ബെര്‍ത്ത് സര്‍ട്ടിഫിക്കറ്റ്

പിഞ്ഞിത്തുടങ്ങിയ
ഈ കടലാസിലേക്ക്
ഒന്നു സൂക്ഷിച്ചു നോക്കണം സാര്‍

തഹസീല്‍ദാറിന്‍റെ
റബ്ബര്‍സീലിന്‍റെ അടയാളം
നെഞ്ചിന്‍കൂടിന്‍റെ രൂപത്തില്‍
ഇപ്പോഴും ഉയര്‍ന്നു നില്‍ക്കുന്നുണ്ട്.

വില്ലേജാപ്പീസറുടെ
കൈയൊപ്പ് ദാ, കാല്‍ഞരമ്പു പോലെ
വളഞ്ഞുപുളഞ്ഞിട്ട്.

അച്ഛനമ്മമാരുടെ പേരുകള്‍ ഇതാ ഇവിടെ.
പരേതാത്മാക്കളായിട്ട്,
ചിലയിടങ്ങളില്‍ തെളിഞ്ഞിട്ട്,
അങ്ങിങ്ങു മങ്ങിയിട്ടും.

നിറം മങ്ങി മടങ്ങിയ ഈ കടലാസിലെ
പൂപ്പലിനു പോലും
ചരിത്രത്തിന്‍റെ നേരിയ ചുവയുണ്ട്.

അതില്‍ ക്വിറ്റ് ഇന്ത്യയുടെ,
കാവുമ്പായിയുടെ,
അടിയന്തിരാവസ്ഥയുടെ ഒക്കെ
ഇരമ്പലുകളുടെ ഓര്‍മ്മകളാണ്

ഒഴിഞ്ഞ കടല്‍ ശംഖുകള്‍
തിരയടികള്‍ അയവിറക്കാറുണ്ടല്ലോ,
അതു പോലെ.

സാര്‍ ഇവിടേയ്ക്ക് ഈയിടെ
സ്ഥലം മാറി വന്നതാണെന്നു തോന്നുന്നു.

ആ കാണുന്ന പൊടി മൂടിയ
ബിഗോണിയ ചെടികളോടും
ആള്‍ക്കാര്‍ തിങ്ങിയൊതുങ്ങി കാത്തിരിക്കുന്ന
ഓഫീസ് ബഞ്ചുകളോടും
ഓടിത്തളര്‍ന്നിട്ടും പരാതി ഭാവിക്കാതെ
വേനല്‍ച്ചൂടിനോട് സമരം ചെയ്യുന്ന
ഖൈത്താന്‍ പങ്കകളോടും
ഒന്നു ചോദിച്ചു നോക്കണം സാര്‍.

അവര്‍ക്കൊക്കെ എന്നെ
നല്ല പരിചയമാണ്.

സിഗററ്റു കുറ്റികളും മുറുക്കാന്‍ കറയും വീണ
ഈ മൊസൈക്കു തറയാകട്ടെ
പൊട്ടിത്തുടങ്ങിയിട്ടു പോലും
എന്‍റെ കാലൊച്ച കേട്ടാലുടനെ
ശബ്ദം താഴ്ത്തി കുശലം ചോദിക്കും.

കാലവും തഴമ്പുകളും
മായ്ക്കാന്‍ മറന്ന
എന്‍റെ വിരല്‍പ്പാടുകള്‍
എവിടെ വേണമെങ്കിലും
പതിപ്പിച്ചു തരാമെന്ന്
ഞാന്‍ ആണയിട്ടു പറഞ്ഞിരുന്നല്ലോ.

എന്നിട്ടും എന്തിനാണു സാര്‍
എന്‍റെ ജനനത്തിന്
യാതൊരു തെളിവുമില്ല
എന്നു പിന്നെയും പറയുന്നത്?

12 comments:

sm sadique said...

പിഞ്ഞി തുടങ്ങിയ ജീവിതത്തിലേക്ക് നോക്കു....... കുറെ ഓര്‍മകള്‍ ചോദ്യങ്ങളായി തുറിച്ച് നോക്കുന്നു . കൊള്ളാം .

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

Super.

Devadas V.M. said...

പച്ചയാഥാര്‍ത്ഥ്യം

Pramod.KM said...

അതെന്തായാലും ഒരു കവിതയുടെ ജനനത്തിന് തെളിവുണ്ടല്ലോ..

Devadas V.M. said...

sorry for pasting a long news here... but I think it is relevant with the politics of this poem...
News from manorama online

കൊടുങ്ങല്ലൂര്‍: അപേക്ഷിച്ച് ഒന്നരവര്‍ഷമായിട്ടും മരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ അപേക്ഷകന്‍ എറിയാട് പഞ്ചായത്ത് ഓഫിസില്‍ കൈയ്യിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു.

