ന്റുപ്പുപ്പാന്റെ ആന

വള്ളിനിക്കറുമിട്ട് പറമ്പിലും തൊടിയിലും ഓടിനടന്ന ബാല്യത്തിലെ ഒരു കൌതുകം തന്നെയായിരുന്നു കുഴിയാ‍ന. കൈവിരല്‍ നീട്ടി തൊട്ടാല്‍ പിന്നോട്ടു പിന്നോട്ടു നടക്കുന്ന, മണല്‍ക്കൂനയില്‍ കവിത പണിയുന്ന ഒരു കുഞ്ഞത്ഭുതം. ഓടു മേഞ്ഞ വീടിന്റെ അടിസ്ഥാനത്തോടു ചേരുന്നിടത്ത് വരിവരിയായി കാണും ഇവറ്റകളുടെ വാരിക്കുഴികള്‍

ഏട്ടനാണെന്നു തോന്നുന്നു, ഉറുമ്പുകളെ നൂലില്‍ കുരുക്കി ചൂണ്ടയിലെ ഇര പോലെ ഉപയോഗിച്ച് ഇവയെ പിടിക്കുന്ന സൂത്രം പറഞ്ഞു തന്നത്. അങ്ങനെയാണ് കുഞ്ഞുറുമ്പുകള്‍ കുഴിയാനകളുടെ വീക്ക്നെസ് ആണെന്നറിഞ്ഞത്.



ബഷീറിന്റെ ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന് വായിച്ചിട്ടില്ലേ? അതിലെ കുഞ്ഞുപാത്തുമ്മയുടെ ആന ഒടുവില്‍ കുഴിയാനയായി ചുരുങ്ങുന്നതിന്റെ നൈര്‍മല്യവും ഹാസ്യവും ആഷര്‍ സായിപ്പിനു തര്‍ജ്ജമ ചെയ്തപ്പോള്‍ പൊയ്പ്പോയെന്നു പറഞ്ഞു കേട്ടിട്ടുണ്ട്. കാരണം മറ്റൊന്നുമല്ല: കുഴിയാനയ്ക്ക് antlion എന്നാണ് ഇംഗ്ലീഷില്‍ പറയുക. Elepahant-ഉം antlion-ഉം തമ്മിലെന്തു ബന്ധം? എന്തു തമാശ? ഇത്തരം കള്‍ച്ചറല്‍ ഗാപ്പുകള്‍ എല്ലാ തര്‍ജ്ജമകളിലും നീളെക്കാണാനാകും. സായിപ്പിന്റെ ഭാഷയേക്കാള്‍ മലയാളത്തിനു മെച്ചം കൂടിയതിനാലൊന്നുമല്ല, ഓരോ ഭാഷയ്ക്കും അതിന്റേതായ ഭംഗിയും കൂനും കുനിഷ്ഠും ഒക്കെ ഉണ്ടാവും.



“ഡോ..ആമുഖം നിര്‍ത്തി നേരേ ചൊവ്വേ കാര്യം പറയെടോ” ആരാ ആ പറഞ്ഞത്? ആരായാലെന്താ. പറഞ്ഞതു ന്യായം. ഓക്കെ, തുടങ്ങാം.



പെരസ്ത്രോയിക്ക അമേരിക്കന്‍ ടെക്നിക്കാന എന്നൊക്കെ ദേവന്‍ പറയുന്ന പോലെ ശാസ്ത്രനാമത്തില്‍ പിടിച്ചു തുടങ്ങാം. മയര്‍മിലോണ്ടിഡ് (Myrmeleontidae) എന്നറിയപ്പെടുന്ന കുടുംബത്തിലെ ഒരെളിയ അംഗമാണ് കുഴിയാന എന്ന ഉറുമ്പു ചിങ്കം. ശ്രീലങ്കയില്‍ മാത്രം നാലു സ്പീഷിസുകള്‍ ഉണ്ടത്രേ. ഇവന്മാരിലൊരാളാവണം നമ്മുടെ തൊടിയില്‍ കുഴികുത്തി നടക്കുന്ന വിദ്വാനും. ഇന്ത്യയില്‍ മാത്രമല്ല, ചൂടുള്ള സ്ഥലങ്ങളിലൊക്കെ കുഴികുത്താന്‍ ഇവന്‍ മടിക്കില്ല. ഏഷ്യന്‍ ഭാഗത്തു മാത്രം 170-ല്‍ പരം സ്പീഷീസുകള്‍ ഉണ്ട്. ലോകത്താകമാനം 2000-ത്തിലധികവും. ഇത്രയൊക്കെ പറഞ്ഞിട്ടും കഥാനായകനെ ഓര്‍മ്മ വരാത്ത പ്രവാസികള്‍ക്കായി ഒരു ചിത്രം കൊടുത്തിരിക്കുന്നു. (സത്യം പറയാമല്ലോ, ഈ പടം കണ്ടിട്ട് എന്റെ ഇമ്പ്രഷന്‍ കമ്പ്ലീറ്റു പോയി. കുഴിയാനയെ കാണാന്‍ വളരെ ക്യൂട്ടായിരുന്നെന്നാണ് ഓര്‍മ്മ)

ഇവനെ കൈയിലെടുത്ത് മണലില്‍ ഇട്ടു കൊടുത്താലുടനെ തുടങ്ങും കുഴി കുത്തല്‍ . വട്ടത്തില്‍ കറങ്ങി കുഴിച്ച് കുഴിക്കുള്ളിലേക്കു ചുഴിഞ്ഞു ചുഴിഞ്ഞിറങ്ങി, മണല്‍ കോരിത്തെറിപ്പിച്ച്, ഒരു പത്തു പതിനഞ്ചു മിനുട്ടിനുള്ളുല്‍ കുഴി റെഡി. രണ്ടു കൊമ്പുകള്‍ (മാന്‍ഡിബിളുകള്‍ ) മാത്രം വെളിയില്‍ കാട്ടി മണ്ണിനടിയില്‍ ഒളിച്ചിരിക്കും ഊണു കഴിക്കാന്‍ .



