പ്രണയ പാഠങ്ങള്‍

വീടു വിട്ടു പോകും മുമ്പ്
പ്രണയത്തിന്‍റെ
പ്രഥമ പാഠങ്ങള്‍
പഠിപ്പിച്ചു തരാം.

കരച്ചില്‍ പൊട്ടിയാലും
കരളു പൊട്ടിയാലും വേണ്ടില്ല,
കാതു കൂര്‍പ്പിച്ചു കേള്‍ക്കണം.

പ്രണയം ഒരു സമുദ്രമാണെന്ന്
ഞാന്‍ മുമ്പ് പറഞ്ഞിരുന്നല്ലോ

അതിലെ ആവേശത്തിന്‍റെ
തിരമാല  മുറിച്ചു വരുന്നവര്‍ക്ക്
ചുംബിക്കാന്‍ ഒരു ചുണ്ടു മാത്രം
കൊടുക്കണം

അടപ്പൂരി കൈയിലൊളിപ്പിച്ചിട്ട്
പേന കടം കൊടുക്കുന്ന പോലെ.

മറുചുണ്ടിനായി അവര്‍
വീണ്ടും വീണ്ടും വരണം.

രതിയുടെ പക്കമേളത്തിന്
കിതപ്പു കൂട്ട്.

കിനാവുകള്‍ ഭദ്രമായി
കിടപ്പു മുറിയില്‍
പൂട്ടി വയ്ക്കണം.

അത് പോലെ
നീലക്കണ്ണുകളില്‍ ആഴത്തില്‍ നോക്കി
പുഞ്ചിരിച്ചു നില്‍ക്കുമ്പോള്‍
കണ്ണുകള്‍ ചിമ്മിയിരിക്കാനും
ചുണ്ടുകള്‍ മുകളിലേയ്ക്ക് വിടര്‍ന്നു നില്‍ക്കാനും
പ്രത്യേകം പറയണ്ടല്ലോ.

പിരിയുമ്പോള്‍ ഓര്‍മ്മിക്കാന്‍
ഹൃദയത്തിന്‍റെ ഒരു പകര്‍പ്പ്.
മിടിപ്പും തുടിപ്പും
ഒരു കാരണവശാലും
പകര്‍ത്തരുത്.

ഇത്രയൊക്കെയേ ഉള്ളൂ,
അറിയാനും പകരാനും.

ചെക്ക്ബുക്കിനു പകരം
ചെവി മുറിച്ചു കൊടുത്തെന്ന
പഴി കേള്‍പ്പിക്കാന്‍
ഇട വരുത്തരുത്.

മടക്കത്തില്‍ ദക്ഷിണ മറക്കണ്ട.

നിനക്കറിയാലോ,
എനിക്ക് ഹോബിയാണ്,
നെടുവീര്‍പ്പുകള്‍
ശേഖരിക്കുന്നതെന്ന്.


ഇരുട്ടത്ത് കാതോര്‍ത്ത്...