യുണൈറ്റഡ് ഫ്രൂട്ട് കമ്പനി

“മാറുന്ന കാലഘട്ടത്തില്‍ എന്തായിരിക്കണം ഇടതുപക്ഷത്തിന്റെ പ്രവര്‍ത്തനമേഖല“ എന്നുള്ള സംവാദത്തില്‍ നിന്നും സംഭരിച്ച ഊര്‍ജ്ജമെടുത്ത് ഒരു തര്‍ജുമ ചെയ്തതാണ്. ബെന്നിയുടെ ബ്ലോഗിലെ ആ സംവാദം ഇവിടെ. പാബ്ലോ നെരൂദയുടെ ‘യുണൈറ്റഡ് ഫ്രൂട്ട് കമ്പനി’ എന്ന കവിതയുടെ ഒരു അരയ്ക്കാല്‍ വിവര്‍ത്തനം.

നെരൂദയും ബ്രഹതും ഒക്കെ അതി സുന്ദരമായി സച്ചിദാനന്ദന്‍ നമ്മെ പരിചയപ്പെടുത്തിയിട്ടുള്ളതാണ്. പക്ഷേ അത്തരത്തിലുള്ള പരിഭാഷ എന്റെ വശം ഇല്ലാത്തതിനാല്‍ സ്വന്തമായി ഒരു കശാപ്പങ്ങു നിര്‍വഹിച്ചു. നെരൂദയുടെ കവിത വിരൂപമാക്കിയെങ്കില്‍ മാപ്പു ചോദിച്ചു കൊണ്ട്…

മൂല കൃതി സ്പാനിഷിലാണ്. (സ്പാനിഷ് എനിക്ക് അശേഷം വശമില്ല) ജോണ്‍ ഫെല്‍‌സ്റ്റിനര്‍ ( John Felstiner) അതിന്റെ ഇംഗ്ലീഷ് വിവര്‍ത്തനം ചെയ്തതാണ് ഞാന്‍ വീണ്ടും മലയാളത്തിലാക്കിയത്. (The Essential Neruda, Selected Poems, Edited by Mark Eisner, Published by City Lights). ഓരോ മൊഴിമാറ്റത്തിലും ചോരുന്നത് കവിതമാത്രമെന്ന് അറിയാഞ്ഞിട്ടല്ല.

തെറ്റുകള്‍ പൊറുക്കുക, ചൂണ്ടിക്കാട്ടുക.

യുണൈറ്റഡ് ഫ്രൂട്ട് കമ്പനി – പാബ്ലോ നെരൂദ
ശംഖുനാദം മുഴങ്ങിയപ്പോള്‍
ഭൂമിയില്‍ എല്ലാം ഒരുക്കിയിരുന്നു.
പിന്നെ, യഹോവ ലോകത്തെ
കൊക്കൊക്കോള, ആനകോണ്ട, ഫോര്‍ഡ് …
കമ്പനികള്‍ക്കായി പകുത്തു കൊടുത്തു.
യുണൈറ്റഡ് ഫ്രൂട്ട് കമ്പനിയ്ക്ക്
അതിലേറ്റം ഇനിപ്പേറിയത്:
എന്റെ ലോകത്തിലെ മധ്യദേശത്തെ തീരം,
അമേരിക്കയുടെ തുടുത്ത അരക്കെട്ട്.