എറിയാട് യൂബസാര്‍ കിഴക്കുംതുരുത്തി ഉണ്ണിക്കൃഷ്ണ(45)നാണ് ഇന്നലെ 12.30ന് പഞ്ചായത്ത് ഓഫിസില്‍ ആത്മഹത്യാശ്രമം നടത്തിയത്. ഉണ്ണിക്കൃഷ്ണനെ പൊലീസ് ആശുപത്രിയിലാക്കി. പട്ടികജാതി സമുദായത്തില്‍പെട്ട ഉണ്ണിക്കൃഷ്ണന്റെ അമ്മാവന്‍ പേങ്ങന്‍ 2006ല്‍ മരിച്ചു. അമ്മാവനോടൊപ്പം താമസിച്ചിരുന്ന ഉണ്ണിക്കൃഷ്ണന്‍ പുരയിടത്തില്‍ വീടുവയ്ക്കാന്‍ ശ്രമം നടത്തിയപ്പോഴാണ് ഉടമസ്ഥാവകാശത്തിനു മരണ സര്‍ട്ടിഫിക്കറ്റ് ആവശ്യമായത്. അപേക്ഷയും പഞ്ചായത്ത് ആവശ്യപ്പെട്ടതനുസരിച്ചു മുദ്രപത്രവും വാങ്ങി നല്‍കിയിരുന്നു.


എന്നാല്‍, മാസങ്ങള്‍ കഴിഞ്ഞിട്ടും സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല. അപേക്ഷ നല്‍കാന്‍ വൈകിയതിനാല്‍ ആര്‍ഡിഒയുടെ അനുമതിയോടെ മാത്രമേ സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയുള്ളൂവെന്നും തൃശൂരില്‍ പോകണമെന്നും ഉണ്ണിക്കൃഷ്ണനോട് പഞ്ചായത്ത് അധികൃതര്‍ നിര്‍ദേശിച്ചത്രെ. തൃശൂര്‍ കലക്ടറേറ്റില്‍ അന്വേഷിച്ചെങ്കിലും പഞ്ചായത്തില്‍നിന്ന് അപേക്ഷ വന്നിട്ടില്ലെന്നാണ് അറിഞ്ഞത്. ഇതിനിടയില്‍ വീടുവയ്ക്കാന്‍ ഹരിജന്‍ വെല്‍ഫെയര്‍ ബോര്‍ഡില്‍നിന്ന് 75,000 രൂപ ഉണ്ണിക്കൃഷ്ണന് അനുവദിച്ചു.

വീടിന്റെ രേഖകള്‍ ശരിയാക്കിയിട്ടില്ലാത്തതിനാല്‍ ആനുകൂല്യം ലഭിക്കാനിടയില്ലെന്ന് അറിഞ്ഞതോടെയാണ് ഇന്നലെ ഉണ്ണിക്കൃഷ്ണന്‍ പഞ്ചായത്തിലെത്തിയത്. വിവരം തിരക്കിയപ്പോള്‍ പുതിയ അപേക്ഷ നല്‍കാനാണ് അധികൃതര്‍ ആവശ്യപ്പെട്ടത്. ഇതേത്തുടര്‍ന്ന് ഉണ്ണിക്കൃഷ്ണന്‍ ഞരമ്പ് മുറിക്കുകയായിരുന്നു. സര്‍ട്ടിഫിക്കറ്റിനായി ഉണ്ണിക്കൃഷ്ണന്‍ അപേക്ഷ നല്‍കിയിട്ടില്ലെന്നാണ് അധികൃതര്‍ പറയുന്നത്.

Sudhir KK said...

സാദിക്ക്, ദിനേശ്, പ്രമോദ് കവിത വായിച്ചു കമന്റു പറഞ്ഞതില്‍ വലിയ സന്തോഷം. വീണ്ടും വന്നു വായിച്ചു അഭിപ്രായം രേഖപ്പെടുത്തുമല്ലോ.

ദേവദാസ്: "ലോങ്ങ്‌" കമന്റിനു നന്ദി. മുന്നില്‍ കണ്ട് വളരെ വിഷമം തോന്നിയിട്ടുള്ള ചില സംഭവങ്ങള്‍ കൂടി ഇതിന്‍റെ പിന്നില്‍ ഉണ്ട്. ഒരു കവിതയ്ക്കപ്പുറം മൂകമായ ഒരു രാഷ്ട്രീയ പ്രതിഷേധം എന്ന നിലയില്‍ ഇതിനെ താങ്കള്‍ വായിച്ചത് വളരെയേറെ സന്തോഷമുള്ള കാര്യമാണ്.