“വയറു വിശക്കുന്നെന്റമ്മേ” എന്ന പഴയ മലയാള സിനിമാ ഗാനവും മൂളിക്കൊണ്ട് അതാ ഒരു ഉറുമ്പു പാഞ്ഞു വരുന്നു. ഭംഗിയുള്ള കുഴിക്കു കരയില്‍ നിന്ന്, ചിലര്‍ ആഴമുള്ള കിണറ്റില്‍ വെള്ളമുണ്ടോന്നു പരിശോധിക്കുന്ന മട്ടില്‍ ഉറുമ്പൊന്നു ചെരിഞ്ഞു നോക്കും. ദാ മണ്ണും മണലും ഊര്‍ന്നു ചതിക്കുഴിയിലായി മണ്ടനുറുമ്പ്. തക്കം പാര്‍ത്ത് നമ്മുടെ ആന കൊമ്പുകള്‍ കൊണ്ട് വീശി ഉറുമ്പിനു നേരേ മണലെറിയും. മുകളിലേയ്ക്ക് കയറും തോറും താഴേയ്ക്ക് തെന്നുന്ന ഈ വാരിക്കുഴിയില്‍‍പ്പെട്ട ഉറുമ്പിനെ മണ്ണിലടിയിലേയ്ക്ക് കൊണ്ടു പോയി സത്തൊക്കെ ഊറ്റിക്കുടിക്കും കശ്മലന്‍ . ശവമോ കൊമ്പുകളില്‍ തൂക്കി ഒരേറും. മറ്റുറുമ്പുകള്‍ക്കു സംശയം വരരുതല്ലോ. ആനയുടെയും സിംഹത്തിന്റെയും മനുഷ്യരുടെയും ഒക്കെ ചില സ്വഭാവങ്ങള്‍ അല്ലേ?



ജീവിതചക്രം

ഇംഗ്ലീഷില്‍ ഡൂഡില്‍ബഗ്ഗ് (doodle bug) എന്നും വിളിക്കുന്ന ഈ കുഴിപ്പുലി ഒരു ലാര്‍വ്വയാണെന്നറിയുന്നവര്‍ ചുരുങ്ങും. (ഇനി ഇത് എല്ലാര്‍ക്കും അറിയാമായിരുന്നു എന്നു പറഞ്ഞാല്‍ ഞാന്‍ ചുരുങ്ങും) അതെ, രൂപപരിണാമം (Metamorphosis) നടത്തുന്ന ഒരു ഷഡ്പദത്തിന്റെ ലാര്‍വ്വയാണ് കുഴിയാന. കാഴ്ചയില്‍ ചെറു തുമ്പിയെപ്പോലെ (കല്ലെടുപക്കി എന്ന് തെക്കോട്ടുള്ളവര്‍ പറയും), നീണ്ട വാല്, നീണ്ട ചിറകുകള്‍ ഒക്കെ തുമ്പിയെപ്പോലെ. പക്ഷേ അത്രയ്ക്ക് അഴകിയല്ല. കുഞ്ഞുങ്ങളെപ്പോലല്ല, വെജിറ്റേറിയനാണ് പ്രായപൂര്‍ത്തിയായ കുഴിയാനത്തുമ്പികള്‍‍. പൂമ്പൊടിയും മധുവും കഴിച്ച് മറ്റനേകം പ്രാണികളെപ്പോലെ സാത്വിക ജീവിതമാണ് നയിക്കുന്നത്.




കുഴിയാനത്തുമ്പികളുടെ ഇണചേരലും രസകരമാണ്. ആണ്‍ തുമ്പിയ്ക്കാകട്ടെ സാഹസികവും. പെണ്‍‌തുമ്പി ഒരു മരച്ചില്ലയില്‍ തൂങ്ങിപ്പിടിച്ച് നില്ക്കും ആണ്‍‌തുമ്പിയാകട്ടെ വാലിനറ്റത്തുള്ള ലിംഗഭാഗം ചേര്‍ത്തു വച്ച് തൂങ്ങിക്കിടക്കും, രണ്ടു മൂന്നു മണിക്കൂറുകള്‍ ! ഹോ ദാമ്പത്യജിവിതത്തിന്റെ ഓരോ പുലിവാലുകളേ!