അവരീ ദേശങ്ങളെ -
വെറും വെള്ളരിക്കാപ്പട്ടണങ്ങള്‍ -
ഉറക്കമായ ജഡങ്ങള്‍ക്കു മുകളിലൂടെ,
ചങ്ങല പൊട്ടിച്ച് കലാപം നടത്തിയ
മഹാ ധീരന്മാര്‍ക്കു മുകളിലൂടെ,
വീണ്ടും മാമോദീസ മുക്കിയെടുത്തു.
പുതിയ പാവക്കൂത്തുകള്‍ സ്ഥാപിച്ചു.
ഹൃദയത്തിന്റെ സ്വാതന്ത്ര്യം നിരോധിച്ചു.
പരമാധികാരത്തിന്റെ
കിരീടങ്ങള്‍ വിതരണം ചെയ്തു.
അസൂയയെ അഭിനന്ദിച്ചു.
ഈച്ചകളുടെ ഏകാധിപത്യത്തെ
ക്ഷണിച്ചിരുത്തി:
സഹനത്താല്‍ തലകുനിഞ്ഞ രക്തവും
പഴച്ചാറുമൊട്ടുന്ന ഈച്ചകള്‍ ,
ചുടലമാടങ്ങളിലൂടെ മൂളിപ്പറക്കുന്ന
കുടിച്ചുന്മത്തരായ ഈച്ചകള്‍ ,
അഭ്യാസികളും കൌശലക്കാരുമായവ,
ഏകാധിപത്യത്തിനു പുകള്‍പെറ്റവ.

ചോരക്കൊതിയന്മാരായ ഈച്ചകളുമായി
വന്നൂ ഫ്രൂട്ട് കമ്പനി.
പാതിമുങ്ങിയ ഞങ്ങളുടെ പറമ്പുകളില്‍ നിന്ന്
തട്ടത്തിലേക്ക് നിധി കൂനകൂട്ടിയിടുമ്പോലെ
കടലില്‍ നങ്കൂരമിട്ട കപ്പലുകളിലേക്ക്
കാപ്പിയും പഴങ്ങളും വാരിക്കൂട്ടി

എപ്പൊഴോ
ഹാര്‍ബറുകളിലെ മധുരവെള്ളം നിറഞ്ഞ
ചതിക്കുഴികളില്‍ വീണുപോയ
ആദിവാസികളൊന്നാകെ
പുലര്‍ലമഞ്ഞില്‍ അടക്കം ചെയ്യപ്പെട്ടു.

ഒരു ദേഹമുരുളുന്നു.
പേരില്ലാത്ത ഒരു ജഡം.
ഉപയോഗിച്ചുപേക്ഷിച്ച ഒരക്കം.
ചവറ്റുകുട്ടയിലേക്കെറിഞ്ഞ
അഴുകിയ ഒരു പഴക്കുല

വിഭാഗം: വിവര്‍ത്തനങ്ങള്‍

21 comments:

Sudhir KK said...

വേര്‍ഡ്പ്രസില്‍ നിന്നും ബ്ലോഗറിലേക്കു ചേക്കേറാന്‍ ഒരു പരീക്ഷണം

ടി.പി.വിനോദ് said...

നന്നായിരിക്കുന്നു കൂമന്‍സേ...
വിവര്‍ത്തനത്തെപ്പറ്റി പറയാന്‍ ഞാന്‍ ആളല്ല...എന്നാലും (ഞാന്‍ വായിച്ചിട്ടുള്ള)നെരൂദയുടെ ഉഷ്ണശബ്ദം അതിന്റെ യഥാര്‍ത്ഥ തീവ്രതയില്‍ തന്നെ ഈ വരികളില്‍ നിന്ന് എന്നെ തൊടുന്നു...
നന്ദി...അഭിനന്ദനങ്ങള്‍....

Unknown said...

അഭിപ്രായം പറയാനോ വിമര്‍ശിക്കാനോ ഉള്ള അറിവില്ല.

ഇഷ്ടപ്പെട്ടു എന്ന് മാത്രം പറയട്ടെ. :)

Sudhir KK said...

ലാപുട, ദില്‍ബാസുരാ, വളരെ നന്ദി.
ആരും വായിച്ചില്ലല്ലോ എന്ന് കരുതി ഈച്ചയടിച്ചിരിക്കുമ്പോള്‍ വന്ന നിങ്ങളുടെ വാക്കുകള്‍ പ്രോത്സാഹനമായി.