ഉണ്ണികൃഷ്ണന്‍ എന്ന ആളുടെ വാര്‍ത്ത‍ ഞാന്‍ കണ്ടിരുന്നില്ല. ആള്‍ക്കാരെ ആത്മഹത്യയിലേക്ക് എത്തിക്കാന്‍ വരെ പോന്നിരിക്കുന്നു നമ്മുടെ ബ്യൂറോക്രസി എന്നത് കഷ്ടം തന്നെ.

Pramod.KM said...

ദേവദാസിന്റെ കമന്റ് കണ്ടപ്പോള്‍ തോന്നിയ ഒരു പത്തുപൈസ: ഈ കവിതയുടെ പേര് ‘ബെര്‍ത്ത്(ഡെത്ത്)സര്‍ട്ടിഫിക്കറ്റ്’ എന്നും
അവസാന ഖണ്ഡം “എന്നിട്ടും എന്തിനാണു സാര്‍
എന്‍റെ ജനനത്തിന് (മരണത്തിന്)
യാതൊരു തെളിവുമില്ല
എന്നു പിന്നെയും പറയുന്നത്?“ എന്നും ആയിരുന്നെങ്കില്‍ !!!!
കവിതയില്‍ കാവുമ്പായിയെ കണ്ടപ്പോള്‍ ഒരു പ്രത്യേക സന്തോഷവും തോന്നി എന്ന് കൂട്ടിച്ചേര്‍ക്കട്ടെ.:)

Unknown said...

എന്നിട്ടും എന്തിനാണു സാര്‍
എന്‍റെ ജനനത്തിന്
യാതൊരു തെളിവുമില്ല
എന്നു പിന്നെയും പറയുന്നത്?

മരണ സര്‍ട്ടിഫിക്കറ്റ് ജിഇവിച്ചിരുന്നു ഏന്നുള്ളതിന്റെ തെളിവാണ്.
ബെര്‍ത്ത് സര്‍ട്ടിഫിക്കറ്റ് മരിക്കുന്നതിന്റെയും

അനംഗാരി said...

വീണ്ടും എഴുതി തുടങ്ങിയത് ഞാനിപ്പോഴാണ് കണ്ടത്. സന്തോഷം.ഒരു വര്‍ഷമാകുന്നു ഞാനിങ്ങനെ മൌനത്തിലാഴ്ന്ന് ഇരിക്കുന്നു. എന്റെ ഭാര്യയുടെ ജനന സര്‍ട്ടിഫിക്കറ്റിനു അപേക്ഷിച്ച് മാസം 6 കഴിഞ്ഞിട്ടും തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഇതുവരെ അത് നല്‍കിയിട്ടില്ല.ഇല്ലാത്ത നടപടിക്രമങ്ങള്‍ക്കും,ന്യായവാദങ്ങള്‍ക്കും,ഇടതുപക്ഷക്കാരെന്ന് മേനി നടിക്കുന്ന പിന്തിരിപ്പന്‍ തൊഴിലാളികളുടെ ക്രൂരവിനോദങ്ങള്‍ക്കിടയിലും പെട്ട് എവിടെയോ കുടുങ്ങിക്കിടക്കുന്നു. കവിത അസ്സലായിട്ടുണ്ട്.

mazhamekhangal said...

janichitte illa ennum paranjekkum..

Sudhir KK said...

@പ്രമോദ്: കാവുമ്പായി നിന്നാണോ? എന്‍റെ ഒരടുത്ത സുഹൃത്ത് കാവുമ്പായിക്കാരന്‍ ആണ്. അങ്ങനെയാണ് അവിടത്തെ ചരിത്രത്തില്‍ ഒരു അറിവുണ്ടായത്.
@റ്റോംസ്: താങ്കള്‍ വായിച്ചതിനും കമന്‍റ് ഇട്ടതിനും വളരെ സന്തോഷം. ഇനിയും വരുമല്ലോ.

Sudhir KK said...

@അനംഗാരി: കുറെ കാലമായല്ലോ. ചാറ്റിലും കാണാറില്ല. സുഖം എന്ന് കരുതുന്നു. കവിത ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ വളരെ സന്തോഷം.

@മഴമേഘങ്ങള്‍: ജനിച്ചിട്ടില്ല എന്ന് പറഞ്ഞു കൂടായ്കയില്ല. വായിച്ചതിനു നന്ദി. വീണ്ടും വരുമല്ലോ.


ഇരുട്ടത്ത് കാതോര്‍ത്ത്...