ഈര്‍പ്പമില്ലാത്ത നല്ല തൂവിമണലില്‍ വാല്‍ തിരുകി ഇരുപതോളം മുട്ടകളിടും അമ്മത്തുമ്പി. ലാര്‍വ്വകളുടെ കോളനിയില്‍ ഒറ്റയ്ക്കു പോയി മുട്ടയിടാന്‍ നല്ല ഗട്ട്സു വേണം. അപൂര്‍വ്വമായി ഇതിനകം വേട്ടക്കാരായി മാറിയ ചില കുഴിയാനകള്‍ തന്നെ മുട്ടയിടാന്‍ പ്രസവവാര്‍ഡിലെത്തിയ തുമ്പികളെ കശാപ്പു ചെയ്ത് ശാപ്പിടാറുണ്ടത്രേ. തുമ്പിയ്ക്കായുസ് 20-30 ദിവസങ്ങള്‍ മാത്രം. ഇതിനിടയില്‍ ഒന്നു രണ്ടു തവണത്തെ ഇണചേരലും മുട്ടയിടലും. മൂന്നു വര്‍ഷം കുഴിയ്ക്കുള്ളില്‍ കഴിഞ്ഞ് പുറത്തെത്തിയത് ഈ നാലാഴ്ചത്തെ ജീവിതത്തിനായിരുന്നോ എന്ന് മരണക്കിടക്കയില്‍ കിടന്ന് ഈ തുമ്പികള്‍ ചോദിക്കുന്നുണ്ടാവണം.




രസകരമായ മറ്റൊരു സവിശേഷത, കുഴിയാനയ്ക്ക് ശരീരത്തിലെവിടെയും വിസര്‍ജ്ജ്യങ്ങള്‍ക്കായി ദ്വാരങ്ങളില്ലത്രേ. വിസര്‍ജ്ജ്യം ഉള്ളിലൊതുക്കി വര്‍ഷങ്ങളോളം നടക്കും. രണ്ടു മൂന്നു വര്‍ഷം നീളുന്ന മലബന്ധം! ഒടുവില്‍ പ്യൂപ്പാവസ്ഥയില്‍ കൊക്കൂണ്‍ നിര്‍മ്മിക്കാനാവശ്യമായ നാരുകള്‍ക്ക് അല്പം വിസര്‍ജ്ജ്യങ്ങളും ഉപയോഗിക്കും. എങ്കിലും ആദ്യമായി വയറൊഴിക്കുന്നത് പ്യൂപ്പയ്ക്കു പുറത്തു വന്ന്‌ നന്നായൊന്ന് നടുനിവര്‍ത്തിയ ശേഷമാണ്.


കടുവയെ പിടിക്കുന്ന കിടുവകള്‍
ചതിക്കുഴി കുത്തി കാത്തിരിക്കുന്ന കുഴിയാനയ്ക്ക് ജൈവികപരിണാമത്തിലൂടെ ധാരാളം സവിശേഷതകള്‍ കൈവന്നിട്ടുണ്ട്. അവയില്‍ ഏറ്റവും പ്രധാനം ശക്തിയേറിയ കൊമ്പുകള്‍ (mandibles) തന്നെ. ഇരയെ നിസാരമായി കീഴ്പ്പെടുത്താന്‍ ഇവ ധാരാളം. മറ്റൊന്ന് താരതമ്യേന സുരക്ഷിതമായ മണ്ണിനടിയിലാണ് അവയുടെ വാസം. മണലില്‍ നിന്നു തിരിച്ചറിയാനാകാത്ത വിധം ചാരനിറം ഇരപിടുത്തത്തിനും ശത്രുക്കളില്‍ നിന്നു രക്ഷപ്പെടാനും ഉപകാര പ്രദം.



എന്നിരുന്നാലും ജീവജാലങ്ങള്‍ക്കിടയിലെ സമരവും സഹകരണവും ഇവിടെയും ഇല്ലാതില്ല. ഉദാഹരണത്തിന് ചാത്സിഡ് ജാതിയില്‍പ്പെട്ട ഒരിനം കടന്നല്‍ (Lasiochalcidia igiliensis) കുഴിയാനയെ ചുറ്റിപ്പറ്റി ജീവിക്കുന്ന ഒരു പരാദമാണ്. ഈ ഷഡ്പദങ്ങള്‍ മുട്ടയിടുന്നത് കുഴിയാനയുടെ കഴുത്തിനു പിന്നില്‍ തന്നെ. മുട്ടയിടുന്ന പ്രായമെത്തുമ്പോള്‍ കുഴിയാനയുടെ മടയിലെത്തുകയും പെണ്‍‌കടന്നല്‍ കുഴിയാനയെ മോഹിപ്പിക്കുകയും ചെയ്യും. ഓണ സദ്യ സ്വപ്നം കണ്ടെത്തുന്ന കുഴിയാന കൊമ്പുകള്‍ വിടര്‍ത്തി പിടികൂടാന്‍ ശ്രമിക്കുന്നതും കടന്നല്‍ ശക്തിയേറിയ പിന്‍‌കാലുകള്‍ കൊണ്ട് കൊമ്പുകളെ അകറ്റിപ്പിടിച്ച് തൊറാക്സ് (മേല്‍ശരീരം) ഭാഗത്തേയ്ക്ക് മുട്ടയിടുന്നതും ഒരുമിച്ചായിരിക്കും.




മറ്റൊരിനം ആസ്ത്രേലിയന്‍ ഈച്ച (Scaptia muscula) കുഴിയാനയുടെ മടയില്‍ തന്നെ താമസവും. പണ്ടു നാട്ടില്‍ പാമ്പുകള്‍ക്കൊപ്പം കുടിവയ്ച്ച് ഒരു കുഴിക്കുള്ളില്‍ നൂറും നൂറ്റമ്പതും ദിവസം പിന്നിട്ട പാമ്പു യജ്ഞക്കാരെ ഓര്‍മ്മയില്ലേ? അതു പോലെ ജീവന്‍ വച്ചുള്ള കളിയാണിത്, ഈച്ചയ്ക്ക്. കുഴിയാന വലിച്ചെറിയുന്ന ഉറുമ്പിന്‍ ശവങ്ങളെ തിന്നാനാണ് ഈ അപകടം പിടിച്ച പണി. എന്നാല്‍ അതിനിടെ കുഴിയാനയുടെ വായില്‍പ്പെട്ടാലോ കഥ പിന്നെ പറയണ്ട.



