ബെര്‍ത്ത് സര്‍ട്ടിഫിക്കറ്റ്

പിഞ്ഞിത്തുടങ്ങിയ
ഈ കടലാസിലേക്ക്
ഒന്നു സൂക്ഷിച്ചു നോക്കണം സാര്‍

തഹസീല്‍ദാറിന്‍റെ
റബ്ബര്‍സീലിന്‍റെ അടയാളം
നെഞ്ചിന്‍കൂടിന്‍റെ രൂപത്തില്‍
ഇപ്പോഴും ഉയര്‍ന്നു നില്‍ക്കുന്നുണ്ട്.

വില്ലേജാപ്പീസറുടെ
കൈയൊപ്പ് ദാ, കാല്‍ഞരമ്പു പോലെ
വളഞ്ഞുപുളഞ്ഞിട്ട്.

അച്ഛനമ്മമാരുടെ പേരുകള്‍ ഇതാ ഇവിടെ.
പരേതാത്മാക്കളായിട്ട്,
ചിലയിടങ്ങളില്‍ തെളിഞ്ഞിട്ട്,
അങ്ങിങ്ങു മങ്ങിയിട്ടും.

നിറം മങ്ങി മടങ്ങിയ ഈ കടലാസിലെ
പൂപ്പലിനു പോലും
ചരിത്രത്തിന്‍റെ നേരിയ ചുവയുണ്ട്.

അതില്‍ ക്വിറ്റ് ഇന്ത്യയുടെ,
കാവുമ്പായിയുടെ,
അടിയന്തിരാവസ്ഥയുടെ ഒക്കെ
ഇരമ്പലുകളുടെ ഓര്‍മ്മകളാണ്

ഒഴിഞ്ഞ കടല്‍ ശംഖുകള്‍
തിരയടികള്‍ അയവിറക്കാറുണ്ടല്ലോ,
അതു പോലെ.

സാര്‍ ഇവിടേയ്ക്ക് ഈയിടെ
സ്ഥലം മാറി വന്നതാണെന്നു തോന്നുന്നു.

ആ കാണുന്ന പൊടി മൂടിയ
ബിഗോണിയ ചെടികളോടും
ആള്‍ക്കാര്‍ തിങ്ങിയൊതുങ്ങി കാത്തിരിക്കുന്ന
ഓഫീസ് ബഞ്ചുകളോടും
ഓടിത്തളര്‍ന്നിട്ടും പരാതി ഭാവിക്കാതെ
വേനല്‍ച്ചൂടിനോട് സമരം ചെയ്യുന്ന
ഖൈത്താന്‍ പങ്കകളോടും
ഒന്നു ചോദിച്ചു നോക്കണം സാര്‍.

അവര്‍ക്കൊക്കെ എന്നെ
നല്ല പരിചയമാണ്.

സിഗററ്റു കുറ്റികളും മുറുക്കാന്‍ കറയും വീണ
ഈ മൊസൈക്കു തറയാകട്ടെ
പൊട്ടിത്തുടങ്ങിയിട്ടു പോലും
എന്‍റെ കാലൊച്ച കേട്ടാലുടനെ
ശബ്ദം താഴ്ത്തി കുശലം ചോദിക്കും.

കാലവും തഴമ്പുകളും
മായ്ക്കാന്‍ മറന്ന
എന്‍റെ വിരല്‍പ്പാടുകള്‍
എവിടെ വേണമെങ്കിലും
പതിപ്പിച്ചു തരാമെന്ന്
ഞാന്‍ ആണയിട്ടു പറഞ്ഞിരുന്നല്ലോ.

എന്നിട്ടും എന്തിനാണു സാര്‍
എന്‍റെ ജനനത്തിന്
യാതൊരു തെളിവുമില്ല
എന്നു പിന്നെയും പറയുന്നത്?

ട്രാഫിക് ജാം

 ഒരു കവിത. ഇതാരുടെയും തനിപ്പകര്‍പ്പല്ല. ഒരു പക്ഷെ  ഞാനടക്കം നമ്മില്‍ ഒരുപാട് പേരുടെ ശരാശരി എടുത്താല്‍ ഇതിലെ കഥാപാത്രത്തെ കണ്ടെത്താന്‍ ആയേക്കും. ഇന്‍ഫര്‍മേഷന്‍ ഉണ്ടായിരിക്കുകയും എന്നാല്‍ തനിക്ക് "ഉപകാരം"  ഇല്ലാത്തതിനെ കണ്ടില്ലെന്ന്‍ നടിക്കുകയും ചെയ്യുന്ന, ഇന്‍ഫര്‍മേഷന്‍ ഏജിലെ ഒരു ഇടത്തരക്കാരന്‍. ഇത് കവിതയാണോ അതോ കഥയാണോ അല്ല രണ്ടും  കെട്ട  നപുംസകമാണോ എന്നൊന്നും നിശ്ചയം ഇല്ല. 