എന്റെ കൈയിലെ അച്ചടിച്ച പതിപ്പോളം (Essential Neruda) ഗുണമുള്ള ഒരു ഇംഗ്ലീഷ് തര്‍ജുമയ്ക്കായി (തര്‍ജജമയാണോ തര്‍ജുമയാണോ ശരി ഉമേഷേ?) നെറ്റില്‍ തപ്പിയിട്ടൊന്നും കാണുന്നില്ല.
എങ്കിലും തരക്കേടില്ലാത്ത ഒന്ന് ദാ ഇവിടുണ്ട്. വായിച്ചു നോക്കൂ. ഇംഗ്ലീഷും സ്പാനിഷും അവിടെത്തന്നെയുണ്ട്.
തര്‍ജുമ ചെയ്തപ്പോള്‍ ചില ഒമിഷന്‍സും പുനര്‍വായനയും നടത്തേണ്ടി വന്നു. അര്‍ഥം തെറ്റിയോ ഭാവം തെറ്റിയോ എന്നൊക്കെ നല്ല സംശയമുണ്ടായിട്ടും.
സ്വയം വിമര്‍ശനങ്ങള്‍ താഴെ: ( കൂടുതല്‍ ചേര്‍ക്കൂ ഈ പട്ടികയില്‍ )
1. മൂലകവിതയില്‍ ഈച്ചകളെപറ്റി വളരെ സവിശേഷമായി പറഞ്ഞിട്ടുള്ളത് ഞാന്‍ വിഴുങ്ങി, എനിക്കു വഴങ്ങാഞ്ഞിട്ട്
“Attracted the dictatorship of flies:
Trujillo flies, Tachos flies
Carias flies, Martinez flies,
Ubico flies, flies sticky with
submissive blood and marmalade,
drunken flies that buzz over
the tombs of the people,
circus flies, wise flies
expert at tyranny. ”
എന്നതിനെ
“ഈച്ചകളുടെ ഏകാധിപത്യത്തെ
ക്ഷണിച്ചിരുത്തി:
സഹനത്താല്‍ തലകുനിഞ്ഞ രക്തവും
പഴച്ചാറുമൊട്ടുന്ന ഈച്ചകള്‍ ,
ചുടലമാടങ്ങളിലൂടെ മൂളിപ്പറക്കുന്ന
കുടിച്ചുന്മത്തരായ ഈച്ചകള്‍ ,
അഭ്യാസികളും കൌശലക്കാരുമായവ,
ഏകാധിപത്യത്തിനു പുകള്‍പെറ്റവ.“ എന്നാക്കി മാറ്റിയപ്പോള്‍ impact ചോര്‍ന്ന പോലെ തോന്നുകയും ചെയ്തു. ബഷീറിന്റെ ‘കുഴിയാന’ എന്നു പറയുമ്പോലെയെന്തോ കള്‍ച്ചറല്‍ ആസ്പക്റ്റുള്ളതാണെന്നു തോന്നുന്നു നെരൂദയുടെ “Trujillo flies, Tachos flies , Carias flies, Martinez flies, Ubico flies“ എന്നു പറയുന്നതില്‍ . അര്‍ഥം തന്നെ പൂര്‍ണ്ണമായി മനസിലായില്ല എന്നു പറയാമല്ലോ.
2. ഇന്‍ഡ്യന്‍സ് എന്നത് ആദിവാസി എന്നു മാറ്റി
3. ട്രം‌പറ്റ് എന്നതിനെ ശംഖുനാദം എന്ന് മാറ്റി
4. ബനാന റിപ്പബ്ലിക് എന്നതിന് ‘വെള്ളരിക്കാപ്പട്ടണങ്ങള്‍ ’ എന്നു പറയാമോ? അറിയില്ല.
5. discarded number എന്നതിനെ ‘ഉപയോഗിച്ചുപേക്ഷിച്ച ഒരക്കം‘ എന്നാക്കി. നമ്പറിന്റെ മലയാളം സംഖ്യ എന്നല്ലേ. പക്ഷേ അതില്‍ കവിതയുടെ അംശമില്ലല്ലോ എന്നു സംശയിച്ചു. അതിനാല്‍ അക്കം ആക്കി.
6. സീസറിന്റെ കിരീടങ്ങള്‍ എന്നു സ്പാനിഷില്‍ പറഞ്ഞതിനെ (coronas de César) ഇംഗ്ലീഷില്‍ imperial crowns എന്നാണ് പറഞ്ഞിരിക്കുന്നത്. മലയാളത്തിലേക്കായപ്പോള്‍ “പരമാധികാരത്തിന്റെ
കിരീടങ്ങള്‍ ” എന്നാക്കേണ്ടി വന്നു.