കാള, സിംഹം, ആന, പന്നി തുടങ്ങിയ മൃഗങ്ങളുടെ പേരിലാണ് ഓരോ ഭാഷയിലും ഇവയെ വിശേഷിപ്പിക്കുന്നത്. ആനയെപ്പോലെ കൂനിയ ശരീരവും , കാളയുടെ പോലുള്ള കൊമ്പുകളും, സിംഹത്തിനെപ്പോലുള്ള വേട്ടയാടിപ്പിടിക്കലും ഒക്കെ ഈ കുഞ്ഞിപ്രാണിയെ ആകര്‍ഷണീയമാക്കുന്നു. പരിണാമപ്രക്രിയയിലൂടെ ഓരോരോ ജീവിതക്രമം കെട്ടിപ്പടുത്ത് പൊരുതി മുന്നേറുന്ന ഓരോ ജീവജാലത്തിനും അതിന്റേതായ പ്രത്യേകതകള്‍ ഉണ്ട്. ഓരോ വ്യതിരിക്തമായ ഫിംഗര്‍പ്രിന്റ്. ഈ വേറിട്ടുള്ള വ്യക്തിത്വം ആനയ്ക്കുണ്ട് കുഴിയാനയ്ക്കുമുണ്ട്.



തൊടിയിലൊക്കെ വീടും പൂന്തോട്ടവും സിമന്റിട്ട മുറ്റവും ഒക്കെയായി പുരോഗതിയുടെ പാതകള്‍ വെട്ടിത്തുറക്കുന്നതിനിടയില്‍ ഒരു പാടു ജീവികളെ നാം ദുരിതത്തിലാഴ്ത്തി. അവയില്‍ ചീറ്റപ്പുലിയും ചിത്രശലഭവും കീരികളും മരപ്പട്ടിയും ഒക്കെപ്പെടും. അവയ്ക്കൊക്കെ എന്നെങ്കിലും ഒരു ദുരിതാശ്വാസ പെന്‍ഷന്‍ പദ്ധതി ഏര്‍പ്പെടുത്തിയാല്‍ കുഴിയാനയ്ക്കും കൊടുക്കണം ഒരു പങ്ക്.


എന്നിലെ കുട്ടിയില്‍ പ്രകൃതിയോട് കൌതുകവും പുഴുക്കളെയും പഴുതാരയെയും മറ്റനേകം നിസാര ജീവികളെയും പഠിക്കാന്‍ ഉത്സാഹവും പകര്‍ന്നു തന്നതില്‍ അഗ്രഗണ്യമായ പങ്കു വഹിച്ച കാക്കത്തൊള്ളായിരം കുഴിയാനകള്‍ക്കും അവയുടെ വംശപരമ്പരകള്‍‍ക്കും ഈ പോസ്റ്റ് സമര്‍പ്പിക്കുന്നു.

ശുഭം


കൂടുതല്‍ വായന:
http://www.sel.barc.usda.gov/hym/chalcids/collecting/Lasiochalcidida.html
http://www.antlionpit.com
http://en.wikipedia.org/wiki/Antlion

29 comments:

Sudhir KK said...

എന്നിലെ കുട്ടിയില്‍ പ്രകൃതിയോട് കൌതുകവും പുഴുക്കളെയും പഴുതാരയെയും മറ്റനേകം നിസാര ജീവികളെയും പഠിക്കാന്‍ ഉത്സാഹവും പകര്‍ന്നു തന്നതില്‍ അഗ്രഗണ്യമായ പങ്കു വഹിച്ച കാക്കത്തൊള്ളായിരം കുഴിയാനകള്‍ക്കും അവയുടെ വംശപരമ്പരകള്‍‍ക്കും ഈ പോസ്റ്റ് - ന്റുപ്പുപ്പാന്റെ ആന -

bodhappayi said...

ഭംഗിയുള്ള ഭാഷ കൂമാ...

Anonymous said...

കുഴിയാനകളും തുമ്പികളും തമ്മില്‍ ഒരു ബന്ധ്വുമില്ലെന്ന്
ഈയിടെ മനോരമയുടെ പ പ്പുരയില്‍ കണ്ടിരുന്നു.അന്നു മുതല്‍ കുഴിയാനയെ വളര്‍ത്തി നോക്കണമെന്ന് വിചാരിച്ചിരിക്കുകയായിരുന്നു.ഈ പോസ്റ്റ് ഉപകാരപ്രദമായി.

ഉത്സവം : Ulsavam said...

നല്ല പോസ്റ്റ്..
വിഞ്ജാനപ്രദം.
ഈ കുഴിയാന ആള്‍ കൊള്ളാം ആനയെക്കാള്‍ കേമനാണല്ലേ...

തറവാടി said...

വിഞ്ജാനപ്രദം

ടി.പി.വിനോദ് said...

വളരെ നന്നായിരിക്കുന്നു കൂമന്‍സേ....

“ഓരോ ഭാഷയ്ക്കും അതിന്റേതായ ഭംഗിയും കൂനും കുനിഷ്ഠും ഒക്കെ ഉണ്ടാവും“ - എന്നാല്‍ നിങ്ങളൂടെ ഗദ്യത്തിനുള്ളത് പുലരിയിലെ വെളിച്ചത്തിന്റെ പ്രസാദാത്മകതയാണ്...

mydailypassiveincome said...