റേഡിയോ പാടുന്നുണ്ട്.



കാമുകനെ പിരിഞ്ഞവളുടെ
വിരഹം, തേങ്ങല്‍.
ജെന്നിഫര്‍ ലോപ്പെസ്, അലെയ്ഷാ കീയ്സ്, 
സെലീന്‍ ഡിയോണ്‍.. ആരോ!
ആര്‍ക്കറിയാം!


എയര്‍കണ്ടീഷണറുടെ മൂളല്‍
അലോസരപ്പെടുത്തുന്നുണ്ട്.
ഇടയ്ക്ക് അവതാരകന്‍ വരുന്നു.
വാര്‍ത്തകളും കാലാവസ്ഥയും
പങ്കു വയ്ക്കുന്നു,
തമാശകള്‍ ആവര്‍ത്തിക്കുന്നു, മടങ്ങുന്നു.


ഇനി രണ്ടു മിനിട്ട് പരസ്യങ്ങള്‍


മുന്നിലുള്ള കാറുകളിലൊന്നില്‍ നിന്ന്
ആരോ എത്തിയെത്തി നോക്കുന്നു.


ചാനല്‍ മാറ്റുന്നതാണ് നല്ലത്.
ക്ലാസിക്കല്‍ സ്റ്റേഷനായിക്കോട്ടെ.


ഒരു ഫയര്‍ എന്‍ജിന്‍
വടക്കോട്ട് അലച്ചു പാഞ്ഞു.
കാറിനോ ബസിനോ
അതല്ലെങ്കില്‍ ഏതോ വീടിനോ
തീ പിടിച്ചു കാണണം.


ഈയിടെയായി മുടിഞ്ഞ ട്രാഫിക്കാണ്!


ബെത്തോവന്‍റെ
"ഒമ്പതാം സിംഫണി" കഴിഞ്ഞു.
അവതാരകന്‍
സംഗീതത്തിന്‍റെ ചരിത്രം വിവരിക്കുന്നു.
ഇടിമുഴക്കം വന്ന് അടക്കം പറയുന്ന പോലെ.


ഇനി "ഗോള്‍ഡ്ബെര്‍ഗ് വേരിയേഷനു"കളാണ്.


കുറെയേറെ മുന്നിലുള്ള
ചില കാറുകളില്‍ നിന്ന്
ആരൊക്കെയോ എവിടേയ്ക്കോ
ഇറങ്ങി ഓടുന്നുണ്ട്.


എന്താണാവോ!


അമേരിക്കയിലെ സ്റ്റേഷനുകളില്‍
ക്രിക്കറ്റ് വാര്‍ത്തകളുണ്ടായിരുന്നെങ്കില്‍!
അന്ന് കോളേജിനടുത്ത് കട്ടാങ്കലില്‍
കളിക്കാന്‍ പോയത്
ഓര്‍മ്മ വരുന്നുണ്ട്.


ശശാങ്കന്‍ മാഷ് മരിച്ച ദിവസം‍.
ബസ്സ് കയറി. ചതഞ്ഞ്.
ഭാഗ്യത്തിന് കളി മുടങ്ങിയില്ല.
അന്നാണ് ടൂര്‍ണമെന്‍റ് നേടാനായത്.


ബോസിന്‍റെ അഭിപ്രായം
ക്രിക്കറ്റ് ഒരു മണ്ടന്‍ കളിയാണെന്നാണ്.
സായിപ്പല്ലേ!
ഒന്നു കളിച്ചു നോക്കാന്‍ 
വെല്ലുവിളിക്കാനാണ് തോന്നിയത്.
എന്തിനാ വെറുതേ...


ഓഫീസില്‍ ഇന്നും വൈകിയേക്കും.


തെക്കോട്ട് ഒരാംബുലന്‍സ്
ഓരിയിട്ടു പാഞ്ഞു.
പിന്നാലെ മറ്റൊന്ന്,
പിന്നെ മറ്റൊന്ന്, മറ്റൊന്ന് ...


ശവമടക്കിന്
മഞ്ചത്തിനു പിന്നാലെ
ആര്‍ത്തലച്ചു കരഞ്ഞു
പിന്തുടര്‍ന്നോടുന്ന
പെണ്ണുങ്ങളെ പോലെ!


ട്രാഫിക് നിരങ്ങി നീങ്ങിത്തുടങ്ങി.
നന്നായി.
സ്റ്റേഷന്‍ മാറ്റി നോക്കാം
ബ്ലൂംബെര്‍ഗ് വാര്‍ത്തകളായിക്കോട്ടെ.


ഓഹരി വിപണി തുറക്കാന്‍
ഇനി അധിക നേരമില്ല.

മേല്‍മീശ

അന്ന് സീനിയര്‍ "ഭീമന്‍" സുനിലിന്‍റെ മുന്നില്‍
മേല്‍മീശ വടിച്ച്, തല കുനിച്ച്,
ഓച്ഛാനിച്ചു നില്‍ക്കുമ്പോള്‍
എന്തൊരു നാണക്കേടായിരുന്നു!