ഇനിയുമുണ്ട് എന്റെ പട്ടികയില്‍ . എല്ലാം ഞാന്‍ തന്നെ പറയരുതല്ലോ.

ബാബു said...

കൂമന്‍,

നെരൂദയുടെ ഈ പ്രസിദ്ധ കവിത തര്‍ജ്ജമ ചെയ്തതിന്‌ അഭിനന്ദനങ്ങള്‍. മൂലകൃതിയൊട്‌ നിങ്ങള്‍ തികച്ചും കൂറു പുലര്‍ത്തിയിരിക്കുന്നു. എന്റെ ചില അഭിപ്രായങ്ങള്‍ താഴെ ചേര്‍ക്കുന്നു.

1. പല ഈച്ചകളുടെ പേരുകള്‍ പറയുന്നത്‌ United Fruit co.-ക്ക്‌ കൂട്ടുനിന്ന പല ഏകാധിപതികളായ ഭരണകര്‍ത്താക്കളെക്കുറിച്ചാണെന്നാണ്‌ തോന്നുന്നത്‌. ആ പേരുകള്‍ അതുപോലെ പറഞ്ഞാല്‍ മതി. വേണമെങ്കില്‍ ഒരു അടിക്കുറിപ്പിടാം.

2. indians ആ പ്രദേശത്തെ ആദിവാസികള്‍ തന്നെ.

3. കാഹളം എന്നായിരിക്കും കൂടുതല്‍ ഉചിതം. ബൈബിളിലും അതാണല്ലൊ പറയുന്നത്‌.

4. banana republic കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ ഒരു ഉല്‍പന്നം കൊണ്ടുകഴിയുന്ന രാജ്യമെന്നാണ്‌. വെള്ളരിക്കപ്പട്ടണമെന്ന് സധാരണ എന്തര്‍ത്ഥത്തിലാണ്‌ ഉപയോഗിക്കുന്നത്‌?

5. അക്കവും സംഖ്യയും ഉദ്ദേശിച്ച അര്‍ത്ഥം വരുത്തുന്നില്ല. പേരില്ലാത്ത, വെറും അക്കങ്ങളായ മനുഷ്യര്‍ എന്നല്ലേ സൂചന? അക്കങ്ങള്‍ എന്നായാലോ?

Abdu said...

താങ്കള്‍ ശരിക്കും വിസ്മയിപ്പിക്കുന്നു,
മടുത്തുതുടങ്ങിയിരിന്നു ബ്ലൊഗുകളിലൂടെയുള്ള യാത്രകള്‍,
ആവര്‍ത്തനങ്ങള്‍, വ്യക്തിപരമായ അനുഭവങ്ങള്‍..തികച്ചും വിരസമാവുന്നു,
താങ്കള്‍ പക്ഷെ,...
ആദ്യമാണീ വഴി,
നെരൂദയെ കുറച്ചെ വായിച്ചിട്ടൊള്ളൂ,
ഇത് ശരിക്കും ത്രീവ്രമാണ്, ലാപുട പറഞ്ഞത്‌പൊലെ,
നന്ദി,
ഇനിയും വരാം.

Sudhir KK said...

ഇടങ്ങള്‍ : നല്ല വാക്കുകള്‍ക്കു നന്ദി. വീണ്ടും വരുക. നിര്‍ദ്ദേശങ്ങളും വിമര്‍ശനങ്ങളും ഒക്കെയായി.

Sudhir KK said...