കൂമന്‍സ്, കുഴിയാനകളെക്കുറിച്ച് ഇത്രയധികം വിശദീകരിച്ചെഴുതിയതിന് നന്ദി. മാത്രമല്ല ചെറുപ്പകാലത്തിലേക്ക് കൂട്ടിക്കൊണ്ടു പോയതിനും.

കുഴിയിലില്‍ അബദ്ധത്തില്‍ വന്ന് വീഴുന്ന ഉറുമ്പുകളെ ‍ മണ്ണ് തെറുപ്പിച്ച് അതിനെ കുഴിയുടെ മുകളിലേക്ക് കയറാതെ തടഞ്ഞ് മണ്ണിലേയ്ക്ക് താഴ്ത്തിക്കോണ്ടു പോകുന്ന വിരുതന് ആരാണാവോ (കുഴി)ആന എന്ന് പേരിട്ടത്?

ആശംസകള്‍.........

വേണു venu said...

മണല്‍ക്കൂനയില്‍ കവിത പണിയുന്ന ഈ കുഞ്ഞത്ഭുതം,
ഒരു വലിയ അല്‍‍ഭുതമണെന്നു് ഇപ്പോള്‍ മനസ്സിലായി.
നല്ല ഭാഷ.വിജ്ഞാനപ്രദമായ ലേഖനം.

Santhosh said...

ആസ്വദിച്ചു വായിച്ചു, കൂമാ!

Roby said...

കൂമന്സിന്റെ പോസ്റ്റ് ഗംഭീരം...വിജ്ഞാനപ്രഥം, രസകരം.

ഇനിയും തുടരുക. പിന്നെ, ചെങ്കീരി എന്നൊരു ജീവിയെപ്പറ്റി കേട്ടിട്ടുണ്ടോ...

കഥ ഇങ്ങനെയാണ്‌...അല്പം ഫിക്‌ഷനാണ്‌.

ചെങ്കീരി കീരികളുടെ രാജാവാണ്‌. ഒരു പ്രദേശത്ത്‌ ഒരു ചെങ്കീരിയെ ഉണ്ടാവൂ...ഏതെങ്കിലും ഒരു കീരിക്ക്‌ ഒരു പാമ്പിനെ പരാജയപ്പെടുത്താന്‍ കഴിയാതെ വന്നാല്‍ അവന്‍ ആ പാമ്പിനു ചുറ്റും മൂത്രം കൊണ്ട്‌ ഒരു വൃത്തം വരയ്ക്കും. പാമ്പിന്‌ ഈ വൃത്തം കടക്കാന്‍ കഴിയില്ലത്രെ. എന്നിട്ട് ചെങ്കീരിയെ പ്പോയി വിളിക്കും. ചെങ്കീരി വന്ന്‌ പാമ്പിനെ കൊല്ലും.

ഇത്‌ പിതാജി പറഞ്ഞതാണ്‌. ചേരയും മൂര്‍ഖനും ഇണ ചേരും എന്ന നാട്ടിന്‍പുറ വിശ്വാസം പോലെ വെറും കഥയാണോ എന്തോ...

കൂമന്‍സ് ഇതു കേട്ടിട്ടുണ്ടോ...? ബൂലോഗത്തിലെ സ്റ്റീവ് ഇര്‍വിനല്ലെ കൂമന്‍സ് അതു കൊണ്ട്‌ ചോദിച്ചതാണ്‌...

ആനക്കൂടന്‍ said...

വളരെ വിജ്ഞാനപ്രദമായ ലേഖനം...

രാജ് said...

ലാപുട പറഞ്ഞതു പോലെ പ്രസാദാത്മകമായ ഗദ്യം, വളരെ നന്നായിട്ടുണ്ടു കൂമന്‍സേ.

വിശ്വപ്രഭ viswaprabha said...

മികച്ചൊരു ശാസ്ത്രലേഖനം!

ഇത്തരം സൃഷ്ടികളുണ്ടെങ്കില്‍ പിന്നെ മലയാളം ബ്ലോഗുകള്‍ മറ്റൊരു തരം അവതരണരീതികള്‍ക്കും പിന്നിലല്ലെന്നു ചൂണ്ടിക്കാണിക്കാന്‍ വേറെ എന്തുവേണം?

അറിയാഞ്ഞ പലകാര്യങ്ങളും അറിയാന്‍ പറ്റി. കുയ്യ്യാനേടെ ഇംഗ്രീസു പോലും അറിയാമായിരുന്നില്ല എന്ന് ഇപ്പോളറിയുന്നു.നന്ദി.

Sudhir KK said...

കുട്ടപ്പായി,ഉത്സവം, തറവാടി, വിഷ്ണുപ്രസാദ്, മഴത്തുള്ളി, വേണു, സന്തോഷേ, ആനക്കൂടാ നിങ്ങളൊക്കെ മരപ്പൊത്തിലെ ആദ്യസന്ദര്‍ശകരല്ലേ. വന്നതിനും വായിച്ച് അഭിപ്റ്രായം അറിയിച്ചതിനും വളരെ നന്ദി. വീണ്ടും വരിക.

Kalesh Kumar said...

ഞാ‍നീ പൊത്തില്‍ ആദ്യമായിട്ടാ.
എനിക്കിഷ്ടപ്പെട്ടു. ബാക്കി കൂടെ നോക്കട്ടെ ഞാന്‍!

Sudhir KK said...