ഇപ്പോ മാനേജര്‍ സായിപ്പിന്‍റെ മീറ്റിങ്ങിന്
കൂടെക്കൂടെ തലകുലുക്കിയിരിക്കുമ്പോള്‍
മീശയില്ലാത്ത എനിക്ക്
എന്തെന്നില്ലാത്ത അഭിമാനം തോന്നുന്നു.

കാലത്തിന്‍റെ ഓരോരോ തമാശകളേ!



  • കോണ്‍ടെക്സ്റ്റ്: മാര്‍ച്ച് 15, 2010 - ന് ഓഫീസിലിരുന്ന് എഴുതേണ്ടി വന്നത്
  • ഡിസ്ക്ലെയിമര്‍: ഇതിലെ നായകന്‍ ഞാനല്ല, എനിക്കു നല്ല വീരപ്പന്‍ മീശയുണ്ട്.
  • ഇന്‍സ്പിറേഷന്‍: "ബസ്" യാത്രയ്ക്കിടയില്‍ ആരോ മീശയെപ്പറ്റി പറയുന്നത് കേട്ടു.

പെണ്ണ്

ഞാന്‍ അബലയായിരുന്നില്ലല്ലോ

എന്‍റെ പേശികളില്‍ നിന്ന് ചോരയും
നെഞ്ചില്‍ നിന്ന് മുലപ്പാലും
വറ്റിപ്പോകുമ്പോള്‍

നീയല്ലേ ചപലയെന്നും
അബലയെന്നും
എനിക്കായി
കവിതയെഴുതിയത്?

നിലവിളക്കെന്ന് വിളിച്ച്
അകത്തളത്തില്‍
യക്ഷികള്‍ക്കൊപ്പം
കുടിയിരുത്തിയത്?

അമ്മേ എന്ന് വിളിച്ച
നാവുകള്‍ കൊണ്ട്
വയറു തുളച്ചു വന്നവരുടെ
അമ്മയാണ് ഞാന്‍

പഴികള്‍ തിന്നിരിക്കുന്ന
ചിലന്തിപ്പെണ്ണ്!

എനിക്ക് വേണ്ടത്
പൂജാദ്രവ്യങ്ങളോ പൂക്കളോ
വീതിച്ചു നല്‍കപ്പെട്ട
വോട്ടുകളോ ആയിരുന്നില്ല.

മുലപ്പാലിന്‍റെ നന്ദി.
കരി മൂടിയ തഴമ്പുകള്‍ക്ക് തലോടല്‍
തലയുയര്‍ത്തി നില്‍ക്കുമ്പോള്‍
ഒരു കൈത്താങ്ങ്.

ഞാന്‍ മൈഥിലിയല്ല.
വേണമെങ്കില്‍
കണ്ണകിയെന്ന് വിളിച്ചോളൂ.
എന്‍റെ കണ്ണീരിലെ ചോരപ്പാട്
തിരിച്ചറിഞ്ഞ കണ്ണന്റെ കൂട്ടുകാരി.

ചിരിക്കണ്ട, ഞാന്‍ സാവിത്രിയല്ല
വെറും പെണ്ണ്.

ഭൂമി പിളര്‍ന്ന് മറഞ്ഞ
ഗതികെട്ടവള്‍ക്കു മുന്നില്‍
പുഞ്ചിരിയൊതുക്കി
നില്‍ക്കുന്നവന്‍റെ
പേക്കിനാവ്.

പെണ്ണിന് ചിതകൂട്ടി
പെരുമയാളിക്കത്തിച്ച
മഹാത്മാക്കള്‍ക്കുള്ള
ശാപാസ്ത്രം.

മുഖക്കണ്ണാടി

ക്രൂരനായ ഒരു സുഹൃത്താണ്
മുഖക്കണ്ണാടി

ചിലപ്പോള്‍ മുഖക്കുരു കാട്ടിത്തന്ന്
അതെന്നെ പരിഹസിക്കുന്നു

പിന്നൊരിക്കല്‍ എന്‍റെ മുഖകാന്തിയെപറ്റി
വാനോളം പ്രശംസിക്കുന്നു.

മറ്റൊരിക്കല്‍ എന്‍റെ ജരയും നരയും കാട്ടി
സഹതപിക്കുന്നു.

എന്നിട്ടും ഒരു കാമുകിയോടെന്ന പോലെ
ഞാനെന്നും കണ്ണാടിയുടെ മുന്നിലെത്തുന്നു,
ആവേശത്തോടെ സല്ലപിക്കുന്നു.

എനിക്കറിയാഞ്ഞിട്ടല്ല,
മുഖക്കണ്ണാടി ക്രൂരനായ
സുഹൃത്താണെന്ന്.


ഇരുട്ടത്ത് കാതോര്‍ത്ത്...