ബാബു: കാര്യമായി വായിച്ചെഴുതിയതാണല്ലോ.
ഈച്ചകളെപ്പറ്റി താങ്കള്‍ പറഞ്ഞത് നൂറു ശതമാനം ശരി. ലാറ്റിന്‍ അമേരിക്കയിലെ ഏകാധിപതികള്‍ തന്നെ ഈ വിവിധ പേരുകള്‍ . ആ ഈച്ചപ്പേരുകള്‍ ഈ കവിതയില്‍ അവശ്യം ആവശ്യവുമാണ്. പറഞ്ഞപോലെ അടിക്കുറിപ്പായി കൊടുത്തിട്ടായാല്‍ പോലും

ശംഖുനാദം എന്ന് തദ്ദേശവല്‍ക്കരിച്ചതാണ് :) പക്ഷേ പറഞ്ഞ പോലെ ശംഖുനാദവും യഹോവയും തമ്മില്‍ ചേരുന്നില്ല. കാഹളമാവും കൂടുതല്‍ ന്യൂട്രലും ചേര്‍ച്ചയുള്ളതും

എന്തും ഏതും നടക്കുന്ന ഒരു മാതിരി അരാജകത്വം നടമാടുന്ന സ്ഥലമല്ലേ വെള്ളരിക്കാപ്പട്ടണം എന്നത്? ബനാന റിപ്പബ്ലിക് എന്നതിനു ബാബു പറഞ്ഞതു തന്നെയാണ് അര്‍ത്ഥം. ഓ. ഹെന്‍‌റി ഹോണ്ടൂരാസിനെപറ്റി കളിയായിപ്പറഞ്ഞതാണെന്ന് വിക്കിപ്പീഡിയ.
ആ വാക്കിന് മലയാളമുണ്ടെന്നു തോന്നുന്നില്ല. വാഴയ്ക്കാ റിപ്പബ്ലിക്ക് എന്നോ മറ്റോ എഴുതിയാല്‍ അടിയെപ്പോള്‍ കിട്ടിയെന്നു ചോദിച്ചാല്‍ മതി :D

5. പേരില്ലാത്ത, വെറും അക്കങ്ങളായ മനുഷ്യര്‍ എന്നു തന്നെയാണ് സൂചന. അക്കങ്ങള്‍ എന്നുപയോഗിക്കാന്‍ ആലോചിച്ചിരുന്നു. പക്ഷേ ശരിയാവാത്ത പോലെ. ഇംഗ്ലീഷ് കാവ്യ ശകലം ഇതാ:
“a corpse rolls, a thing without
name, a discarded number,
a bunch of rotten fruit
thrown on the garbage heap.“

ഇതിനെ

“ഒരു ദേഹമുരുളുന്നു.
പേരില്ലാത്ത ഒരു ജഡം.
ഉപയോഗിച്ചുപേക്ഷിച്ച ഒരക്കം.
ചവറ്റുകുട്ടയിലേക്കെറിഞ്ഞ
അഴുകിയ ഒരു പഴക്കുല“

എന്നാണു മാറ്റിയത്. കാവ്യാത്മകമായ ഏകവചനപ്രയോഗവും a corpse rolls ...a discarded number എന്നുള്ള) അക്കങ്ങളും തമ്മില്‍ ശരിയാവില്ലെന്നു തോന്നുന്നില്ലേ?

ദൈവമേ number എന്നതിന്റെ മലയാളം കാട്ടിത്തരേണമേ :|

എന്തും ഏതും നടക്കുന്ന ഒരു മാതിരി അരാജകത്വം നടമാടുന്ന സ്ഥലമല്ലേ വെള്ളരിക്കാപ്പട്ടണം എന്നത്?
ബനാന റിപ്പബ്ലിക് എന്നതിനു ബാബു പറഞ്ഞതു തന്നെയാണ് അര്‍ത്ഥം. ഓ. ഹെന്‍‌റി ഹോണ്ടൂരാസിനെപറ്റി കളിയായിപ്പറഞ്ഞതാണെന്ന് വിക്കിപ്പീഡിയ.
ആ വാക്കിന് മലയാളമുണ്ടെന്നു തോന്നുന്നില്ല. വാഴയ്ക്കാ റിപ്പബ്ലിക്ക് എന്നോ മറ്റോ എഴുതിയാല്‍ അടിയെപ്പോള്‍ കിട്ടിയെന്നു ചോദിച്ചാല്‍ മതി :D

വളരെ നന്ദി. വീണ്ടും വരുക.