വിഷ്ണുപ്രസാദേ, കുഴിയാനകളും തുമ്പികളും തമ്മില്‍ ബന്ധമില്ല. എന്നാല്‍ കുഴിയാന വളര്‍ന്ന് തുമ്പിയെ (dragon fly) പോലെയുള്ള ഒരു പ്രാണിയായി മാറും. ആ തുമ്പിയ്ക്ക് ഒരു പേരുണ്ടോ എന്നറിയില്ല. അതാ കുഴിയാനത്തുമ്പി എന്നങ്ങു ധൈര്യമായി കാച്ചിയത്.

ലാപുടേ: താങ്കളുടെ പ്രോത്സാഹനത്തിനു നന്ദി.


റോബീ: അറം പറ്റണ കാര്യമൊന്നും പറയല്ലേ :) സ്റ്റീവ് ഇര്‍വിന്‍ എന്നൊക്കെ വെറുതെ പൊക്കിവിടാന്‍ വിളിച്ച് കൊലയ്ക്കു കൊടുക്കല്ലേ, ഭാര്യയും കൊച്ചുമൊക്കെ ഉള്ളതാ :) ചെങ്കീരിയെപ്പറ്റി ഞാനും കേട്ടിട്ടുണ്ട്. കീരിയെ കുട്ടിക്കാലത്തു കണ്ടതില്‍ പിന്നെ കണ്ടിട്ടില്ല. വംശമറ്റു പോയോ ആവോ :(

പെരിങ്ങോടാ: വീണ്ടും വന്നതിനും കമന്റിട്ടതിനും നന്ദി.
കലേഷേ: വന്നതിനു നന്ദി. ബാക്കിയും വായിക്കൂ. പൊതു സ്വഭാവമുള്ള പോസ്റ്റുകളല്ല ഇവിടെ. അവിയല്‍ പരുവമാണെന്നു മാത്രം.

വിശ്വം: വീണ്ടും വന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും നന്ദി.

ഡാലി said...

കൂമന്‍സ്, എന്തു രസായിട്ടാ എഴുതിയിരിക്കണെ.

എന്റെ ബാല്യത്തിനും ഈ കുഞ്ഞി ജീവി കൂട്ടിനുണ്ട്. ഞങ്ങള്‍ക്കത് കുഴിയാമ. സുല്‍ത്താന്റെ കഥ വായിച്ചപ്പോഴാണ് ഇവന്‍ സാക്ഷാല്‍ ആനയാണെന്ന് മനസ്സിലായത്. ഈ പടം കണ്ട് എനിക്കും നിരാശ. ഇങ്ങനെ പച്ച കളറുള്ള കുഴിയാമയെ അല്ല എനിക്കോര്‍മ്മ. മണ്ണിന്റെ നിറത്തില്‍ കൂനികൂടി ഒരു കുഞ്ഞി പന്തു പോലെ കുഴിയാമ. ചിരട്ടയുമായി, വീടിന്റെ ഇടച്ചാലില്‍, ഉച്ചനേരങ്ങള്‍ ഈ ആശാനെ പിടിക്കാന്‍ ചിലവിട്ടു. പലവലിപ്പത്തില്‍ ഉള്ള ഒരു പത്തിരുപത് എണ്ണത്തിനെ ചിരട്ടയില്‍ ശേഖരിച്ച് വീണ്ടും അതിന്റെ മണ്ണലിലിട്ട് അതുണ്ടാക്കുന്ന കുഴികണ്ടിരിക്കുക ബാല്യകാല വിനോദം. കുഴിയാനയുടെ കുഴിയുടെ വലിപ്പം കണ്ട് കുഴിയാനയുടെ വലിപ്പം നിശ്ചയിക്കാന്‍ ഞങ്ങള്‍ കുട്ടികള്‍ക്കാകുമായിരുന്നു.

ഈ കുഴിയാന ഈര്‍ക്കിളി തുമ്പിയുടെ ലാര്‍വയാണെന്ന് കേട്ട് ഞാന്‍ ഞെട്ടി. ഈ ഈര്‍ക്കിളി തുമ്പിയെ ആണ് കല്ലെടുക്കാ‍ന്‍ ഞങ്ങളും ഉപയോഗിച്ചിരുന്നത്. ചില വിരുതന്മാര്‍ ഇതിന്റെ വാലില്‍ നൂലു കെട്ടി പറത്തുമായിരുന്നു. ഈ പാവത്തിനെ പിടിക്കാന്‍ എളുപ്പാമയത് കൊണ്ട് 10 തുമ്പിയെ പിടിച്ചാല്‍ 8ഉം ഇവന്റെ കൂട്ടരായിരിക്കും.

ഞാന്‍ കുഴിയാന പുരാണം എഴുതി കൂമന്‍സിന്റെ പോസ്റ്റ് ഒരു വകയാക്കി. ക്ഷമിക്കണെ. കുഴിയാനയെ ഇത്ര രസമായി എഴുതികണ്ടപ്പോള്‍ ഓര്‍മ്മകള്‍ നിന്നില്ല.

sreeni sreedharan said...

എനിക്കീ പോസ്റ്റും ബ്ലോഗും നന്നേ പിടിച്ചൂ, ഞാനിതിനെ എന്‍റെ ബ്രൌസറിന്‍റെ കുഴിയിലേക്ക് ഇറക്കി വച്ചിട്ടുണ്ട്.

Sudhir KK said...

