതെയും ആത്മാവ്...

കവിത നന്നായിരിക്കുന്നു

Sudhir KK said...

നന്ദി, അജിത്!

പി. വിജയകുമാർ said...

പുതുമയുടെ ലോകങ്ങൾ തേടുന്ന പ്രാണന്റെ പാട്ട്‌ നന്നായി.

Sudhir KK said...

നന്ദി, വിജയകുമാർ,വീ‌ണ്ടും വരുമല്ലോ.

AFRICAN MALLU said...

ഒരു പാട് നാള് കൂടി വായിച്ച ഒരു നല്ല കവിത

AFRICAN MALLU said...

ഒരു പാട് നാള് കൂടി വായിച്ച ഒരു നല്ല കവിത

Sudhir KK said...

+AFRICAN MALLU, നന്ദി. വീണ്ടും വരുമല്ലോ.


ഇരുട്ടത്ത് കാതോര്‍ത്ത്...