K.V Manikantan said...

നത്തേ, (കൂമന്‌ ഞങ്ങള്‍ പറയുന്നത്‌)

വിവര്‍ത്തനത്തില്‍ നഷ്ടപ്പെടുന്നതെന്തോ അതാണ്‌ കവിത എന്ന് ആരോ പറഞ്ഞിട്ടുണ്ട്‌.

അത്‌ അല്ല എന്ന് ലാപുഡയുടെ കമന്റില്‍ നിന്ന് മനസിലായി.

നെരൂദയുടെ "കവിത ഒരു പ്രവര്‍ത്തനമാണ്‌" വിവ: സച്ചിദാനന്ദന്‍ പുഴങ്കര എന്ന ആത്മകഥയിലെ ഒരു അധ്യായം വായിച്ചിട്ടുണ്ടോ?

K.V Manikantan said...

ഉരുളുന്ന ഒരു ജഡം
പേരില്ലാത്ത ഒരു പദാര്‍ത്ഥമാണ്‌
അല്ലെങ്കില്‍;
ചവച്ചു തുപ്പിയ ഒരക്കം
അഴുക്കുചാലിലേക്കെറിഞ്ഞൊരു
ചീഞ്ഞപഴക്കുല.

ഞാന്‍ ഇവിടെ നിന്ന് ഓടുന്നു. എന്നെ വെടി വച്ച്‌ കൊല്ലരുത്‌.

Sudhir KK said...

സങ്കുചിതോ.. ഒള്ള തന്നെ? ... ഞങ്ങടെ നാട്ടിലും നത്തെന്നു തന്നെ പറയുന്നത്. :)

വിവര്‍ത്തനം കൊള്ളാമല്ലോ. (ഓടാതെ നില്‍ക്കവിടെ!. ഹാന്‍ഡ്‌സ് അപ്പ്! കവിത മുഴുവന്‍ ഇവിടെ വിവര്‍ത്തനം ചെയ്തിട്ടിട്ടു പോ)
corpse എന്നതിന് നമ്മള്‍ രണ്ടാളും ജഡം എന്നാണ് എഴുതിയത്. പക്ഷേ ശരിയായത് വേറെന്തോ ആണെന്നു തോന്നുന്നു.
“നെരൂദയുടെ ‘കവിത ഒരു പ്രവര്‍ത്തനമാണ്‘" വിവ: സച്ചിദാനന്ദന്‍ പുഴങ്കര എന്ന ആത്മകഥയിലെ ഒരു അധ്യായം വായിച്ചിട്ടുണ്ടോ? “ ഇല്ലല്ലോ സങ്കുചിതാ...
എന്താണതില്‍ ? തീര്‍ച്ചയായും നെരൂദയുടെ കവിതയും പ്രവര്‍ത്തനവും തമ്മില്‍ വലിയ അന്തരങ്ങള്‍ ഉണ്ടായിരുന്നില്ല.
ചിലിയില്‍ പിനോഷെയുടെ പട്ടാള അട്ടിമറിയുടെ ഏഴാം നാളിലോ മറ്റോ ജയിലിലായിരുന്നു അന്ത്യം എന്നു തോന്നുന്നു.
അതും അയന്‍ഡെയുടെ ദാരുണ അന്ത്യത്തില്‍ മനസു നൊന്ത്. ആ പിനോഷെ ചിലിയില്‍ വിചാരണ നേരിടുകയാണിന്ന്.
ഹ്യൂഗോ ഷാവേസിന്റെ വാര്‍ത്തകള്‍ വായിക്കുമ്പോള്‍ മറ്റൊരു അയെന്‍‌ഡെ ആകുമോ അദ്ദേഹവും എന്ന് ഉല്‍ക്കണ്ഠപ്പെടാറുമുണ്ട്.