ഡാലീ: വീണ്ടും വന്നതില്‍ വലിയ സന്തോഷം. ഈര്‍ക്കിലിത്തുമ്പി എന്നാണല്ലേ നിങ്ങളതിനെ വിളിക്കുക? നല്ല പേര്. കുഴിയാനത്തുമ്പി എന്ന് വളച്ചെഴുതുമായിരുന്നില്ല.
പച്ചാളമേ: മരപ്പൊത്തിലേയ്ക്കു സ്വാഗതം, നന്ദി. വീണ്ടും വരുമല്ലോ.

ദേവന്‍ said...

എന്നാ എഴുത്താ ഭായി! കുയ്യാനസാറിനെക്കുറിച്ച്‌ നാറ്റ്‌ ജ്യോ പരിപാടി കണ്ടാല്‍ ഇത്ര രസിക്കുമോ എനിക്ക്‌.

വാരിക്കുഴിയില്‍ വീണിട്ട്‌ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ഉറുമ്പിനെ കുഴിയാന മണ്ണെറിഞ്ഞു തിരിച്ചു വീഴ്തുന്നത്‌ ഒരു കാഴ്ച്ച തന്നെ.

(കുഴിയാനകളുടെ ഉദ്യാനം എന്നോ മറ്റോ തലക്കെട്ടോടെ സക്കറിയ എഴുതിയ ഒരു കഥയില്ലേ?)

Anonymous said...

വളരെ നല്ല ലേഖനം.

താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ഉള്ളതു തര്‍ജ്ജിമ ചെയ്തു ഇടുമോ??

തുമ്പികളെ എങ്ങനെ വീട്ടുവളപ്പില്‍ വളര്‍ത്താം എന്നുള്ളതിനേക്കുറിച്ച്‌.....

ഇപ്പോളുള്ള കൊതുകു ശല്ല്യവും മാറി കിട്ടും.... ( തുമ്പിയുടെ ഇഷ്ട്ട ഭക്ഷണമാണല്ലോ....)

തുമ്പികളെ വളര്‍ത്തുന്ന തടാകത്തില്‍ കൂത്താടികള്‍ പെരുകുന്നതു തടയുന്ന ബാസിലസ്‌ തുറിഞ്ജിയെന്‍സിസ്‌ ഇസ്രായെലെന്‍സിസ്‌ ബാക്ടീരിയയെ കുറിച്ചും ( പ്രിത്യേകിച്ചു നാട്ടില്‍ എവിടെ ആണു അതു ലഭ്യമെന്നും ) ഒക്കെ അറിഞ്ഞാല്‍ കൊള്ളാം

സമയം പോലെ മതി കേട്ടോ....

http://www.derbyshire-dragonflies.org.uk/create.php

http://powell.colgate.edu/wda/dragonfly.htm

http://www.practical-water-gardens.com/gazette417int.html

റീനി said...

കൂമന്‍സ്‌, കുഴിയാനയെന്നത്‌ കുഴിയില്‍ ജീവിക്കുന്ന ഒരുജീവി എന്നതില്‍ക്കവിഞ്ഞ്‌ ഒന്നും അറിഞ്ഞുടായിരുന്നു, അറിയാന്‍ ശ്രമിച്ചിട്ടില്ല എന്നതാണ്‌ സത്യം. പകര്‍ന്നുതന്ന അറിവിന്‌ നന്ദി. അമേരിക്കയില്‍ വന്നുകഴിഞ്ഞും കുഴിയാനയെ എടുത്തിട്ടുണ്ട്‌. കുഴി കണ്ടാല്‍ അങ്ങേരോടൊരു ഹലോ പറഞ്ഞില്ലങ്കില്‍ ഒരു സുഖമില്ല.

nalan::നളന്‍ said...

വലിയ ലേഖനം കണ്ടപ്പോള്‍ പിന്നത്തേക്കെന്നു പറഞ്ഞു മാറ്റി വയ്ക്കാനൊരുങ്ങിയെങ്കിലും, വായിച്ചു തുടങ്ങിയപ്പോള്‍ നിര്‍ത്താനായില്ല.
ഇതൊക്കെയെന്തേ ആരും നേരത്തേ പറഞ്ഞു തന്നില്ലയെന്നു തോന്നിപ്പോയി.
മലയാളം ബ്ലോഗുകള്‍ മുന്നേറുന്നത് കാണുമ്പോള്‍ സന്തോഷം

ബിന്ദു said...

കുഴിയാനയെ ഒരു പാവം എന്നാണ് കരുതിയിരുന്നത്.പാവം ഉറുമ്പുകളെ വെറുതെ വിടാത്തവനാണല്ലെ.എല്ലാ കൂട്ടും വിട്ടു.:)
നല്ല ലേഖനം.

Sudhir KK said...

ദേവാ. താങ്കള്‍ക്ക് ഈ ലേഖനം ഇഷ്ടമായെന്നറിഞ്ഞത് വളരെ ആത്മ വിശ്വാസം നല്‍കുന്നു. ഞാന്‍ ഇനിയും എഴുതുമേ, കന്നിനെ കയം കാണിച്ച പോലായല്ലോ ദൈവേ എന്നൊന്നും പറയരുത് പിന്നെ.

അനോണി പറഞ്ഞ കാര്യം എനിക്കു പുതിയ അറിവാണ്. ചിക്കന്‍ ഗുനിയയുടെ ഈ കാലത്ത് വളരെ പ്രസക്തമാണല്ലേ ഇത്. പേരു കൂടി വെളിപ്പെടുത്തിയെങ്കില്‍ ഇതിനെ പറ്റി കൂടുതലറിയാന്‍ ബന്ധപ്പെടാനും പറ്റിയേനെ. എന്തായാലും ഇക്കാര്യങ്ങളില്‍ നല്ല അറിവുള്ളയാളാണ് ഈ അനോണിയെന്നു മാത്രം മനസിലായി. വന്നതിനും കമന്റിട്ടതിനും നന്ദി.

റീനീ, അമേരിക്കയില്‍ കുഴിയാനയെ കാണാന്‍ പറ്റിയിട്ടില്ല. ഈസ്റ്റ്‌കോസ്റ്റില്‍ ഇവയ്ക്കു തണുപ്പുകാരണം ജീവിക്കാന്‍ പറ്റുമെന്നു തോന്നുന്നില്ല. എവിടെയാ കണ്ടത്? ഫീനിക്സിലൊക്കെ ഇവയുണ്ടാകാം. ചൂടുള്ള വരണ്ട കാലാവസ്ഥയില്‍ . ലേഖനം വായിക്കാനെത്തിയതിനു നന്ദി.

നളാ മാറ്റിവയ്ക്കാതെ ഉടനെ വായിച്ചതിനു നന്ദി. സത്യത്തില്‍ ഈ ഒരു വിഷയം അല്‍പ്പം ഇന്റര്‍നെറ്റിലൊക്കെ വായിച്ച് അറിവുള്ള കുറച്ചു കാര്യങ്ങളും ചേര്‍ത്ത് എഴുതി തുടങ്ങുമ്പോള്‍ പോസ്റ്റു ചെയ്യാനുള്ള കോണ്‍ഫിഡന്‍സ് ഉണ്ടായിരുന്നില്ല. വിക്കിപ്പീഡിയയ്ക്കു വേണ്ടി എഴുതി തുടങ്ങിയതാണ് (വെറും തര്‍ജ്ജമ ചെയ്യലാണേ, സ്വന്തം ഗവേഷണമൊന്നുമല്ല). കുറെ ദിവസം writely അക്കൌണ്ടില്‍ ഡ്രാഫ്റ്റായി വിശ്രമിച്ചു. താങ്കള്‍ക്കൊക്കെ ഇഷ്ടമായത് വളരെ സന്തോഷം നല്‍കുന്നുണ്ട്.

ബിന്ദു, വീട്ടിനു പരിസരങ്ങളില്‍ അരിച്ചു നടന്ന് ധാന്യങ്ങള്‍ തിന്നുകയും വീടിന്റെ അടിസ്ഥാനത്തിനുള്ളില്‍ വലിയ പോടുകള്‍ ( ഉറുമ്പിന്റെ കോളനികള്‍ ) നിര്‍മ്മിക്കുകയും ചെയ്യുന്ന ഉറുമ്പുകള്‍ അത്ര ഉപകാരികളല്ല. ഉറുമ്പുകളെ പിടിക്കട്ടെന്നേ. നല്ലതല്ലേ. വന്നതിനും കമന്റിട്ടതിനും വളരെ നന്ദി.

മുല്ലപ്പൂ said...

നല്ല വിജ്ഞാന പ്രദമായ ലേഖനം.
കുഴിയാന വളര്‍ന്ന് തുമ്പിയായി മാറും എന്നാ ഞാന്‍ ഈ ലേഖനത്തില്‍ നിന്നു വായിച്ചെ.

കമെന്റില്‍ അതു അങ്ങനെ അല്ല എന്നും പറയുന്നു.
ഫൊട്ടൊയില്‍ കാണിച്ചിരിക്കുന്നത് , തുമ്പിയെ ആണല്ലൊ?

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

കുഴിയാനയെക്കൊണ്ട്‌ അക്ഷരം എഴുതിക്കാന്‍ ശ്രമിച്ചിട്ടൂണ്ട്‌ ചെറുപ്പത്തില്‍, പിന്നെ അതു ഉറുമ്പിനെ തിന്നുമെന്നും അറിയാമായിരുന്നു, പാക്ഷെ ബാക്കിയുള്ളതെല്ലാം പുതിയ അറിവുകള്‍. നന്നായി കൂമന്‍സേ നന്നായി. ഒത്തിരി നന്ദി

Sudhir KK said...

സോറി. ഓഫീസിലെ തിരക്കു കാരണം മുല്ലപ്പൂവിന്റെയും ഇന്ത്യാഹെറിറ്റേജുമാഷിന്റെയും കമന്റുകള്‍ കണ്ടതിന്നലെയാണ്. വായിച്ചതിനും കമന്റിട്ടതിനും നന്ദി.

മുല്ലപ്പൂവേ: തുമ്പി എന്നതു കൊണ്ട് dragonfly എന്നാണ് ഉദ്ദേശിച്ചത്. adult antlion എന്നത് dragon fly അല്ല. രൂപസാദൃശ്യം ഉണ്ടെന്നു മാത്രം.

Peelikkutty!!!!! said...

ചെറുപ്പത്തില്‍ കുഴിയാനയെ ഈര്‍ക്കിലുകൊണ്ടു തോണ്ടിയെടുക്കാറുണ്ടായിരുന്നു...പിന്നീട് അദ്ദേഹത്തെ കുറിച്ച് ഓര്‍ത്തിട്ടേയില്ല...കൂമന്‍സെ ഈ കുഞ്ഞാനയെ പറ്റി ഇത്രേം പറഞ്ഞു തന്നതിന് ഡാങ്ക്സ്!.


ഇരുട്ടത്ത് കാതോര്‍ത്ത്...