Adithyan said...

Banana republic (or Bananaland) is a pejorative term for describing a country with a non-democratic or unstable government, especially where there is widespread political corruption and strong foreign influence. It is most often applied to small countries in Central America or the Caribbean.

Anonymous said...

ബനാനറിപ്പബ്ലിക് വെള്ളരിക്കാപ്പട്ടണം തന്നെ. കൊടുകൂമാ കൈ.
“ഒരു ദേഹമുരുളുന്നു.
പേരില്ലാത്ത ഒരു ജഡം.“ -> ഇതു ശരിയായില്ല. ജഡത്തിനെക്കാളും അപ്രധാനമായ ഒരു “വസ്തു” (thing) ആണ്‍ കവിതയിലുള്ളത്. “ജഡമുരുളുന്നു, പേരില്ലാത്ത ഒരു വസ്തു” എന്നപോലെയാണ്‍ മൂലം.

number -ന്റെ മലയാളം “നമ്പ്ര” എന്നാണെന്നു മലബാറുകാരു പറഞ്ഞേക്കാം, എനിക്കറിയില്ല. സംഖ്യയല്ല, അക്കവുമല്ല, “നമ്പര്‍” തന്നെയാവാം. discarded എന്നതില്‍ ഉപയോഗിച്ചു എന്നതിന്റെ ധ്വനിയില്ല, ഉപേക്ഷിക്കല്‍ മാത്രം.

garbage heap ചവറ്റുകൂനയാണ്‍, ചവറ്റുകുട്ടയല്ല‍. ചവറ്റുകൂന ചവറുകുട്ടയെക്കാള്‍ നികൃഷ്ടവും കാണാന്‍ ഭംഗിയില്ലാത്തതുമാണല്ലോ.

എന്നാലങ്ങനെ,
പി. നെരൂദ

K.V Manikantan said...

ഉമേഷ്ജീ,

ഞാന്‍ താങ്കളുടെ ബ്ലോഗിലെ സമസ്യാപൂരണം സ്വയം നടത്താറുണ്ടെന്നും അവ -അതായത്‌ ഞാന്‍ നിര്‍മിച്ചവ- എനിക്കിഷ്ടപ്പെടാറില്ലെന്നും അതിനാല്‍ പോസ്റ്റാറില്ലെന്നും ആണ്‌ ഉദ്ദേശിച്ചത്‌. തെറ്റിദ്ധരിച്ചൂൂ.. ചേട്ടന്‍ എന്നെ തെറ്റിദ്ധരിച്ചൂൊ......

Sudhir KK said...

ഹോ..സാക്ഷാല്‍ നെരൂദ തന്നെ വന്നു കമന്റിട്ടിരിക്കുന്നു! എന്റെ അനോനീ: താങ്കള്‍ പറഞ്ഞ പോലെ ചവറ്റു കൂനയും ‘പേരില്ലാത്ത എന്തോ ഒന്ന്’ എന്നോ മറ്റോ ഉള്ള വിശേഷണവും ആകും ശരി.

സങ്കുചിതാ: ബ്ലോഗു മാറിപ്പോയി. ‘ഉമേശജ്യേഷ്ടനും’ വൃത്തപ്രശ്നവും അനോണിയുമൊക്കെയായി ഉശിരന്‍ ചര്‍ച്ച നടക്കുന്ന ബാബുവിന്റെ ബ്ലോഗിലല്ലേ?

കമന്റുകളും നിര്‍‌ദ്ദേശങ്ങളും ഒക്കെത്തന്ന എല്ലാ സുഹൃത്തുക്കള്‍ക്കും വളരെ നന്ദി.

ഉമേഷ്::Umesh said...

സങ്കുചിതാ,

തെറ്റിദ്ധരിച്ചതില്‍ ക്ഷമിക്കണം. ഒന്നുകൂടി അതു വായിച്ചപ്പോള്‍ എന്റെ തെറ്റു മനസ്സിലായി.

മറിച്ചാണെങ്കിലും അതു തെറ്റല്ല. എനിക്കു വിരോധവുമില്ല. എനിക്കു് എന്റെ പല തര്‍ജ്ജമകളും ഇഷ്ടമല്ല. ഇനിയുമുണ്ടു് പത്തുമുപ്പതു റഷ്യന്‍ കവിതകളുടെ പരിഭാഷകള്‍. പ്രസിദ്ധീകരിച്ചവയെക്കാള്‍ മോശം. ലജ്ജയുള്ളതു കൊണ്ടാണു പ്രസിദ്ധീകരിക്കാത്തതു്.

തമ്മില്‍ ഭേദം സംസ്കൃതശ്ലോകങ്ങളുടെ തര്‍ജ്ജമ തന്നെ.

കൂമാ, നല്ല തര്‍ജ്ജമ. പ്രൊഫൈലിലെ പടം അതിലും ഉഗ്രന്‍!

Sudhir KK said...

ഉമേഷേ... സന്ദര്‍ശിച്ചതിനു നന്ദി. ഒന്നു ചോദിച്ചോട്ടെ: തര്‍ജ്ജമയാണോ തര്‍ജുമയാണോ ശരി? മൂലരൂപം (സംസ്കൃതം?) അടക്കം ഒന്നു വിശദീകരിക്കുമോ?

viswaprabha വിശ്വപ്രഭ said...

തര്‍‌ജ്‌മ(ത്ത്) (ترجمة) ഒരു അറബിക് വാക്കാണ്. എബ്രായ/അരാമായ്ക് /ഫാര്‍സി ഭാഷകള്‍ വഴി അറബിയിലേക്കും പിന്നെ അവിടുന്ന് മലയാളം, ഉര്‍ദു തുടങ്ങിയവയിലേക്കും ഒഴുകിപ്പരന്നു ആ വാക്ക്.

തര്‍ജ്ജമ, തര്‍ജ്ജിമ, തര്‍ജ്ജുമ: മൂന്നുവിധവും ശരിയായി വിചാരിക്കാം. മൂലപദത്തില്‍ ജ്-നുശേഷം ഒരു സ്വരമില്ല.എങ്കിലും ചിലപ്പോള്‍ ഒരു ഫത്താ (അകാരസൂചകചിഹ്നം) ജ-യ്ക്കു മുകളില്‍ കൊടുത്തു കാണാം. ആ നിലയ്ക്ക് തര്‍ജമ എന്നോ തര്‍ജ്ജമ എന്നോ എഴുതുകയാണ് കൂടുതല്‍ ശരി.

ഉമേഷ്::Umesh said...

നന്ദി, വിശ്വം. കുറെക്കാലമായുള്ള സംശയമായിരുന്നു. ഈ സംശയമുള്ളതുകൊണ്ടു തര്‍ജ്ജമ എന്നു പറയാതെ പരിഭാഷ, വിവര്‍ത്തനം എന്നൊക്കെ പറയുകയായിരുന്നു കുറേ നാളായി :)

“മൊഴി മാറ്റം” നല്ല വാക്കായിരുന്നു. ഈ പെണ്‍‌വാണിഭങ്ങള്‍ക്കു ശേഷം അതും പറയാന്‍ വയ്യാതായി :-(

Sudhir KK said...

വളരെ നന്ദി വിശ്വം. തര്‍ജ്ജമ സംസ്കൃതമെന്നാണു ഞാന്‍ കരുതിയത്.
ഉമേഷ് പറഞ്ഞ പോലെ ഇനി ധൈര്യമായി ‘തര്‍ജ്ജമ‘യാകാം.

Roby said...

കൂമന്‍സ്‌,
ഇനിയും ഇങ്ങനെയുള്ള കവിതകള്‍ പ്രതീക്ഷിക്കട്ടെ..?
ബൂലോകം സന്ദര്‍ശിക്കാന്‍ ഒരൊ കാരണമാവുകയാണ്‌ താങ്കളുടെ ബ്ലോഗ്‌.


ഇരുട്ടത്ത് കാതോര്‍ത്ത്...